Connect with us

Articles

സിംബാബ്‌വെ ജനത പട്ടാളത്തെ വിളിച്ചതെന്തിന്?

Published

|

Last Updated

“വെളുത്ത കാറിന് കറുത്ത ടയര്‍ ഉള്ളിടത്തോളം വംശീയത തുടര്‍ന്നു കൊണ്ടിരിക്കും. വെളുപ്പ് സമാധാനത്തിന്റെയും കറുപ്പ് അശാന്തിയുടെയും പ്രതീകമായി നില്‍ക്കുവോളം വംശീയത തുടര്‍ന്നു കൊണ്ടിരിക്കും. വിവാഹത്തിന് വെളുത്ത വസ്ത്രവും ദുഃഖസൂചകമായി കറുത്ത തൂവാലയും ഉപയോഗിക്കുന്നിടത്തോളം വംശീയത അവസാനിക്കാന്‍ പോകുന്നില്ല. പക്ഷേ എന്റെ കറുത്ത ആസനം വൃത്തിയാക്കാന്‍ വെളുത്ത ടോയിലറ്റ് പേപ്പര്‍ ഉപയോഗിക്കുന്ന കാലത്തോളം ഞാനതൊന്നും കാര്യമാക്കുന്നില്ല”- വല്ലാതെ ആഘോഷിക്കപ്പെട്ട ഈ വാക്യങ്ങള്‍ പറഞ്ഞത് സിംബാബ്‌വേ പ്രസിഡന്റ്‌റോബര്‍ട്ട് മുഗാബെയാണ്. ഈ 93 കാരന്‍ പക്ഷേ, ഇന്ന് സാങ്കേതികമായി മാത്രമാണ് തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വേ പ്രസിഡന്റായിരിക്കുന്നത്. ആഫ്രിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും കൗശലപൂര്‍ണമായ അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും സൈന്യം നിശ്ചയിച്ച വീട്ടുതടങ്കലില്‍ കഴിയുകയും ചെയ്യുകയാണ് മുഗാബെ. ആഫ്രിക്കന്‍ വന്‍കരയിലെ ഏറ്റവും ഉയര്‍ന്ന സാക്ഷരതയും ഏറ്റവും വിശാലമായ പ്രകൃതി വിഭവ ശേഖരവും ഏറെക്കുറെ ജനാധിപത്യം കൈവന്ന ജനതയുമുള്ള സിംബാബ്‌വേ സങ്കീര്‍ണമായ സംഭവവികാസങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ഒരു കാലത്ത് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഗറില്ലാ യുദ്ധം നയിച്ച നേതാവ് അധികാര പ്രമത്തതയുടെ ഇരുട്ടിലേക്ക് സഞ്ചരിക്കുകയും ഏറ്റവും ഒടുവില്‍ അധികാരം കുടുംബ സ്വത്താക്കാന്‍ കുടില തന്ത്രങ്ങള്‍ മെനയുകയും ചെയ്തപ്പോള്‍ പട്ടാള ബാരക്കില്‍ നിന്ന് സൈന്യം പാര്‍ലിമെന്റിലേക്കും പ്രസിഡന്റ് കൊട്ടാരത്തിലേക്കും ചെന്നു. തെരുവുകള്‍ അവരുടെ നിയന്ത്രണത്തിലായി. ദേശീയ ഗാനത്തിന് പകരം സൈനിക വിജയ ഗീതം മുഴങ്ങി. എന്നിട്ടും ജനങ്ങള്‍ സൈന്യത്തിനെതിരെയല്ല പ്രതികരിക്കുന്നത്. അവര്‍ക്ക് സിവിലിയന്‍ ഭരണം മടുത്തിരിക്കുന്നു. സൈന്യമെങ്കില്‍ സൈന്യം. രാജ്യം ആത്യന്തിക പതനത്തില്‍ നിന്ന് രക്ഷപ്പെടട്ടേ എന്നാണ് അവരുടെ ചിന്ത. വംശീയതക്കും സാമ്രാജ്യത്വത്തിനും മൂലധന ശക്തികള്‍ക്കുമെതിരെ ധീരമായി പോരാടിയ റോബര്‍ട്ട് മുഗാബെ ചരിത്രത്തിലെ തിളക്കങ്ങളത്രയും സ്വയം മായ്ച്ച് കളഞ്ഞ് സ്വേച്ഛാധിപതിയായ കടല്‍ക്കിഴവനായ പിടിയിറങ്ങുകയാണ്. അധികാരത്തില്‍ കടിച്ച് തൂങ്ങാനുള്ള എല്ലാ വഴികളുമടഞ്ഞ് അപഹാസ്യനായി, ഒരു കാലത്ത് പിന്തുണച്ച പാശ്ചാത്യ ശക്തികളും ചര്‍ച്ചും എല്ലാം കൈയൊഴിഞ്ഞ് തിരസ്‌കൃതനായാണ് മുഗാബെയുടെ മടക്കം. സിംബാബ്‌വേയിലെ അടുത്ത ഉദയം ആരായിരിക്കും? അതോ നിതാന്തമായ സംഘര്‍ഷത്തിന്റെ കാളരാത്രിയാണോ അങ്ങേയറ്റം ദരിദ്രമായി കഴിഞ്ഞ ഈ രാജ്യത്തെ കാത്തിരിക്കുന്നത്?

