യുഎഇയില്‍ മൂല്യവര്‍ധിത നികുതി വരുമ്പോള്‍

ഗൾഫ് കാഴ്ച
Posted on: November 18, 2017 7:57 pm | Last updated: November 18, 2017 at 7:57 pm

ഗള്‍ഫ് രാജ്യങ്ങള്‍ എല്ലാംകൊണ്ടും മാറ്റത്തിന്റെ പാതയിലാണ്. ആഗോള സാമ്പത്തികമാന്ദ്യവും ഭീകരതയും നേരിടണമെങ്കില്‍ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ചേ മതിയാകൂ എന്ന് ഭരണകൂടങ്ങള്‍ക്കെന്ന പോലെ ജനങ്ങള്‍ക്കും തോന്നി. അതുകൊണ്ടുതന്നെ, ഭരണകൂട തീരുമാനങ്ങള്‍ ജനങ്ങള്‍ സര്‍വാത്മനാ അംഗീകരിക്കുന്നു. ഭീകരതക്കെതിരെയുള്ള നീക്കത്തില്‍ ഗള്‍ഫ് രാജ്യ ങ്ങളില്‍ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. ഇനി സാമ്പത്തിക ഭദ്രതയാണ്.

ഭീകരതക്കെതിരെ പൊതുസമൂഹത്തിന്റെ കലവറയില്ലാത്ത പിന്തുണയാണ് ഭരണകൂടത്തിന് ലഭിച്ചത്. തീവ്രവാദ ചിന്തകര്‍ ഒറ്റപ്പെട്ടു. സഊദി അറേബ്യയില്‍, സാമൂഹികതലത്തില്‍ പാരമ്പര്യ ഇസ്‌ലാം തിരിച്ചുവരുകയാണ്. യമനില്‍, ഹൂതി തീവ്രവാദികള്‍ പൂര്‍ണമായും കീഴടങ്ങിയാല്‍ മേഖലയില്‍ സമാധാനം കുറേക്കൂടി കരുത്താര്‍ജിക്കും. സാമ്പത്തിക പരിവര്‍ത്തനങ്ങളിലാണ് ഇനി ഊന്നല്‍. തദ്ദേശീയര്‍ക്ക് മികച്ച ജീവിതോപാധി ഒരുക്കിക്കൊടുത്താല്‍, സുസ്ഥിര വികസനം സാധ്യമാക്കിയാല്‍ ലോകത്തെ മികച്ച മേഖലയായി മധ്യപൗരസ്ത്യ ദേശം മാറും.

ആ പ്രയാണത്തില്‍, പക്ഷേ ഗള്‍ഫിന്റെ പ്രധാന വരുമാന സ്രോതസ്സായ എണ്ണയുടെ വിലയിടിവ് വലിയ വെല്ലുവിളിയായി. മൂന്നു വര്‍ഷം മുമ്പ് അസംസ്‌കൃത എണ്ണയ്ക്ക് ബാരലിന് 125 ഡോളര്‍ വരെ ലഭിച്ചിരുന്നു. അതിന് ശേഷം കുത്തനെ താണ് 50 ഡോളറായി.
വികസന പ്രവര്‍ത്തനങ്ങള്‍ മുരടിക്കുന്ന അവസ്ഥ സംജാതമായി. ഭരണകൂടത്തിന് വരുമാനം ഇല്ലെങ്കില്‍ സമൂഹത്തില്‍ അന്തഃഛിദ്രം ഉണ്ടാകും. അപ്പോഴാണ്, ലോക ബേങ്കും മറ്റും മൂല്യവര്‍ധിത നികുതി അഥവാ വാറ്റ് നിര്‍ദേശം മുന്നോട്ടുവെച്ചത്.

