പ്രമേഹ ബോധവത്കരണ വാക്കത്തോണില്‍ പങ്കെടുത്തത് അയ്യായിരത്തിലധികം പേര്‍

Posted on: November 19, 2017 9:40 pm | Last updated: November 19, 2017 at 9:40 pm
SHARE

ദോഹ: ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പ്രമേഹ ബോധവത്കരണ വാക്കത്തോണില്‍ വന്‍ ജനപങ്കാളിത്തം. ഖത്വര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള എജുക്കേഷന്‍ സിറ്റിയിലെ ഓക്‌സിജന്‍ പാര്‍ക്കില്‍ നടന്ന വാക്കത്തോണില്‍ നിരവധി കുടുംബങ്ങളും വ്യക്തികളും സ്‌കൂള്‍ വിദ്യാര്‍ഥികളും സംഘടനകളും പങ്കെടുത്തു. ഖത്വര്‍ ഡയബറ്റ്‌സ്് അസോസിയേഷന്റെ നേതൃത്വത്തില്‍ ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച എട്ടാമത് വാര്‍ഷിക വാക്കത്തോണില്‍ പങ്കെടുത്തത് അയ്യായിരത്തിലധികം പേരാണ്.

ഒന്നര കിലോമീറ്ററാണ് വാക്കത്തോണ്‍ നടത്തിയത്. പങ്കെടുക്കുന്നവര്‍ക്ക് നീല ടീഷര്‍ട്ടും തൊപ്പിയും സംഘാടകര്‍ നേരത്തെതന്നെ നല്‍കിയിരുന്നു. വാക്കത്തോണിനു മുന്‍പായി വാംഅപ്പ് സെഷനുമുണ്ടായിരുന്നു. തുടര്‍ന്ന് പ്രമേഹ ബോധവത്കരണത്തിന്റെ പ്രതീകാത്മക ചടങ്ങെന്ന നിലയില്‍ ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ഖത്വര്‍ സി ഒ ഒ സന്തോഷ് പൈയും ഖത്വര്‍ ഡയബറ്റ്‌സ് അസോസിയേഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്ല അല്‍ ഹമഖും ആകാശത്തേക്ക് നീല ബലൂണുകള്‍ പറത്തി.

തുടര്‍ന്നായിരുന്നു വാക്കത്തോണ്‍. സൗജന്യ പ്രമേഹ പരിശോധനയും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. അന്താരാഷ്ട്ര പ്രമേഹ ഫെഡറേഷന്റെ ഡയബറ്റിസ് അറ്റ്‌ലസിലെ പുതിയ കണക്കുകള്‍ പ്രകാരം 2040 ഓടെ ആഗോള തലത്തിലെ 415 ദശലക്ഷം പ്രമേഹ ബാധിതര്‍ എന്നത് 642 ദശലക്ഷം പ്രമേഹ ബാധിതരായി വര്‍ധിക്കും. ഇത്തരമൊരു സാഹചര്യത്തിലാണ് ലോകവ്യാപകമായി പ്രമേഹത്തിനെതിരെ ബോധവത്കരണം ശക്തമാക്കുന്നത്. രോഗത്തെ കുറിച്ചും അതിന്റെ അപകട സാധ്യതകളെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുകയായിരുന്നു ലക്ഷ്യം.

 

LEAVE A REPLY

Please enter your comment!
Please enter your name here