നടന്നത് അട്ടിമറിയല്ലെന്ന് വരുത്താനുള്ള മിടുക്ക് സൈനിക മേധാവി ജനറല്‍ കോസ്റ്റാന്റിനോ ചിവാങ്കേ പുറത്തെടുത്തിട്ടുണ്ട്. അതിന്റെ ഭാഗമായാണ് അജ്ഞാത കേന്ദ്രത്തിലായിരുന്ന മുഗാബെ തലസ്ഥാനമായ ഹരാരെയിലെ സര്‍വകലാശാലാ ഹാളില്‍ പ്രത്യക്ഷപ്പെട്ടത്. ബിരുദദാന ചടങ്ങില്‍ അദ്ദേഹമെത്തി. പക്ഷേ സന്തത സഹചാരിയായ രണ്ടാം ഭാര്യ ഗ്രെയിസ് മുഗാബെയില്ല. ചുറ്റുമുണ്ടാകാറുള്ള മറ്റ് അനുയായി വൃന്ദവുമില്ല. ക്യാമറ കാണുന്നിടത്തില്ലെങ്കിലും മുഗാബെയുടെ ചലനങ്ങളത്രയും കാണാന്‍ പാകത്തില്‍ ചാരത്ത് തന്നെ ആയുധധാരികളായി സൈനികരുണ്ടായിരുന്നു. പ്രസിഡന്റായി ആരെയും സൈന്യം വാഴിച്ചിട്ടില്ലെന്നതും കൗശലത്തിന്റെ ഭാഗമാണ്. മുഗാബെ പുറത്താക്കിയ വൈസ് പ്രസിഡന്റ് എമേഴ്‌സണ്‍ നാന്‍ഗാഗ്വായെ തത്സ്ഥാനത്ത് നിയോഗിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. സൈന്യത്തിന്റെ ആശീര്‍വാദത്തോടെ പ്രതിപക്ഷ നേതാവ് സാവന്‍ഗിരി വിദേശത്ത് നിന്ന് മടങ്ങിയെത്തിയിട്ടുണ്ട്. തെരുവുകളില്‍ കൂറ്റന്‍ മുഗാബെ വിരുദ്ധ റാലികള്‍ നടക്കുന്നുമുണ്ട്. ഫലം വ്യക്തം. 37 വര്‍ഷം നീണ്ട മുഗാബെ യുഗം അവസാനിക്കുകയാണ്.

