Connect with us

Editorial

ദേവസ്വം സ്ഥാപനങ്ങളിലെ സാമ്പത്തിക സംവരണം

Published

|

Last Updated

ദേവസ്വം സ്ഥാപനങ്ങളിലെ  സാമ്പത്തിക സംവരണം സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങളിലെ നിയമനത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള പിണറായി സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ പിന്നാക്ക, മത ജാതി വിഭാഗങ്ങളില്‍ അമര്‍ഷം പുകയുകയാണ്. ഇതിനെതിരെ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് എസ് എന്‍ ഡി പി ഉള്‍പ്പെടെ പിന്നാക്ക ജാതി സംഘടനകള്‍. ദേവസ്വം ബോര്‍ഡില്‍ മാത്രമല്ലേ സംവരണമേര്‍പ്പെടുത്തിയത്; ഇതില്‍ ഇത്രമാത്രം ആശങ്കിക്കാനെന്തുണ്ടെന്നാണ് വിമര്‍ശകരോട് ഇടതു നേതൃത്വത്തിന്റെ ചോദ്യം

. ക്ഷേത്രങ്ങളിലെ അബ്രാഹ്മണ ശാന്തി നിയമനം മുന്നാക്ക സമുദായങ്ങളിലുണ്ടാക്കിയ പ്രതിഷേധം തണുപ്പിക്കാനാണ് ദേവസ്വത്തിലെ സാമ്പത്തിക സംവരണമെന്ന് എല്‍ ഡി എഫ് നേതാക്കള്‍ അടക്കം പറയുന്നുവെങ്കിലും ഇത് ദേവസ്വത്തില്‍ മാത്രം ഒതുങ്ങില്ലെന്നും എല്ലാ സര്‍ക്കാര്‍ സര്‍വീസിലും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കമായവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമെന്നും  മുഖ്യമന്ത്രി  പത്രസമ്മേളനത്തില്‍ വെട്ടിത്തുറന്നു പറഞ്ഞതാണ്. മാത്രമല്ല, ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടു വരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കെ, സമുദായ സംവരണമല്ല വേണ്ടത് സാമ്പത്തിക സംവരണമാണെന്ന ഇടതു സര്‍ക്കാറിന്റെ നയം പ്രാവര്‍ത്തികമാക്കുന്നതിന്റെ തുടക്കമാണിതെന്ന് മനസ്സിലാക്കാവുന്നതാണ്. ഇതാണ് പിന്നാക്ക സമുദായങ്ങളെയും ജാതികളെയും ആശങ്കയിലാക്കുന്നതും.ജാതിമേലാളന്മാരുടെ  അടിച്ചമര്‍ത്തലുകള്‍ക്കും അവസര നിഷേധത്തിനും വിധേയരായ അടിസ്ഥാന ജനവിഭാഗങ്ങളും ചരിത്രപരമായ കാരണങ്ങളാല്‍ വിദ്യാഭ്യാസ തൊഴില്‍ രംഗത്ത് പിന്തള്ളപ്പെട്ട പിന്നാക്ക സമുദായങ്ങളും പ്രക്ഷോഭങ്ങളിലൂടെയും ഭരണഘടനാധിഷ്ഠിത ജനാധിപത്യ മാര്‍ഗം  ഉപയോഗപ്പെടുത്തിയും നേടിയെടുത്തതാണ് ജാതി, സാമുദായിക സംവരണം.

