Connect with us

Gulf

ഖത്വറില്‍ മരണങ്ങളില്‍ 69 ശതമാനവും ഹൃദ്‌രോഗങ്ങള്‍ കാരണം

Published

|

Last Updated

ദോഹ: രാജ്യത്തു നടക്കുന്ന മരണങ്ങളില്‍ 69 ശതമാനവും സംഭവിക്കുന്നത് ദീര്‍ഘകാലമായുള്ള ഹൃദ്‌രോഗങ്ങളിലൂടെയാണെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ (പി എച്ച് സി സി) വിദഗ്ധര്‍. 23 ശതമാനം പേര്‍ മരിക്കുന്നത് വാഹനാപകടങ്ങളിലൂടെയാണെന്നും അന്താരാഷ്ട്ര പ്രഥമ ശുശ്രൂഷാ സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖത്വറിലെ 88 ശതമാനം കുട്ടികളുടെയും പല്ലുകള്‍ക്ക് പ്രശ്‌നമുണ്ട്. രാജ്യത്തെ ജനസംഖ്യയില്‍ 70 ശതമാനം പേരും അമിതഭാരമുള്ളവരുമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പൊതുജനങ്ങള്‍ക്ക് മികച്ച ആരോഗ്യ പരിചരണവും പ്രഥമ ശുശ്രൂഷയും നല്‍കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ സര്‍ക്കാര്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഖത്വര്‍ ഭരണനേതൃത്വം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിനും നവീകരണത്തിനുമായി വലിയ പ്രാധാന്യം നല്‍കുകയും വന്‍തോതില്‍ നിക്ഷേപം നടത്തുകയും ചെയ്യുന്നുണ്ടെന്ന് പി എച്ച് സി സി മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ മാലിക് പറഞ്ഞു. മികച്ച ആരോഗ്യ പരിചരണം നല്‍കുന്നതില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ആധാരശിലകളാണെന്ന് കുവൈത്തില്‍ നിന്നുള്ള ഡോ. അഹ്മദ് അല്‍ ശാത്തി അഭിപ്രായപ്പെട്ടു.

വ്യക്തികളുടെയും സമൂഹത്തിന്റെയും രാജ്യത്തിന്റെ തന്നെയും സുസ്ഥിര വികസനത്തില്‍ ആരോഗ്യകേന്ദ്രങ്ങള്‍ സുപ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ അല്‍ കുവാരിയുടെ രക്ഷാകര്‍തൃത്വത്തില്‍ പി എച്ച് സി സി സംഘടിപ്പിച്ച സമ്മേളനത്തില്‍ സര്‍ജിക്കല്‍ സ്‌കില്‍സ്, നീ ആന്‍ഡ് ഷുല്‍ഡര്‍ എക്‌സാമിനേഷന്‍, കുട്ടികളിലെ ഓട്ടിസം കണ്ടെത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ ശില്‍പ്പശാലകളും ചര്‍ച്ചകളും നടന്നു.

വിവിധ രാജ്യങ്ങളില്‍ നിന്നാണ് എഴുനൂറിലധികം വിദഗ്ധരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. പ്രഥമശുശ്രൂഷാ വിദഗ്ധര്‍, സര്‍ജന്‍മാര്‍, ഫിസിഷ്യന്‍മാര്‍, ഹെല്‍ത്ത് പ്രാക്ടീഷണര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു.

 

---- facebook comment plugin here -----

Latest