പ്രധാനമന്ത്രിയായി തുടങ്ങി, ഭരണഘടനാ ഭേദഗതിയിലൂടെ പ്രസിഡന്റായി, പ്രതിപക്ഷത്തിന് മേല്‍ക്കൈ കിട്ടിയിട്ടും ഒഴിഞ്ഞു കൊടുക്കാതെ 1980 മുതല്‍ അധികാരം കൈയാളുന്ന റോബര്‍ട്ട് മുഗാബെയുടെ സ്വേച്ഛാധിപത്യ, സ്വജനപക്ഷപാത സമീപനം തന്നെയാണ് ഇന്നത്തെ പ്രതിസന്ധിയുടെ അടിസ്ഥാനകാരണം. അദ്ദേഹത്തിന്റെ സാനു പി എഫ് പാര്‍ട്ടിയിലെ അന്തഃസംഘര്‍ഷങ്ങളും കാരണമാണ്. തന്നേക്കാള്‍ നാല്‍പ്പത് വയസ്സ് കുറവുള്ള രണ്ടാം ഭാര്യ ഗ്രെയ്‌സ് മുഗാബെക്ക് അധികാരം കൈമാറാനുള്ള കുതന്ത്രങ്ങളാണ് യഥാര്‍ഥത്തില്‍ വിനയായത്. ടൈപ്പിസ്റ്റായിരുന്നു ഈ 52കാരി. അന്ന് അവര്‍ ജീവകാരുണ്യ പ്രവര്‍ത്തകയായിരുന്നു. മഹത്തായ മൂല്യങ്ങളില്‍ വിശ്വസിച്ചിരുന്ന കാലത്ത് അവര്‍ മുഗാബെയുടെ ആരാധികയും പിന്നീട് ജീവിതസഖിയുമായി. പിന്നെ മുഗാബെയും ഗ്രെയിസും ഒരു പോലെ മാറി. ഗ്രെയിസ് ബിസിനസ്സുകാരിയായി. ആഡംബരഭ്രമത്തിന്റെ ആള്‍രൂപമായി അവര്‍. അങ്ങനെയാണ് അവര്‍ ഗുച്ചി ഗ്രെയിസ് എന്ന് വിളിപ്പേര് സമ്പാദിച്ചത്. പാര്‍ട്ടിയിലേക്ക് ഗ്രെയിസ് നുഴഞ്ഞ് കയറി. വനിതാ സംഘടനയുടെ തലപ്പത്തെത്തി. ഒടുവില്‍ രാജ്യത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് അവരെ അവരോധിക്കാനായിരുന്നു മുഗാബെയുടെ പരിപാടി. തുടര്‍ന്ന് പ്രസിഡന്റിന്റെ കസേരയിലും. സ്വാതന്ത്ര്യ സമര കാലത്ത് തന്റെ ഇഴപിരിയാത്ത സുഹൃത്തും എല്ലാ ക്രൂരതകള്‍ക്കും കൂട്ടുനിന്നയാളുമായ നാന്‍ഗാഗ്വയെ അതിനായി പുറത്താക്കി. ഈ ഘട്ടമെത്തിയപ്പോഴാണ് സൈന്യം രംഗപ്രവേശം ചെയ്തത്.

