ടൂറിസം കേന്ദ്രങ്ങള്‍ മൂന്ന് വര്‍ഷത്തിനകം പ്ലാസ്റ്റിക് മുക്തമാക്കും

സ്വന്തംലേഖിക തിരുവനന്തപുരം
Posted on: November 18, 2017 9:58 am | Last updated: November 18, 2017 at 9:58 am
SHARE

കേരളത്തിന്റെ വിനോദ സഞ്ചാര ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനാണ് കേരള വിനോദ സഞ്ചാര നയം 2017ല്‍ മുന്‍ഗണന നല്‍കിയിരിക്കുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഗുണപരമായ ജനകീയ ഇടപെടല്‍ വിനോദ സഞ്ചാര രംഗത്തുണ്ടാകണം. ടൂറിസം മേഖലയില്‍ സജീവ ഇടപെടല്‍ നടത്തുന്നതിന് ടൂറിസം റെഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കും.

സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യത സൃഷ്ടിക്കുന്ന നയത്തിനാണ് രൂപം നല്‍കിയിരിക്കുന്നത്. മൂന്ന് വര്‍ഷത്തിനകം കേരളത്തിലെ ടൂറിസം കേന്ദ്രങ്ങള്‍ പ്ലാസ്റ്റിക് മുക്തമാക്കുകയും ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുകയും ചെയ്യും. പ്രവാസികളുടെയും സംരംഭക തത്പരരുടെയും സഹകരണത്തോടെ വിനോദ സഞ്ചാര മേഖലയില്‍ മുന്നേറ്റം സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നത്. ടൂറിസം വകുപ്പ് പുതിയതായി നിര്‍മിക്കുന്ന അടിസ്ഥാന സൗകര്യ പദ്ധതികളും ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ് ജെന്‍ഡറുകള്‍ ഉള്‍പ്പെടെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും പ്രാപ്തമാക്കും.
ആധുനിക വിനോദ സഞ്ചാരികള്‍ പാശ്ചാത്യ സുഖഭോഗങ്ങളെക്കാള്‍ ജീവിത ഗന്ധിയായ ചുറ്റുപാടുകള്‍ തേടിയാണെത്തുന്നത്. ഇവരെ ചുറ്റുപാടുകളുടെ ഭാഗമാക്കിമാറ്റാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ ജീവിതം അനുഭവിച്ചറിയാന്‍ സഞ്ചാരികള്‍ക്ക് അവസരമൊരുക്കും. ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന് മികച്ച മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനം നടത്തും.

ടൂറിസം കേന്ദ്രങ്ങള്‍ മാലിന്യ രഹിതവും ആരോഗ്യദായകവുമായി നിലനിര്‍ത്തുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പ്രത്യേക പദ്ധതി നടപ്പാക്കും. ടൂറിസം ബിസിനസ് സന്നദ്ധ സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബശ്രീ എന്നിവയുടെ പങ്കാളിത്തവും ഉറപ്പാക്കും. വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ നൂറ് ശതമാനവും ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ അമ്പത് ശതമാനവും വര്‍ധനവാണ് അഞ്ച് വര്‍ഷം കൊണ്ട് ലക്ഷ്യമിടുന്നത്.
മറ്റുനിര്‍ദേശങ്ങള്‍: പുതിയ ടൂറിസം ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതോടൊപ്പം അനുഭവ ടൂറിസത്തിന് മുന്‍ഗണന നല്‍കും. ഹോംസ്‌റ്റേകള്‍ പ്രോത്‌സാഹിപ്പിക്കുകയും കൊച്ചി ബിനാലെക്ക് സമാനമായി പുതിയ അന്താരാഷ്ട്ര വേദികള്‍, ജലഗതാഗത മാര്‍ഗങ്ങള്‍ ടൂറിസം വികസനത്തിന് ഉപയോഗിക്കും. ഓണം, പൂരം, ഉത്‌സവങ്ങള്‍ എന്നിവ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്നതിന് പ്രത്യേക പ്രചാരണം നടത്തും. ഉത്തരവാദിത്ത ടൂറിസം വ്യാപിപ്പിക്കുന്നതോടെ മലയാളികളുടെ വാരാന്ത്യയാത്ര പ്രോത്‌സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കും. ടൂറിസം മേഖലയില്‍ മുതല്‍മുടക്കുന്ന പ്രവാസികള്‍ക്ക് പ്രോത്സാഹനം, ഇവരെ സഹായിക്കാന്‍ പ്രത്യേക ഇന്‍വെസ്റ്റ്‌മെന്റ് സെല്‍, യുവാക്കളെ ആകര്‍ഷിക്കാന്‍ പ്രകൃതി സൗഹൃദ സാഹസിക ടൂറിസം പദ്ധതികള്‍ എന്നിവ കൂടാതെ സഞ്ചാരികളുടെ സുരക്ഷിതത്വത്തിന് പ്രത്യേക പരിഗണന നല്‍കും.

 

LEAVE A REPLY

Please enter your comment!
Please enter your name here