Connect with us

Gulf

ഗള്‍ഫ് കപ്പ്: തടസ്സം പരിഹരിക്കാന്‍ കുവൈത്തിന് 30 വരെ സമയം

Published

|

Last Updated

ദോഹ: തടസ്സങ്ങള്‍ പരിഹരിച്ച് ഗള്‍ഫ് കപ്പില്‍ മത്സരിക്കാന്‍ കുവൈത്തിന് നവംബര്‍ 30 വരെ സമയം അനുവദിച്ചു. കുവൈത്ത് ഫുട്‌ബോള്‍ അസോസിയേഷന്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് ഗള്‍ഫ് കപ്പില്‍ മത്സരിക്കുന്നതിന് അവര്‍ക്ക് തടസമായുള്ളത്. ആഗോള ഫുട്‌ബോള്‍ ഗവേണിംഗ് ബോഡിയായ ഫിഫ കുവൈത്ത് ഫുട്‌ബോള്‍ അസോസിയേഷനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തില്‍ കുവൈത്തിന് ഗള്‍ഫ് കപ്പ് കളിക്കാന്‍ കഴിയില്ല. ഡിസംബര്‍- ജനുവരി മാസങ്ങളിലായി ദോഹയിലാണ് ഇത്തവണത്തെ ഗള്‍ഫ് കപ്പിന് നേരത്തെ വേദി നിശ്ചയിച്ചിരുന്നത്.
ഖത്വറിനെതിരെ ഉപരോധം തുടരുന്ന സഊദി അറേബ്യ, ബഹ്‌റൈന്‍, യു എ ഇ രാജ്യങ്ങള്‍ ഗള്‍ഫ് കപ്പില്‍ പങ്കെടുക്കാനുള്ള സാധ്യത വിരളമാണ്. പങ്കെടുക്കുന്ന ടീമുകള്‍ വിവരം അറിയിക്കേണ്ട സമയപരിധി നവംബര്‍ പതിമൂന്നായിരുന്നു. എന്നാല്‍ ഈ മൂന്ന് ടീമുകളും ഗള്‍ഫ് കപ്പ് സംഘാടകര്‍ നല്‍കിയ കത്തിന് ഇതുവരെയും മറുപടിയും നല്‍കിയിട്ടില്ല. മൂന്ന് രാജ്യങ്ങളും ഗള്‍ഫ ്കപ്പില്‍ നിന്നും പിന്‍മാറാനാണ് സാധ്യത. ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ജാസിം അല്‍ റുമൈഹിയും ഇക്കാര്യം സൂചിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം ഗള്‍ഫ് കപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ അറബ് ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍ താനി അധ്യക്ഷത വഹിച്ചു. കുവൈത്തിന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പതിനഞ്ചു ദിവസം കൂടി നല്‍കിയിട്ടുണ്ട്. അതിനുള്ളില്‍ എല്ലാം പരിഹരിച്ച് മത്സരിക്കുന്നതിനുള്ള യോഗ്യത കുവൈത്ത് നേടിയാല്‍ ഗള്‍ഫ് കപ്പ് നിശ്ചയിച്ചതുപോലെ നടക്കും. നവംബര്‍ 30 എന്ന സമയപരിധി പാലിക്കാന്‍ കുവൈത്തിന് കഴിഞ്ഞില്ലെങ്കില്‍ ഗള്‍ഫ് കപ്പ് റദ്ദാക്കും. ഗള്‍ഫ് പ്രതിസന്ധിയില്‍ മധ്യസ്ഥത വഹിക്കുന്ന രാജ്യമാണ് കുവൈത്ത്. ഡിസംബര്‍ 22 മുതലാണ് ഖത്വറില്‍ ഗള്‍ഫ് കപ്പ് നടക്കേണ്ടത്.

---- facebook comment plugin here -----

Latest