Connect with us

Editorial

ദേശീയ ലാഭ വിരുദ്ധ അതോറിറ്റി

Published

|

Last Updated

ദേശീയ ലാഭ വിരുദ്ധ അതോറിറ്റിക്കു വ്യാപാരികളുടെ ലാഭക്കൊള്ള തടയാനാകുമോ? ജി എസ് ടിയില്‍ ഒട്ടേറെ സാധനങ്ങളുടെ നികുതി നിരക്കില്‍ സാരമായി കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും അതനുസരിച്ചു സാധനങ്ങള്‍ക്ക് വിലക്കുറവ് അനുഭവപ്പെടുന്നില്ല. എം ആര്‍ പിയില്‍ നിന്ന് വാറ്റ് കുറച്ചു കൊണ്ട്, ജിഎസ്ടി നിരക്ക് നിശ്ചയിച്ചെങ്കില്‍ മാത്രമേ സാധനങ്ങളുടെ വിലയില്‍ അത് പ്രതിഫലിക്കുകയുള്ളൂ. വാറ്റ് കുറക്കാതെ എം ആര്‍ പിയുടെ കൂടെ ജി എസ് ടി നിരക്ക് കൂടി ചേര്‍ത്താണ് ഇപ്പോഴത്തെ വില്‍പ്പന. ചില കമ്പനികള്‍ പുതിയ നികുതി സംവിധാനം മൂലം തങ്ങളുടെ ലാഭം കുറയാതിരിക്കാനായി ജിഎസ്ടി വരുന്നതിനു തൊട്ടു മുമ്പ് വില വന്‍തോതില്‍ കൂട്ടിയ ശേഷമാണ് നിരക്കില്‍ ഇളവ് വരുത്തിയത്. അതോടെ ഉപഭോക്താവിന് നികുതിയിളവ് ഫലപ്പെടാതെ പോയി. ഈ ചൂഷണം അവസാനിപ്പിക്കാനും ചരക്കുകളിലും സേവനങ്ങളിലും ജി എസ് ടി നിരക്കുകളില്‍ വരുത്തിയ കുറവുകളുടെ ആനുകൂല്യം ഉപഭോക്താവില്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണ് കേന്ദ്ര മന്ത്രിസഭ ഇപ്പോള്‍ ലാഭ വിരുദ്ധ അതോറിറ്റിക്കു രൂപം നല്‍കിയത്. ജി എസ് ടി പ്രകാരമുള്ള ഇളവുകള്‍ വ്യാപാരിയോ വിതരണക്കാരനോ നല്‍കിയില്ലെങ്കില്‍ നടപടി സ്വീകരിക്കാന്‍ അധികാരമുള്ളതാണ് ഈ സംവിധാനമെന്നും ക്രമക്കേട് കാട്ടിയ വ്യാപാര, വ്യവസായ സ്ഥാപനത്തിനെതിരെ അതോറിറ്റിക്ക് പിഴ ചുമത്തുകയും വേണമെങ്കില്‍ ജി എസ് ടി രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്യാമെന്നാണ് വ്യവസ്ഥ.

എന്നാല്‍ വില നിര്‍ണയത്തിനുള്ള അധികാരം വ്യാപാരികളിലും വ്യവസായികളിലും അധിഷ്ഠിതമായിരിക്കുന്ന കാലത്തോളം ഇത്തരം സംവിധാനങ്ങള്‍ അപ്രസക്തമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. രാജ്യത്ത് പല സാധനങ്ങള്‍ക്കും പതിന്മടങ്ങ് വിലയാണ് നിര്‍മാതാക്കള്‍ ഈടാക്കി വരുന്നത്. പത്ത് രൂപ വിലയുള്ള ചരക്കിന് നൂറ് രൂപ വരെ നല്‍കേണ്ടി വരുന്നുണ്ട് ഉപഭോക്താക്കള്‍. സാധനങ്ങളുടെ ഉത്പാദന, വിതരണ ചെലവുകള്‍ യഥാവിധി കണക്കാക്കി ഒരു നിശ്ചിത ശതമാനം ലാഭം മാത്രം ഈടാക്കാനുള്ള നിയമം ആവിഷ്‌കരിച്ച് അത് ശക്തമായി നടപ്പാക്കുകയാണെങ്കില്‍ മിക്ക സാധനങ്ങളുടെയും വില വന്‍തോതില്‍ കുറയും. പക്ഷേ ഉത്പാദക വസ്തുക്കളുടെ വില നിര്‍ണയ കാര്യത്തില്‍ സര്‍ക്കാര്‍ കത്തിയും കഴുത്തും കമ്പനികളെയും വ്യാപാരികളെയും ഏല്‍പ്പിച്ചു മാറി നില്‍ക്കുകയാണ്. വ്യാപാരികളുടെ ജനദ്രോഹ നടപടികള്‍ക്കു മുമ്പില്‍ ഭരണ കൂടങ്ങള്‍ ഓച്ചാനിച്ചു നില്‍ക്കുകയും ചെയ്യുന്നു. സംസ്ഥാനത്തെ ഹോട്ടല്‍ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് 2015ല്‍ അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ ഭക്ഷണ വില ക്രമീകരണ ബില്ല് കൊണ്ടു വന്നിരുന്നു. എന്നാല്‍ ഈ നിയമം അംഗീകരിക്കില്ലെന്നും വില നിയന്ത്രണം അപ്രായോഗികമാണെന്നുമാണ് അന്ന് വ്യാപാരി വ്യവസായി നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചത്. ആ ധിക്കാരത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിച്ചതുമില്ല.അതോടെ ആ സംവിധാനം ഒരു കടലാസ് പുലിയായി മാറി.

ഈ ഗതി തന്നെയാണ് ലാഭ വിരുദ്ധ അതോറിറ്റിക്കും വരാനിരിക്കുന്നത്. അതോറിറ്റിയുടെ ഉത്തരവുകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും കമ്പനികള്‍ വഴങ്ങാനുള്ള സാധ്യത കുറവാണ്. പാര്‍ട്ടി ഫണ്ടുകളുടെ മുഖ്യസ്രോതസ്സായ കോര്‍പറേറ്റുകളെയും വ്യവസായികളെയും വരച്ച വരയില്‍ നിര്‍ത്താനോ പിണക്കാനോ ആര്‍ജവമുള്ള ഒരു പാര്‍ട്ടിയും നേതാവും ഇന്ന് രാജ്യത്തില്ല. മാത്രമല്ല, ഒരു ഉത്പന്നത്തിന് അമിത വില ഈടാക്കുന്നതായി പരാതി ലഭിച്ചാല്‍ അതോറിറ്റിയുടെ പ്രവര്‍ത്തനത്തിന് നിശ്ചയിച്ച മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചു പ്രശ്‌നം പരിഹരിക്കുന്നതിന് മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങളോ തന്നെ കാത്തിരിക്കേണ്ടി വരും. ഉപഭോക്താവ് പരാതി അതോറിറ്റിക്ക് കീഴിലുള്ള അതാത് സംസ്ഥാനത്തെ സ്റ്റാന്റിംഗ് കമ്മിറ്റി മുമ്പാകെയാണ് സമര്‍പ്പിക്കേണ്ടത്. പരാതി ശരിയാണെന്ന് സ്റ്റാന്റിംഗ് കമ്മിറ്റിക്ക് പ്രാഥമിക ബോധ്യമുണ്ടായാല്‍ വിശദമായ പരിശോധനക്കായി അത് ഡയറക്ടര്‍ ജനറല്‍ ഓഫ് സേഫ്ഗാര്‍ഡ്‌സിന് കൈമാറും. ഡയറക്ടര്‍ റിപ്പോര്‍ട്ട് അതോറിറ്റിക്ക് അയക്കും. നികുതിയിളവ് വിലയില്‍ പ്രതിഫലിച്ചില്ലെന്ന് അതോറിറ്റിക്കും ബോധ്യപ്പെട്ടാല്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉത്തരവ് പുറപ്പെടുവിക്കും. ഈ ഉത്തരവ് കമ്പനി അനുസരിച്ചാല്‍ തന്നെ അത് നടപ്പിലാകുമ്പോഴേക്ക് മാസങ്ങളേറെ കഴിയും. അത്രയും കാലം കമ്പനി കൊള്ളലാഭം എടുത്തു കൊണ്ടിരിക്കയാണ്.അഥവാ അതോറിറ്റിയുടെ ഉത്തരവ് അനുസരിച്ചു ഇളവ് അനുവദിക്കേണ്ടി വന്നാല്‍ ഉത്പാദനച്ചെലവില്‍ കൃത്രിമമായി വര്‍ധന കാണിച്ചു കമ്പനി സാധനങ്ങളുടെ വില കൂട്ടും. ഇതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാറിന് മുമ്പില്‍ മാര്‍ഗങ്ങളില്ല താനും.

വില വര്‍ധനവിനെക്കുറിച്ച് വ്യാപകമായി പരാതി ഉയരുമ്പോള്‍, പ്രശ്‌നത്തില്‍ ഇടപെട്ടുവെന്ന് വരുത്താനായി എന്തെങ്കിലും തീരുമാനം കൈക്കൊള്ളുകയല്ലാതെ വ്യാപാരി, വ്യവസായി സമൂഹത്തിന്റെ കൊള്ള ലാഭവും ചൂഷണവും അവസാനിപ്പിക്കാനും ജനങ്ങളുടെ പ്രയാസങ്ങള്‍ അകറ്റാനും ആത്മാര്‍ഥമായ ഒരു നീക്കവും സര്‍ക്കാര്‍ നടത്തുന്നില്ല. വിപണിയില്‍ വില ക്രമാതീതമായി ഉയരുമ്പോള്‍ പൊതുവിതരണ മേഖല വഴി സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുകയാണ് അതിനൊരു പ്രായോഗിക മാര്‍ഗം. സപ്ലൈകോ മാര്‍ക്കറ്റുകള്‍ വഴി കേരള സര്‍ക്കാര്‍ ഇതിന്റെ പ്രായോഗികത തെളിയിച്ചതുമാണ്. എന്നാല്‍ സബ്‌സിഡി നല്‍കുന്ന ചരക്കുകളുടെ എണ്ണം അടിക്കടി വെട്ടിക്കുറച്ചു പൊതുവിപണിയില്‍ നിന്ന് പൂര്‍ണമായി പിന്‍വാങ്ങാനുള്ള തീരുമാനത്തിലാണിപ്പോള്‍ സര്‍ക്കാര്‍. ഇതാണ് വില വാണം പോലെ ഉയരാനിടയാക്കുന്ന ഒരു സാഹചര്യം. പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിലെ ക്രമാതീതമായ വില വര്‍ധനവാണ് വിലക്കയറ്റത്തിന്റെ മറ്റൊരു കാരണം. പെട്രോള്‍ മേഖലയെ ജി എസ് ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇത് കുറേയേറെ പരിഹരിക്കാവുന്നതാണെങ്കിലും ജനതാത്പര്യത്തിലുപരി കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്കാണ് കേന്ദ്ര ഭരണാധികാരികള്‍ പ്രാമുഖ്യം നല്‍കുന്നത്.

 

Latest