മുഗാബേ വാഴ്ചയുടെ അന്ത്യം കുറിക്കുമ്പോള്‍ സിബാബ്‌വേക്ക് ആരായിരുന്നു ഈ മനുഷ്യന്‍ എന്ന് ഓര്‍മിച്ചെടുക്കേണ്ടതാണ്. ഘാനയിലെ ക്വാമെ എന്‍ക്രൂമക്കും ദ. ആഫ്രിക്കയിലെ നെല്‍സണ്‍ മണ്ടേലക്കും ഗാന്ധിജിക്കും ഒപ്പമായിരുന്നു ആഫ്രിക്കക്കാര്‍ റോബര്‍ട്ട് മുഗാബെയെ പ്രതിഷ്ഠിച്ചത്. മുഗാബെക്കാകട്ടേ ഇവര്‍ ഗുരുസ്ഥാനീയരായിരുന്നു. ദക്ഷിണാഫ്രിക്കയിലെ പഠനം കഴിഞ്ഞെത്തിയ മുഗാബെ കാണുന്നത് സ്വന്തം രാജ്യം വൈദേശികാധിപത്യത്തിലും വര്‍ണ വിവേചനത്തിലും ചൂഷണത്തിലും ഞെരിഞ്ഞമരുന്നതാണ്. ഇയാന്‍ സ്മിത്തിന്റെ സേച്ഛാധിപത്യ ഭരണകൂടത്തിനെതിരെ മുഗാബെയിലെ യുവാവ് സമരോത്സുകനായി. സമാനമനസ്‌കരെ ചേര്‍ത്ത് രഹസ്യ സേനയുണ്ടാക്കി. ഗറില്ലാ സമരമുറയായിരുന്നു മാര്‍ഗം. പിന്നീട് സിംബാബ്‌വേ ആഫ്രിക്കന്‍ നാഷനല്‍ യൂനിയന്‍ (സാനു പാര്‍ട്ടി) രൂപവത്കരിച്ചു. ബുദ്ധിയുള്ള ഗറില്ലയെന്ന് വിളിക്കപ്പെട്ട മുഗാബെ ധീരവും തുടര്‍ച്ചയുള്ളതുമായ സമര മാതൃകയാണ് കാഴ്ചവെച്ചത്. പത്ത് വര്‍ഷം ജയിലില്‍ കിടന്നു. അന്ന് അദ്ദേഹത്തോടൊപ്പം പോരാടുകയും ജയിലില്‍ കിടക്കുകയും ചെയ്തയാളാണ് ഇന്ന് പുറത്താക്കപ്പെട്ട വൈസ് പ്രസിഡന്റ് എമേഴ്‌സണ്‍ നാന്‍ഗാഗ്വ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് സമാനമായി സിംബാബ്‌വേയിലും പല സംഘങ്ങള്‍ സമാന്തരമായി പോരാട്ടത്തിലേര്‍പ്പെടുന്നുണ്ടായിരുന്നു. സിംബാബ്‌വേ ആഫ്രിക്കന്‍ പീപ്പിള്‍സ് യൂനിയന്‍ ഇക്കൂട്ടത്തില്‍ വന്‍ ജനസ്വാധീനമുള്ള പാര്‍ട്ടിയായിരുന്നു. ജോഷ്വ എന്‍കോമോ ആയിരുന്നു അതിന്റെ നേതാവ്. 1970കളില്‍ ശക്തിയാര്‍ജിച്ച പോരാട്ടത്തിനൊടുവില്‍ 1980ല്‍ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് മോചിതമാകുമ്പോള്‍ സിംബാബ്‌വേയെന്ന വിഭവ സമൃദ്ധമായ രാജ്യത്തിന്റെ ഭാവി ഭാഗധേയം നിര്‍ണയിക്കാനുള്ള ഉത്തരവാദിത്വം ചരിത്രത്തില്‍ വേരുകളുള്ള സാനു പാര്‍ട്ടിയുടെയും പീപ്പിള്‍സ് യൂനിയന്റെയും ചുമലില്‍ വന്ന് പതിച്ചു. ഈ ഘട്ടത്തിലാണ് ഈ രണ്ട് പാര്‍ട്ടികളും ലയിച്ച് സാനു -പി എഫ് പാര്‍ട്ടി രൂപവത്കൃതമാകുന്നത്. 1980ല്‍ തന്നെ മുഗാബെ പ്രധാനമന്ത്രിയായി. ജോഷ്വ മന്ത്രിസഭാംഗവും.

ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍, ഈ ലയനം അനിവാര്യമായിരുന്നോ? അത് ദീര്‍ഘകാലത്ത് രാജ്യത്തിന് ഗുണകരമായോ എന്ന ചോദ്യം പ്രസ്‌ക്തമാണ്. സത്യത്തില്‍ ലയനം രാജ്യത്തെ ഏകകക്ഷി ഭരണത്തിലേക്ക് തള്ളിവിടുകയാണ് ചെയ്തത്. ഇത് അധികാര പ്രമത്തതക്ക് വഴി വെക്കുകയും ചെയ്തു. അതേസമയം, ലയനത്തിലൂടെ സാധ്യമാകേണ്ടിയിരുന്ന ദേശീയ ഐക്യം നടന്നതുമില്ല. ആഫ്രിക്കയുടെ തീരാശാപമെന്നോ നിഷ്‌കളങ്ക സഹജഭാവമെന്നോ വിളിക്കാവുന്ന ഗോത്രക്കലിപ്പിന് ഒരു ശമനവുമുണ്ടായില്ല. മുഗാബെയുടെ ഷോനാ ഗോത്രവും എന്‍കോമോയുടെ എന്‍ബേലേ ഗോത്രവും നിരവധി തവണ ഏറ്റുമുട്ടി. ഇരുവരും അധികാരം ഉപയോഗിച്ച് താന്താങ്ങളുടെ ഗോത്രങ്ങളെ പിന്തുണക്കാന്‍ ശ്രമിച്ചതോടെ ചോരപ്പുഴയൊഴുകി. രാജ്യത്തിന്റെ വികസനം സ്തംഭിച്ചു. ഭരണഘടനാ ഭേദഗതിയിലൂടെ റോബര്‍ട്ട് മുഗബേ 1987ല്‍ പ്രസിഡന്റ് പദവിയിലെത്തിയപ്പോള്‍ കത്തോലിക്കാ സഭയുടെ സമ്മര്‍ദ ഫലമായി എന്‍കോമോ വൈസ് പ്രസഡന്റായി. 1917ലെ സോവിയറ്റ് വിപ്ലവത്തെ ഊറ്റത്തോടെ സ്മരണയിലാവാഹിച്ച് സമരവഴിയിലിറങ്ങിയ മുഗാബേ തുടക്കത്തില്‍ മോസ്‌കോയുടെ സാമന്തനായാണ് ഭരിച്ചത്. സോഷ്യലിസ്റ്റ് തത്വശാസ്ത്രം അദ്ദേഹത്തിന്റെ എല്ലാ നയങ്ങളിലും പ്രതിഫലിച്ചു. വെള്ളക്കാരില്‍ നിന്ന് ഭൂമി പിടിച്ചെടുക്കുന്നതടക്കമുള്ള നയങ്ങള്‍ അങ്ങനെയാണ് വന്നത്. സോവിയറ്റ് തകര്‍ച്ച മുഗാബേയെ പാശ്ചാത്യ ശക്തികളുടെ അടുക്കളയിലാണ് എത്തിച്ചത്. അവിടെ വെന്ത നയങ്ങളാണ് പിന്നെ രാജ്യം അനുഭവിച്ചത്. ഐ എം എഫില്‍ നിന്ന് വന്‍ തുക വായ്പയെടുത്ത് അവര്‍ നിഷ്‌കര്‍ഷിച്ച ഉദാരീകരണത്തിലേക്ക് മുഗാബേ സഞ്ചരിച്ചു. അഴിമതി സാര്‍വത്രികമായി. എല്ലാ സാമ്പത്തിക സൂചകങ്ങളും പിന്‍മടക്കം തുടങ്ങി. വെളുത്തവരില്‍ നിന്ന് പിടിച്ചെടുത്ത ഭൂമി മുഴുവന്‍ സ്വന്തക്കാര്‍ക്കാണ് ലഭിച്ചത്. ഖനന മേഖല ചൈനയെപ്പോലെയുള്ളവര്‍ കൈയടക്കി. ഇത്തരം നുഴഞ്ഞ് കയറ്റങ്ങള്‍ക്ക് ചൂട്ടു പിടിച്ചതിനാല്‍ മുഗാബേ അമേരിക്കയടക്കമുള്ളവര്‍ക്ക് പ്രിയങ്കരനായി. എന്നാല്‍ രാജ്യം കൂപ്പുകുത്തുന്നത് അദ്ദേഹം ഗൗനിച്ചതേയില്ല. അധികാര സംരക്ഷണത്തില്‍ മാത്രമായി ശ്രദ്ധ. തൊഴിലില്ലായ്മ രൂക്ഷമായി. യുവാക്കള്‍ അക്രമാസക്തരായി. കറന്‍സിയുടെ മൂല്യം പാതാളം തൊട്ടു. ഈ സാമ്പത്തിക അരാജകത്വത്തിന്റെ ആത്യന്തിക ഫലമാണ് പട്ടാള അട്ടിമറി.