ലോകത്തെ മിക്ക രാജ്യങ്ങളിലും പലതരത്തിലുള്ള നികുതിയുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം വരെ അതേകുറിച്ച് ചിന്തിച്ചുപോലുമുണ്ടായിരുന്നില്ല. പക്ഷേ, ആഭ്യന്തരോല്‍പാദനം കുത്തനെ കുറഞ്ഞതിന് മറുമരുന്നായി നികുതി കൊണ്ടുവന്നേ മതിയാകൂയെന്നായി. ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ ഉല്‍പന്നങ്ങള്‍ക്ക് എക്‌സൈസ് ഡ്യൂട്ടി ഏര്‍പെടുത്താന്‍ ജി സി സി തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്തു. പുകയില ഉത്പന്നങ്ങള്‍ക്കും ഊര്‍ജദായക പാനീയങ്ങള്‍ക്കും നൂറു ശതമാനവും രാസ പാനീയങ്ങള്‍ക്ക് അമ്പത് ശതമാനവും നികുതി ഏര്‍പെടുത്തി. ഇതിലൂടെ ഭരണകൂടത്തിന് വലിയ വരുമാനം ലഭിക്കുന്നുവെന്ന് മാത്രമല്ല, ആളുകളുടെ ഉപഭോഗം കുറയും ചെയ്തു.

മൂല്യവര്‍ധിത നികുതിയിലേക്കു വരാം. ഐസ്‌ലാന്‍ഡ് പോലുള്ള ചെറിയ രാജ്യങ്ങള്‍ പോലും 24 ശതമാനം വാറ്റ് ഏര്‍പെടുത്തിയിട്ടുണ്ട്. അതും മൂന്നു വര്‍ഷം മുമ്പ് തന്നെ. ഇന്ത്യയില്‍ അല്‍പം പരിഷ്‌കരണം വരുത്തി ജി എസ് ടി നടപ്പാക്കി. 28 ശതമാനം വരെ നികുതിയുണ്ട്. അവശ്യസാധനങ്ങളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ജീവിതത്തിന്റെ സമസ്ത മേഖലകളെയും ബാധിച്ചിട്ടുണ്ട്. റസ്റ്റോറന്റുകളില്‍ 12 ശതമാനം ജി എസ് ടി ഈടാക്കുന്നു. ടെലിഫോണ്‍, ബേങ്കിംഗ് തുടങ്ങിയ ഇടങ്ങളില്‍ 18 ശതമാനം വരെ.
യു എ യിലും സഊദിയിലും മറ്റും അടുത്ത വര്‍ഷം ആദ്യം മുതല്‍ മൂല്യവര്‍ധിത നികുതി നിലവില്‍ വരും. ചില ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും മൂന്നു മുതല്‍ അഞ്ചു വരെ ശതമാനം നികുതി വരും. ഭക്ഷ്യോല്‍പന്നങ്ങളെ നികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, പ്രതിദിനം ശരാശരി ആയിരം ദിര്‍ഹത്തിന് മുകളില്‍ വിറ്റുവരവുള്ള വാണിജ്യ സ്ഥാപനങ്ങള്‍ വാറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നുള്ളതിനാല്‍ ഗ്രോസറികളും കഫ്‌റ്റേരിയകളും മറ്റും അല്‍പം ആശങ്കയിലാണ്. രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ എന്താണെന്ന് അറിയാത്തതാണ് അടിസ്ഥാനം.

മിക്ക സംഘടനകളും ബോധവത്കരണം നടത്തുന്നത് ആശ്വാസമായിരിക്കുന്നു
മൊത്തവിതരണക്കാരിലാണ് നികുതിഭാരം ഏറെയും നിക്ഷിപ്തമാകുക എന്നതിനാല്‍, ചില്ലറ വില്‍പനക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന നിഗമനത്തിലാണ് സാമ്പത്തിക വിദഗ്ധര്‍. ഉപഭോക്താക്കള്‍ക്ക് ഉര്‍വശീശാപം ഉപകാരമായേക്കാം. തോന്നിയ പോലെ വില ഈടാക്കാന്‍ വ്യാപാരികള്‍ക്ക് കഴിയില്ല. എല്ലാത്തിനും സുതാര്യത ഉണ്ടാകും.
ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സേവനം എന്നീ വിഭാഗങ്ങളെ വാറ്റില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

യു എ ഇക്ക് പ്രതിവര്‍ഷം 1,200 കോടി ദിര്‍ഹം വരുമാനം നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷ. ആ ധനസമാഹരണം വികസന ഗതിവേഗം കൂട്ടും. ആത്യന്തികമായി ജനങ്ങള്‍ക്കുതന്നെ ഗുണം.