കരുവോട് കണ്ടംചിറ നവീകരണം: കതിരണിയിക്കാന്‍ 5000 സന്നദ്ധ പ്രവര്‍ത്തകര്‍

Posted on: November 18, 2017 9:28 am | Last updated: November 18, 2017 at 9:28 am

മേപ്പയ്യൂര്‍: മലബാറിലെ നെല്ലറകളിലൊന്നായ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ കരുവോട് കണ്ടംചിറ കൃഷിയോഗ്യമാക്കാനുള്ള സന്നദ്ധ പ്രവര്‍ത്തനം ഈ മാസം 19 ന് നടക്കും. വര്‍ഷങ്ങളായി തരിശായി കിടക്കുന്ന മുന്നൂറ് ഏക്കര്‍ സ്ഥലത്ത് മൂടിക്കിടക്കുന്ന പായലും പുല്ലും അയ്യായിരത്തോളം സന്നദ്ധ പ്രവര്‍ത്തകര്‍ ഒറ്റ ദിവസം കൊണ്ട് നീക്കം ചെയ്യും.

ചരിത്രം കുറിക്കുന്ന സന്നദ്ധ പ്രവര്‍ത്തനം തൊഴില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ കീഴ്പ്പയൂര്‍ പ്രദേശത്തെ ഒന്ന്, പതിനഞ്ച്, പതിനാറ്, പതിനേഴ് വാര്‍ഡുകളിലായി ചിതറി കിടക്കുന്ന ഫലഭൂയിഷ്ഠമായ മണ്ണ് മൂന്ന് പതിറ്റാണ്ടായി കൃഷി ചെയ്യാതെ കിടക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിറയില്‍ സമ്പൂര്‍ണമായി കൃഷിയിറക്കാനുള്ള പദ്ധതിക്കാണ് കൃഷി വകുപ്പും മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി രൂപം നല്‍കിയിരിക്കുന്നത്. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സന്നദ്ധ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും, യുവജന സംഘടന പ്രവര്‍ത്തകരും, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, മോട്ടോര്‍, ചുമട്ട് തൊഴിലാളികള്‍, തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അണിചേരും. ഏഴ് പ്രാദേശിക സംഘാടക സമിതികള്‍ നിലമൊരുക്കല്‍ മുതല്‍ വിളവെടുക്കുന്നത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. നവംബര്‍ 19 ന്റെ ജനകീയ കൂട്ടാമക്ക് വിപുലമായ ഒരുക്കങ്ങള്‍ നടന്നുവരുന്നു. പ്രാദേശിക സംഘാടക സമിതികളുടെ പ്രവര്‍ത്തന കേന്ദ്രമായി സംഘാടക സമിതി ഓഫീസുകള്‍ സ്ഥാപിച്ചു. ചിറയിലിറങ്ങുന്നവര്‍ക്ക് ഭക്ഷണം ഫസ്റ്റ് എയ്ഡ് ഉള്‍പ്പടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

വ്യക്തികളും സംഘടനകളുമാണ് ഇവ സ്‌പോണ്‍സര്‍ ചെയ്യുന്നത്. സന്നദ്ധ പ്രവര്‍ത്തനത്തിനെത്തുന്നവരെ മേപ്പയ്യൂരിലെ മോട്ടോര്‍ തൊഴിലാളികള്‍ അവരുടെ വാഹനങ്ങളില്‍ സൗജന്യമായി ചിറയിലെത്തിക്കും. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് അനുബന്ധ സ്ഥാപനങ്ങളെ ഏകോപിച്ച് കൊണ്ട് ഇതിനുള്ള മുന്നൊരുക്കപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പത്ര സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ റീന, വൈസ് പ്രസിഡന്റ് കെ ടി രാജന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഇ ശ്രീജയ, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി പി രാധാകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജോണി വര്‍ഗീസ്, കൃഷി ഓഫീസര്‍ സ്മിത നന്ദിനി, പ്രചരണ കമ്മറ്റി കണ്‍വീനര്‍ യൂസഫ് കോറോത്ത്, മഞ്ഞക്കുളം നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.