പട്ടാളവും കത്തോലിക്കാ സഭയും പാശ്ചാത്യ ശക്തികളും കൈകോര്‍ത്ത് മുഗാബെയെ പുറത്താക്കുമ്പോള്‍ പകരം വരുന്നത് എത്രമാത്രം ജനാധിപത്യപരമായ സംവിധാനമാകും എന്നതാണ് ചോദ്യം. ഇപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് കണ്ടുവെച്ചിട്ടുള്ള എമേഴ്‌സണ്‍ നാന്‍ഗാഗ്വാക്ക് ഇന്ന് മുഗാബെക്ക് മേല്‍ ചാര്‍ത്തുന്ന ഏത് കുറ്റാരോപണവും ചേരും. 75കാരനായ ഈ നേതാവ് അറിയപ്പെടുന്നത് “മുതല”യെന്നാണ്. കര്‍ക്കശക്കാരന്‍. നിരവധി അഴിമതി ആരോപണങ്ങള്‍ നേരിട്ടയാള്‍. രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലപ്പത്തായിരുന്നു കുറേകാലം. മുഗാബേയെ ചോദ്യം ചെയ്ത ആയിരക്കണക്കിന് വിമതന്‍മാരെ നിഷ്‌കരുണം കൊന്നു തള്ളാന്‍ നേതൃത്വം കൊടുത്തയാളുമാണ്. അധികാര ഭ്രാന്തിന് ഒരു കുറവുമില്ല. 2014ല്‍ അന്നത്തെ വൈസ് പ്രസിഡന്റ് ജോയിസ് മജുറുവിനെ അട്ടിമറിച്ചാണ് അധികാരത്തില്‍ വന്നത് തന്നെ. ഇങ്ങനെയൊരാള്‍ അധികാരത്തില്‍ വരാനല്ല സിംബാബ്‌വേ ജനത തെരുവില്‍ മുദ്രാവാക്യം മുഴക്കുന്നത്. ഗോത്ര സംഘര്‍ഷം തിരിച്ചു വരാനല്ല അവര്‍ ആഗ്രഹിക്കുന്നത്. അവര്‍ക്ക് സ്വസ്ഥതയാണ് വേണ്ടത്. പുരോഗതിയും. മുഗാബെയെ ഒരു കാലത്ത് അവര്‍ സ്‌നേഹിച്ചു. ഇന്നും ആ ചരിത്രത്തെ അവര്‍ സ്‌നേഹിക്കുന്നു. അത്‌കൊണ്ടാണല്ലോ അദ്ദേഹം ഇത്രനാള്‍ അധികാരത്തില്‍ തുടര്‍ന്നത്.

മാധ്യസ്ഥ്യം വഹിക്കുന്ന കത്തോലിക്കാ സഭക്കും പാശ്ചാത്യ ശക്തികള്‍ക്കും സൈനിക നേതൃത്വത്തിനും ജനാഭിലാഷം ഉയര്‍ത്തിപ്പിടിക്കാനുള്ള ബാധ്യതയുണ്ട്. വിഭവക്കൊള്ളക്ക് ലാക്ക് നോക്കിയിരിക്കുന്ന വര്‍ക്ക് സൗകര്യമൊരുക്കുന്നതാകരുത് തീരുമാനം. ആഫ്രിക്കന്‍ നാടിന്റെ ഗതിയാണത്. അവരുടെ ഭാവി മറ്റാരോ നിശ്ചയിക്കുന്നു.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest