ഖത്തറില്‍ പ്രവാസി തൊഴിലാളികള്‍ക്ക് മിനിമം വേതനം ഏര്‍പ്പെടുത്തി

Posted on: November 18, 2017 7:25 pm | Last updated: November 18, 2017 at 7:25 pm
SHARE

ദോഹ: രാജ്യത്തെ പ്രവാസി തൊഴിലാളികള്‍ക്ക് ഖത്വര്‍ താത്കാലിക മിനിമം വേതനം ഏര്‍പ്പെടുത്തി. പ്രതിമാസം 750 ഖത്വര്‍ റിയാല്‍ ആണ് താത്കാലികമായി ഏര്‍പ്പെടുത്തിയ മിനിമം വേതനമെന്ന് ഭരണവികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രി ഡോ. ഈസ ബിന്‍ സഅദ് അല്‍ ജഫാലി അല്‍ നുഐമി അറിയിച്ചു. ഇത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും സ്ഥിര മിനിമം വേതനം ഏര്‍പ്പെടുത്തുന്നതിന്റെ പ്രവൃത്തിയിലാണ് ഉദ്യോഗസ്ഥരെന്നും അദ്ദേഹം എ എഫ് പിയോട് പറഞ്ഞു.

ഇതിന് പുറമെ, സൗജന്യ താമസം, ഭക്ഷണം, ആരോഗ്യ പരിചരണം തുടങ്ങിയവയും തൊഴിലുടമ നല്‍കണം. കഴിഞ്ഞ മാസം പ്രഖ്യാപിച്ച നിരവധി തൊഴിലാളി ക്ഷേമ പദ്ധതികളുടെ തുടര്‍ച്ചയാണ് മിനിമം വേതനവും. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം 750 റിയാല്‍ എന്ന തുക വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
750 ഖത്വര്‍ റിയാലിന് താഴെ വേതനം കാണിച്ച ഒരു തൊഴില്‍ കരാറും അംഗീകരിക്കില്ലെന്നും തൊഴില്‍ മന്ത്രാലയമാണ് എല്ലാ കരാറുകളും അംഗീകരിക്കുന്നതെന്നും അല്‍ നുഐമി പറഞ്ഞു. കരാറില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ പുതിയ നടപടിക്രമങ്ങള്‍ സ്വീകരിക്കും. കഴിഞ്ഞ മാസം മുതല്‍ പുതിയ വേതന പരിധി നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഫിഫ ലോകകപ്പ് പദ്ധതികള്‍ക്കായി ആഴ്ചയില്‍ 500 മില്യന്‍ ഡോളര്‍ ആണ് ഖത്വര്‍ ചെലവഴിക്കുന്നത്. സര്‍ക്കാറുമായി തൊഴില്‍ കരാറില്‍ ഏര്‍പ്പെടുക, തൊഴിലാളി രാജ്യത്ത് എത്തിയതിന് ശേഷം കരാറില്‍ മാറ്റം വരുത്തുന്നത് തടയല്‍, തൊഴിലാളി രാജ്യം വിടുന്നതോ തൊഴില്‍ മാറുന്നതോ തടയാനുള്ള അവകാശം തൊഴിലുടമയില്‍ നിന്ന് എടുത്തുകളയല്‍ തുടങ്ങിയവയാണ് മറ്റ് പരിഷ്‌കരണങ്ങള്‍. ഇവക്ക് അന്താരാഷ്ട്ര തൊഴിലാളി യൂനിയനുകളുടെയും മനുഷ്യാവകാശ സംഘടനകളുടെയും അംഗീകാരമുണ്ട്.
ഖത്വറിന്റെ പ്രതിബദ്ധത ഇതോടെ തീരുന്നില്ലെന്ന് അല്‍ നുഐമി പറഞ്ഞു. തൊഴിലാളിക്ഷേമ പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘകാല പ്രതിബദ്ധതയുടെ ഭാഗമാണ്. കൂടുതല്‍ പരിഷ്‌കരണങ്ങളുണ്ടാകും.

ഖത്വറിന്റെ ഭാഗമാണ് കുടിയേറ്റ തൊഴിലാളികള്‍. പദ്ധതികള്‍ വെറും വാഗ്ദാനങ്ങളല്ലെന്നും വസ്തുതകളാണെന്നും അല്‍ നുഐമി പറഞ്ഞു. നടപ്പാക്കാന്‍ പറ്റുന്നതേ ഏല്‍ക്കാറുള്ളൂ. അതിനാല്‍ വെറും വാഗ്ദാനമല്ലിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിനിമം വേതനം പദ്ധതി അതിപ്രധാന ചുവടുവെപ്പാണെന്ന് മനുഷ്യാവകാശ ഗവേഷണ സംഘടന ഇക്വിഡിം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുസ്തഫ ഖാദിരി പറഞ്ഞു.

ഏതെങ്കിലും കാരണവശാല്‍ തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍ കമ്പനിക്ക് സാധിക്കാതെ വന്നാല്‍ പരിഹരിക്കുന്നതിന് പ്രത്യേക ഫണ്ടിന് മന്ത്രിസഭ കഴിഞ്ഞ മാസം അംഗീകരാം നല്‍കിയിരുന്നു. തൊഴിലാളികള്‍ക്ക് വേതനം ഉറപ്പുവരുത്തുന്നതിന് ഡബ്ല്യു പി എസ് സംവിധാനം നേരത്തെ നടപ്പാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here