ജാതി, സാമൂഹിക വൈജാത്യങ്ങളുള്ള നമ്മുടെ രാജ്യത്ത് മുഴുവന്‍ വിഭാഗങ്ങള്‍ക്കും അധികാര നിര്‍വഹണത്തില്‍ പങ്കാളിത്തമുണ്ടാകേണ്ടത് രാജ്യപുരോഗതിക്കും അതിന്റെ നിലനില്‍പ്പിന് തന്നെയും അത്യന്താപേക്ഷിതമാണെന്ന രാഷ്ട്ര നായകരുടെയും ഭരണഘടനാ ശില്‍പ്പികളുടെയും തിരിച്ചറിവിലൂടെയാണ് ഭരണഘനാദത്തമായ ഒരു അവകാശമായി ഇത് അംഗീകരിക്കപ്പെട്ടത്. സാമൂഹിക സമത്വമോ ദളിത് പിന്നാക്കക്കാരുടെ ഉന്നമനമോ ഉറപ്പാകുന്നത് വരെ സംവരണം തുടരും എന്നും ധാരണയായതാണ്. ഏഴ് പതിറ്റാണ്ടോളം പിന്നിട്ടിട്ടും ജാതി, സാമുദായിക പിന്നാക്കക്കാരുടെ അവസ്ഥക്ക് കാര്യമായി മാറ്റം വന്നിട്ടില്ല. മുപ്പത്  ശതമാനം വരുന്ന സവര്‍ണരാണ് ഇന്നും 70 ശതമാനം വരുന്ന അധികാര പദവികള്‍ കൈയാളുന്നത്. സര്‍ക്കാര്‍ സര്‍വീസിലും അവരാണ് മഹാഭൂരിപക്ഷം. പിന്നാക്ക ജാതിക്കാര്‍ക്ക് ഈ മേഖലകളില്‍ കുറഞ്ഞ തോതിലെങ്കിലും കടന്നു കൂടാനാകുന്നത് ജാതി സംവരണം നിലവിലുള്ളതു കൊണ്ടാണ.്  ജാതി സംവരണത്തെ അട്ടിമറിക്കുക എന്ന സംഘ് പരിവാര്‍ അജന്‍ഡയുടെ ഭാഗമാണ് യഥാര്‍ഥത്തില്‍ സാമ്പത്തിക സംവരണം എന്ന ആശയം. ജാതി, സമുദായ പരിഗണന കൂടാതെ എട്ട് ലക്ഷം രൂപക്ക് താഴെ വാര്‍ഷിക വരുമാനമുള്ള ഏതൊരു കുടുംബത്തിനും സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നാണ് ബി ജെ പി ആഗ്രഹിക്കുന്നതെന്നാണ് ഇതിനിടെ കേന്ദ്ര സാമൂഹിക ക്ഷേമ ശാക്തീകരണ സഹമന്ത്രി രാംദാസ് അതാവാലെ പ്രസ്താവിച്ചത്. മഹാരാഷ്ട്രയിലെ മറാത്തികള്‍, ഗുജറാത്തിലെ പട്ടേല്‍മാര്‍, ഹരിയാനയിലെ ജാട്ടുകള്‍, കേരളത്തിലെ നമ്പൂതിരി, നായര്‍ സമുദായങ്ങള്‍ തുടങ്ങിയവരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കെല്ലാം സംവരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.

യഥാര്‍ഥത്തില്‍ ഇത് നടേപറഞ്ഞ ജാതിക്കാരോടുള്ള സ്‌നേഹമല്ല, ജാതി സംവരണം അട്ടിമറിക്കാനുള്ള തന്ത്രപരമായ നീക്കമാണ്. ഇക്കാലമത്രയും ചാതുര്‍വര്‍ണ്യ വ്യവസ്ഥയിന്മേല്‍ അടിച്ചമര്‍ത്തപ്പെട്ട പിന്നാക്കക്കാര്‍ ഇനിയും അതേ അവസ്ഥയില്‍ തന്നെ തുടരണമെന്നാണ് സവര്‍ണരുടെ മനസ്സിലിരിപ്പ്. ഭരണ, ഉദ്യോഗസ്ഥ മേഖലയില്‍ കീഴ്ജാതിക്കാരുടെ മുന്നേറ്റം അവര്‍ ഇഷ്ടപ്പെടുന്നില്ല. ഭരണ ഘടനാ ഭേദഗതിയിലൂടെ ജാതി സംവരണം ഇല്ലാതാക്കാനുള്ള ആലോചനയിലാണ് മോദി സര്‍ക്കാറെന്നാണ്  റിപ്പോര്‍ട്ട്. അവരുടെ നീക്കത്തെ സഹായിക്കുന്നതാണ് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സംവരണം.സംവരണം ഏര്‍പ്പെടുത്താന്‍ മാത്രം പ്രാതിനിധ്യക്കുറവ് സംസ്ഥാന ദേവസ്വം ബോര്‍ഡുകളില്‍ മുന്നാക്ക സമുദായക്കാര്‍ക്കില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ 90 ശതമാനം മുന്നാക്ക സമുദായത്തില്‍പ്പെട്ടവരും ആറ് ശതമാനം മാത്രം ഈഴവ സമുദായത്തില്‍ നിന്നുള്ളവരുമാണ്. അവിടെ മുന്നാക്ക സമുദായക്കാര്‍ക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കുമ്പോള്‍ ജനസംഖ്യയില്‍ 12 ശതമാനം വരുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണവും 27 ശതമാനം വരുന്ന ഈഴവസമുദായത്തിന് 17 ശതമാനം സംവരണവും എന്ന നിലയിലാകും. അഥവാ ദേവസ്വത്തിലെ പിന്നാക്ക ജാതിക്കാരുടെ പ്രാതിനിധ്യം പിന്നെയും കുറയും.  മുന്നാക്ക- പിന്നാക്ക വിഭാഗങ്ങള്‍ തമ്മിലുള്ള അന്തരം കൂടുതലാവുകയും ചെയ്യും. അതിലുപരി പിന്നാക്ക സമുദായക്കാരുടെ എതിര്‍പ്പിനെ ഭയന്ന് ഇതുവരെ സാമ്പത്തിക സംവരണത്തിന് മുതിരാതിരുന്ന ഉത്തരേന്ത്യയിലെ  ബി ജെ പി സര്‍ക്കാറുകള്‍ക്ക് അത് നടപ്പാക്കാനുള്ള ധൈര്യവും ഇത് നല്‍കും. ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുന്ന ഇത്തരമൊരു നീക്കം പിണറായി സര്‍ക്കാറില്‍ നിന്ന് തീരെ പ്രതീക്ഷിച്ചതല്ല.

Latest