Connect with us

International

റോബര്‍ട്ട് മുഗാബെയെ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കി

Published

|

Last Updated

ഹരാരെ: പട്ടാളം വീട്ടുതടങ്കലിലാക്കിയിട്ടും പ്രസിഡന്റ് പദം ഒഴിയാന്‍ വിസമ്മതിച്ച സിംബാവെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയെ സാനു-പിഎഫ് പാര്‍ട്ടിയുടെ ഔദ്യോഗിക പദവികളില്‍ നിന്ന് നീക്കം ചെയ്തു.

37 വര്‍ഷം നീണ്ട റോബര്‍ട്ട് മുഗാബെ യുഗത്തിനാണ് സാനു- പിഎഫ് പാര്‍ട്ടി അന്ത്യം കുറിച്ചത്. മുന്‍ വൈസ് പ്രസിഡന്റ് എമേഴ്‌സന്‍ നന്‍ഗാഗ്വയാണു പാര്‍ട്ടിയുടെ പുതിയ നേതാവ്.

പാര്‍ട്ടി വനിതാവിഭാഗം അധ്യക്ഷപദവിയില്‍നിന്നു മുഗാബെയുടെ ഭാര്യ ഗ്രേസിനെയും പുറത്താക്കി. മുഗാബെയെ ചൊവ്വാഴ്ച മുതല്‍ സൈന്യം വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

വെളളിയാഴ്ച പ്രസിഡന്റ് മുഗാബെയുടെ രാജിയാവശ്യപ്പെട്ട് കൂറ്റന്‍ റാലിയാണ് രാജ്യത്ത് നടന്നത്. കോളനിവാഴ്ചയില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ച് നീണ്ട 37 വര്‍ഷം ഭരണം നടത്തിയ നേതാവ് അധികാരം വിട്ടൊഴിയണമെന്ന ബാനറുകള്‍ ഉയര്‍ത്തിയാണ് പതിനായിരക്കണക്കിനാളുകള്‍ തലസ്ഥാന നഗരമായ ഹരാരെയിലെ തെരുവിലിറങ്ങിയത്.

വിശ്വാസവഞ്ചനക്കുറ്റം ആരോപിച്ചാണ് 75കാരനായ നന്‍ഗാഗ്വയെ പുറത്താക്കിയത്. നന്‍ഗാഗ്വയ്ക്കു പകരം ഭാര്യ ഗ്രേസിനെ അധികാര കേന്ദ്രത്തിലേക്കു കൊണ്ടുവന്ന് തനിക്കുശേഷം പ്രസിഡന്റാക്കാന്‍ മുഗാബെ ശ്രമം നടത്തിയിരുന്നു. മുഗാബെയുടെ ഓഫിസില്‍ സെക്രട്ടറിയായി വന്ന്, ഒടുവില്‍ പ്രഥമവനിതയായ വ്യക്തിയാണ് 52കാരി ഗ്രേസ് മുഗാബെ.

അതിനിടെ, 37 വര്‍ഷമായി അധികാരക്കസേരയില്‍ തുടരുന്ന തൊണ്ണൂറ്റിമൂന്നുകാരനായ മുഗാബെയെ അധാകരത്തില്‍ നിന്നും പുറത്താക്കിയതിന്റെ ആഹ്ലാദത്തിലാണ് രാജ്യം. മുഗാബെയെ വീട്ടുതടങ്കലിലാക്കിയതിനെ അനുകൂലിച്ച് വലിയ പ്രകടനങ്ങള്‍ രാജ്യത്തെമ്പാടും നടന്നു.

---- facebook comment plugin here -----

Latest