ത്രീഡി പ്രിന്റിംഗ് വിദ്യ ഉപയോഗിച്ച് എമിറേറ്റ്‌സ് വിമാന കാബിന്‍ ഭാഗങ്ങള്‍ നിര്‍മിക്കും

Posted on: November 18, 2017 8:02 pm | Last updated: November 18, 2017 at 8:02 pm
SHARE

ദുബൈ: വിമാന കാബിന്റെ ഭാഗങ്ങള്‍ നിര്‍മിക്കാന്‍ ത്രീ ഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിക്കുകയാണ് പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ്. അതിനൂതനമായ സെലക്ടീവ് ലേസര്‍ സെന്ററിംഗ് (എസ് എല്‍ എസ്) എന്ന സാങ്കേതികവിദ്യ കൊണ്ടാണ് എമിറേറ്റ്സ് ഈ നേട്ടം സ്വന്തമാക്കിയത്. കാബിനുള്ളിലെ സീറ്റിന്റെയും മറ്റും അനുബന്ധ ഭാഗങ്ങളാണ് പുതിയ സാങ്കേതികത ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്നത്.

പൊടിച്ച പ്ലാസ്റ്റിക് തരികള്‍ ലേസര്‍ ഉപയോഗിച്ച് ആവശ്യമായ രൂപത്തിലേക്ക് സംയോജിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. യു എസ് ആസ്ഥാനമായുള്ള ത്രീ ഡി സിസ്റ്റംസ് എന്ന കമ്പനി നിര്‍മിക്കുന്ന തെര്‍മോപ്ലാസ്റ്റിക്കാണ് ഇതിനായി ഉപയോഗിച്ചത്. നിലവില്‍ ഉപയോഗിക്കുന്ന ത്രീ ഡി പ്രിന്റിംഗ് രീതികളെ അപേക്ഷിച്ച് നിര്‍മിക്കുന്ന വസ്തുക്കളുടെ ഭാരം പതിമൂന്നു ശതമാനം വരെ കുറവാകുമെന്നതാണ് എസ് എല്‍ എസ് സാങ്കേതികവിദ്യയുടെ മികവ്. മുഴുവന്‍ എമിറേറ്റ്സ് വിമാനങ്ങളിലും ഈ സാങ്കേതികത ഉപയോഗിക്കുമ്പോള്‍ ചെലവ് കുറയുമെന്ന് മാത്രമല്ല ഇന്ധനക്ഷമതയും വര്‍ധിക്കും.

മറ്റു ത്രീ ഡി പ്രിന്റിംഗ് രീതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നില്‍ കൂടുതല്‍ ഭാഗങ്ങള്‍ ഒരേസമയം പ്രിന്റ് ചെയ്യാന്‍ കഴിയുമെന്നതും എസ് എല്‍ എസ് സാങ്കേതികതയുടെ നേട്ടമാണ്. ഇപ്രകാരം നിര്‍മിച്ച എമിറേറ്റ്സിന്റെ പുതിയ കാബിന്‍ ഭാഗങ്ങള്‍ ഘടന, കാലാവധി, തീപിടുത്തം, രാസപരീക്ഷണം എന്നിവ പരിശോധിക്കുന്ന നിരവധി ശാസ്ത്രീയമായ പരീക്ഷണങ്ങളില്‍ മികവ് തെളിയിച്ചുകഴിഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷമായി ത്രീ ഡി പ്രിന്റിംഗ് മേഖലയിലെ പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയായിരുന്നെന്നും തങ്ങളുടെ പ്രവര്‍ത്തനമികവ് വര്‍ധിപ്പിക്കാനും ചെലവ് കുറക്കാനും ഇത് സഹായമാകുമെന്നും എമിറേറ്റ്സ് എന്‍ജിനീയറിംഗ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് അഹ്മദ് സഫ പറഞ്ഞു.