ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് മൂഡീസ് ഉയര്‍ത്തി

Posted on: November 18, 2017 9:18 am | Last updated: November 18, 2017 at 12:22 pm
SHARE

മുംബൈ/ ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആശ്വാസമായി യു എസ് ആസ്ഥാനമായ റേറ്റിംഗ് ഏജന്‍സിയായ മൂഡീസിന്റെ റിപ്പോര്‍ട്ട്. നോട്ട് നിരോധനം, ജി എസ് ടി ഉള്‍പ്പെടെയുള്ള സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കിടെ ഇന്ത്യയുടെ നിക്ഷേപ യോഗ്യതാ റേറ്റിംഗ് ഉയര്‍ത്തി. ഇന്ത്യയുടെ റേറ്റിംഗ് ബിഎഎ3യില്‍ നിന്ന് ബിഎഎ2വിലേക്കാണ് മൂഡീസ് ഉയര്‍ത്തിയത്. പതിനാല് വര്‍ഷത്തിന് ശേഷമാണ് ക്രെഡിറ്റ് റേറ്റിംഗ് ഉയരുന്നത്.

2004 ജനുവരിക്ക് ശേഷമാണ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയരുന്നത്. മൂഡീസ് റേറ്റിംഗിലെ ഏറ്റവും താഴ്ന്ന സൂചികയാണ് ബിഎഎ3. 2015ല്‍ സ്റ്റേബിള്‍ എന്ന നിലയില്‍ നിന്ന് പോസിറ്റീവ് എന്ന നിലയിലേക്ക് മാറ്റി. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ രാജ്യത്തെ വളര്‍ച്ചാ സാധ്യത വര്‍ധിപ്പിക്കുന്നതായി മൂഡീസ് വിലയിരുത്തുന്നു. രാജ്യത്തെ ബിസിനസ് കാലാവസ്ഥ മെച്ചപ്പെട്ടതായും മൂഡീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
2018ല്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി ഡി പി) 6.7 ശതമാനമായി ഉയരുമെന്ന് മൂഡീസ് വിലയിരുത്തുന്നു. നോട്ട് നിരോധനം, ജി എസ് ടി, ഡിജിറ്റല്‍ ഇന്ത്യ ഉള്‍പ്പെടെ നടപ്പാക്കിയതിനു പിന്നാലെ ജി ഡി പിയില്‍ വന്‍ ഇടിവുണ്ടായിരുന്നു.

രാജ്യത്തിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കുള്ള അംഗീകാരമാണ് മൂഡീസ് റേറ്റിംഗ് റിപ്പോര്‍ട്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. പതിനാല് വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് മൂഡീസ് റേറ്റിംഗ് ഉയര്‍ത്തുന്നത്. ഇത് അല്‍പ്പം വൈകിയെന്നാണ് തനിക്ക് തോന്നുന്നത്.

കഴിഞ്ഞ നാല് വര്‍ഷമായി രാജ്യത്ത് നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കുള്ള അംഗീകാരമാണ് മൂഡീസ് റേറ്റിംഗ് റിപ്പോര്‍ട്ട്. ഈ കാലയളവില്‍ സമ്പദ്ഘടനയില്‍ പ്രാബല്യത്തില്‍ വരുത്തിയ പരിഷ്‌കാരങ്ങളാണ് ഇന്ത്യയുടെ വളര്‍ച്ചാ സാധ്യത ഉയര്‍ന്ന നിലയിലേക്ക് എത്തിച്ചതെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ജി എസ് ടി നടപ്പാക്കിയത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണെന്നാണ് ലോകം വിലയിരുത്തുന്നത്.

മൂഡീസ് റേറ്റിംഗ് ഉയര്‍ത്തിയതിനു പിന്നാലെ ഡോളറിനെതിരെ രൂപയുടെ മൂല്യം വര്‍ധിച്ചു. വ്യാഴാഴ്ച ഡോളറിനെതിരെ 65.32 ആയിരുന്ന രൂപയുടെ മൂല്യം 64.63 ആയാണ് ഉയര്‍ന്നത്. ഓഹരി വിപണിയിലും വന്‍ ഉണര്‍വുണ്ടായി. റേറ്റിംഗ് ഉയര്‍ന്നതോടെ വിദേശനിക്ഷേപം വര്‍ധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.