മത്സ്യോത്സവത്തിന് നാളെ കോഴിക്കോട് ബീച്ചില്‍ തുടക്കം

Posted on: November 18, 2017 9:43 am | Last updated: November 18, 2017 at 9:43 am
SHARE

കോഴിക്കോട്: സംസ്ഥാനത്തെ മത്സ്യമേഖലയുടെയും തീരദേശത്തിന്റെയും വികസനം ലക്ഷ്യമാക്കി ബീച്ചില്‍ മത്സ്യോത്സവം സംഘടിപ്പിക്കുന്നു. നാളെ മുതല്‍ മൂന്ന് ദിനങ്ങളിലായി നടക്കുന്ന മത്സ്യോത്സവം നാളെ രാവിലെ പത്തിന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്യും. മത്സ്യോത്സവത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ക്കായി അദാലത്ത് സംഘടിപ്പിക്കുമെന്നും കലക്ടര്‍ യു വി ജോസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മത്സ്യഅദാലത്ത്, തീരമൈത്രി സംഗമം, പ്രദര്‍ശനം, മത്സ്യകര്‍ഷക സംഗമം, മത്സ്യത്തൊഴിലാളി സഹകാരി സംഗമം, ഡോക്യുമെന്ററി പ്രദര്‍ശനം, സീ ഫുഡ് കോര്‍ട്ട്, സെമിനാറുകള്‍, കലാപരിപാടികള്‍ എന്നിവയാണ് മത്സ്യോത്സവത്തിന്റെ ഭാഗമായി നടക്കുക. വിവിധ വകുപ്പുകളുടെ പ്രദര്‍ശന സ്റ്റാളുകളും ഒരുക്കും.
19ന് മന്ത്രി മേഴ്‌സിക്കുട്ടി അമ്മ മത്സ്യത്തൊഴിലാളികളുടെ പരാതികള്‍ നേരിട്ട് കേട്ട് തീര്‍പ്പ് കല്‍പ്പിക്കും. രാവിലെ പത്ത് മുതലാണ് അദാലത്ത്. ഇതുവരെ മൂവായിരത്തോളം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. 19നും അപേക്ഷകള്‍ സ്വീകരിക്കും. രാവിലെ 11 മുതല്‍ തീരമൈത്രി സംഗമവും നടക്കും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട്, വയനാട് ജില്ലകളിലെ സാഫ് (സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫി വുമണ്‍) യൂനിറ്റുകളിലെ വനിതാ സംരംഭകരുടെ സംഗമം നടക്കും. 20ന് മത്സ്യകര്‍ഷക സംഗമം രാവിലെ പത്ത് മുതല്‍ ആരംഭിക്കും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട്, വയനാട് ജില്ലകളിലെ മത്സ്യകര്‍ഷകര്‍ പങ്കെടുക്കും.
21ന് രാവിലെ പത്തിന് മത്സ്യത്തൊഴിലാളി മത്സ്യസഹകാരി സംഗമം മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ മത്സ്യത്തൊഴിലാളികളും മത്സ്യസഹകാരികളും പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി എം മറിയം ഹസീന, ഉത്തര മേഖല ജോയിന്റ് ഡയറക്ടര്‍ കെ സതീഷ്‌കുമാര്‍ ങ്കെടുത്തു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here