ആളോഹരി സാമ്പത്തിക വരുമാനത്തില്‍ ലോകരാജ്യങ്ങളില്‍ ഖത്വര്‍ ഒന്നാമത്

Posted on: November 19, 2017 8:46 pm | Last updated: November 19, 2017 at 8:46 pm
SHARE

ദോഹ: പൗരന്‍മാരുടെ ആളോഹരി വരുമാനം പരിഗണിച്ച് ലോകത്തെ മുന്‍നിര ധനിക രാജ്യമായി ഖത്വര്‍. ഇന്റര്‍ നാഷനല്‍ മോണിറ്ററി ഫണ്ട് (ഐ എം എഫ്) പുതിയ റിപ്പോര്‍ട്ടിലാണ് മിഡില്‍ ഈസ്റ്റിലെ ചെറിയ രാജ്യമായ ഖത്വര്‍ സാമ്പത്തിക പ്രതാപത്തില്‍ മൂന്നിലെത്തിയത്. വന്‍ തോതിലുള്ള ഊര്‍ജ സ്രോതസ്സും ആഭ്യന്തര ഉത്പാദന മികവിലൂടെയുള്ള ആളോഹരി സമ്പത്തും കണക്കിലെടുത്താണ് റിപ്പോര്‍ട്ട്.

ചെറിയ ജനസംഖ്യയും മികച്ച തൊഴിലാളി ശേഷിയുമുള്ള യൂറോപ്യന്‍ രാജ്യമായ ലക്‌സംബര്‍ഗ് ഗ്രാബ്‌സ് ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. അമേരിക്കക്ക് പന്ത്രണ്ടാം സ്ഥാനമാണുള്ളത്. സിംഗരരപ്പൂരാണ് മൂന്നാമത്. ബ്രൂണേ, അയര്‍ലന്‍ഡ് രാജ്യങ്ങള്‍ നാലും അഞ്ചും സ്ഥാനത്തെത്തി. അതേസമയം, പട്ടികയില്‍ ആദ്യ നൂറില്‍ പോലും ഇടം പിടിക്കാന്‍ ഇന്ത്യക്കായിട്ടില്ല. ഇന്ത്യക്കാരുടെ പ്രതിശീര്‍ഷ വരുമാനം നാലു ലക്ഷം രൂപമാത്രമാണ്. ഖത്വര്‍ പൗരന്‍മാരുടെത് 81 ലക്ഷം രൂപയാണ്. നോര്‍വേ, യു എ ഇ, സ്വിറ്റ്‌സര്‍ലാന്‍ഡ്, കുവൈത്ത് എന്നീ രാജ്യങ്ങളും ആദ്യ പതിനഞ്ചില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പട്ടികയില്‍ ഏഴാമതുള്ള കുവൈത്തിനു ശേഷമാണ് യു എ ഇ. അമേരിക്കക്കു തൊട്ടു പിറകേ പതിമൂന്നാമതാണ് സഊദി അറേബ്യ. പട്ടികയില്‍ മുന്നിലെത്തിയ രാജ്യങ്ങള്‍ക്കെല്ലാം മികച്ച എണ്ണ സമ്പത്ത്, നിക്ഷേപം, ശക്തമായ ബേങ്കിംഗ് തുടങ്ങിയവയിലേതെങ്കിലും ഒന്ന് ഉണ്ട് എന്നതാണ് സാമ്പത്തിക മികവിനു കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസം ലഭ്യമായ കണക്കുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഐ എം എഫ് റാങ്കിംഗ് പട്ടിക പുറത്തിറക്കിയത്. ആളോഹരി ആഭ്യന്തര ഉത്പാദന വളര്‍ച്ച, പര്‍ച്ചേസിംഗ് പവര്‍, രാജ്യത്തെ കറന്‍സിയും സാധനങ്ങളുടെ വിലയും തുടങ്ങിയ ഘടകങ്ങള്‍ താരതമ്യ പഠനത്തിനു വിധേയമാക്കിയാണ് റാങ്കിംഗ് പട്ടിക തയാറാക്കുന്നത്.