Connect with us

Kerala

സ്‌കൂള്‍ കലോത്സവ മാന്വല്‍ പരിഷ്‌കരിക്കും; ആര്‍ഭാടം ഒഴിവാക്കും: മന്ത്രി

Published

|

Last Updated

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മാന്വലില്‍ ഘട്ടം ഘട്ടമായി മാറ്റം വരുത്തുമെന്നും ആര്‍ഭാടവും ധൂര്‍ത്തും ഒഴിവാക്കാന്‍ നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. അടുത്ത ജനുവരി ആറ് മുതല്‍ 10 വരെ തൃശൂരില്‍ നടക്കുന്ന 58ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി രൂപവത്കരണ യോഗം തൃശൂര്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

മാന്വലില്‍ ഇനിയും പരിഷ്‌കാരം വേണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ഘോഷയാത്ര ഒഴിവാക്കുന്നതോടെ തന്നെ കലോത്സവത്തിലെ അമിത ചെലവ് നിയന്ത്രിക്കാനാകും. മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ പരാതി പ്രളയം നിയന്ത്രിക്കാനും സമയബന്ധിതമായി മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനും നടപടിയുണ്ടാകും- മന്ത്രി പറഞ്ഞു.

യോഗത്തില്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി എ സി മൊയ്തീന്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍, കെ രാജന്‍ എം എല്‍ എ, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഡോ. പി പി പ്രകാശന്‍, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പ്രൊഫ. എ ഫാറൂഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത് അംഗം മേരി തോമസ്, ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്‍, രാവുണ്ണി, ബാലചന്ദ്രന്‍ വടക്കേടത്ത്, യുജിന്‍ മോറേലി, അധ്യാപക സംഘടനാ നേതാക്കള്‍ പ്രസംഗിച്ചു.

Latest