കാലിക്കറ്റ് സര്‍വകലാശാല പ്രൈവറ്റ് ബിരുദ രജിസ്‌ട്രേഷന്‍ പുനഃസ്ഥാപിച്ചു

Posted on: November 18, 2017 9:49 am | Last updated: November 18, 2017 at 9:49 am

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല നിര്‍ത്തലാക്കിയ പ്രൈവറ്റ് ബിരുദ രജിസ്‌ട്രേഷന്‍ പുനഃസ്ഥാപിച്ചു. സര്‍വകലാശാലയില്‍ ബിരുദ കോഴ്‌സുകള്‍ക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ തുടരുമെന്ന് വ്യക്തമാക്കി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബശീറിന്റെ നിര്‍ദേശ പ്രകാരം ഇന്നലെ റജിസ്ട്രാര്‍ ഡോ. ടി എ അബ്ദുല്‍ മജീദ് ഉത്തരവിറക്കി. കാലിക്കറ്റ് സര്‍വകലാശാലാ പരിധിയില്‍ വരുന്ന തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായുള്ള പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് സമാന്തര മേഖലയില്‍ ഉപരിപഠനാവസരം ഉറപ്പാക്കിയാണ് മുന്‍ സംവിധാനം നിലനിര്‍ത്താന്‍ തീരുമാനമായത്.

യു ജി സി മാര്‍ഗ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിലേക്ക് ലയിപ്പിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല തീരുമാനിച്ചിരുന്നു. സ്റ്റഡി മെറ്റീരിയല്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ബാധകമാക്കുകയും ചെയ്തു.

നേരത്തെയിത് ആവശ്യമുള്ളവര്‍ക്ക് മാത്രമായി ഓപ്ഷന്‍ അനുവദിച്ചിരുന്നു. പാരലല്‍ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും സ്റ്റഡി മെറ്റീരിയല്‍ യു ജി സി നിര്‍ദേശപ്രകാരം സര്‍വകലാശാല നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് സ്റ്റഡി മെറ്റീരിയല്‍ ആവശ്യമുള്ളവരും അല്ലാത്തവരും രജിസ്‌ട്രേഷന്‍ ഫീസിന് പുറമെ അധിക തുക സര്‍വകലാശാലയിലേക്ക് നല്‍കേണ്ട സ്ഥിതിയായി. ഇത് അമിത സാമ്പത്തിക ബാധ്യത വിദ്യാര്‍ഥികള്‍ക്കുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രൈവറ്റ് കോളജ് അസോസിയേഷനും കോ- ഓപറേറ്റീവ് കോളജ് അസോസിയേഷനും പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് പ്രൈവറ്റ് കോളജ് അസോസിയേഷന്‍ അനിശ്ചിത കാല സമരം തുടങ്ങുകയും വിസിക്ക് പല തവണ നിവേദനം നല്‍കുകയും ചെയ്തു. ഈയൊരു സാഹചര്യത്തിലാണ് പ്രൈവറ്റ് ബിരുദ രജിസ്‌ട്രേഷന്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചത്.