സി പി ഐയുടെ വ്യാജ ആനന്ദങ്ങള്‍

സി പി ഐ അതിന്റെ ഏറ്റവും പ്രഹരശേഷിയുള്ള ആയുധമാണ് കഴിഞ്ഞ ദിവസം എടുത്തുപയോഗിച്ചത്. മന്ത്രിസഭായോഗ ബഹിഷ്‌കരണം. അത് ഉപയോഗിച്ചതാകട്ടേ സ്വാഭാവികമായും അടര്‍ന്നു വീഴാന്‍ മാത്രം ഭാരം വെച്ച തോമസ് ചാണ്ടിയുടെ രാജിക്ക് വേണ്ടിയും. മുഖ്യമന്ത്രിക്ക് ഇനിയും ഇത്തരം 'അസാധാരണ സാഹചര്യങ്ങളി'ലൂടെ കടന്നുപോകാതിരിക്കാന്‍ കഴിയില്ലല്ലോ. അപ്പോഴൊക്കെ എന്ത് പ്രയോഗിക്കും? ബഹിഷ്‌കരണം ഒരു ക്ലീഷേയാകും. ഇതിലും വലിയ എന്ത് വജ്രായുധമായിരിക്കും അവര്‍ ചുഴറ്റുക? തിരുത്തല്‍ ശക്തിയായിരിക്കുകയെന്ന 'ഭാരിച്ച ദൗത്യം' ഏറ്റെടുത്ത സി പി ഐക്ക് മുന്നില്‍ ഇനിയുള്ളത് മുന്നണി വിടുമെന്ന ഭീഷണി മാത്രമാണ്. ഏതായാലും, സി പി എമ്മിനെ എതിര്‍ക്കുക എന്നത് 'പൊളിറ്റിക്കല്‍ മൊബിലൈസേഷനു'ള്ള പ്രധാന ഉപാധിയായി സ്വീകരിച്ച ഒരു പാര്‍ട്ടിക്ക് ഇത്തരം അസാധാരണ എടുത്തു ചാട്ടങ്ങളിലൂടെ ഇനിയും കടന്ന് പോകേണ്ടി വരും.
Posted on: November 18, 2017 8:17 am | Last updated: November 17, 2017 at 11:31 pm
SHARE

ജനാധിപത്യ സമ്പ്രദായത്തില്‍ ഉത്കൃഷ്ടം മുന്നണി സംവിധാനം തന്നെയെന്നാണ് പറയാറ്. ഏകകക്ഷി ഭരണത്തെ കരുത്തുറ്റതെന്ന് പ്രകീര്‍ത്തിക്കുമ്പോഴും അവ അത്ര ജനാധിപത്യപരമാകാറില്ല എന്നതാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം. ഏകകക്ഷി ഭരണത്തിലെ ഗര്‍വിന്റെയും പ്രഹരങ്ങളുടെയും ചരിത്രം കൂടിയാണല്ലോ കേന്ദ്ര സംസ്ഥാന ഭരണങ്ങളുടെ ചരിത്രം. അത്തരമൊരു സാഹചര്യത്തില്‍ തിടംവെച്ച രാഷ്ട്രീയ ജീര്‍ണതയാണ് കോണ്‍ഗ്രസിനെ ഇന്നത്തെ ദയനീയ സ്ഥിതിയിലെത്തിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഇടര്‍ച്ചകള്‍ ചൂണ്ടിക്കാട്ടാനും വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെക്കാനുമുള്ള വലിയ സാധ്യതകളാണ് മുന്നണി സംവിധാനം ജനാധിപത്യ ഭരണകൂടങ്ങള്‍ക്ക് നല്‍കുന്നത്.

അപ്പോള്‍ തന്നെ വലിയ പരിമിതികളും മുന്നണി സംവിധാനങ്ങള്‍ക്കുണ്ടെന്നത് കാണാതെ പോകാന്‍ കഴിയില്ല. മെയ്‌വഴക്കമെന്നോ നയതന്ത്രതയെന്നോ ഒക്കെ വിളിക്കാവുന്ന തരത്തില്‍ മുന്നണിയെ നിലനിര്‍ത്തിക്കൊണ്ടുപോകുക എന്നത് വിഷമം പിടിച്ച പരിപാടിയാണ്. പ്രത്യേകിച്ചും അതിനെ നയിക്കുന്ന പാര്‍ട്ടിക്ക്. വിരുദ്ധമായ താത്പര്യങ്ങളും വ്യത്യസ്തമായ ഉള്ളടക്കങ്ങളുമുള്ള പാര്‍ട്ടികളെയെല്ലാം പിണക്കാതെ കൊണ്ടുപോകണമല്ലോ.

എടുത്തുചാട്ടങ്ങള്‍/ അവധാനതകള്‍, നെഗളിപ്പുകള്‍/പരുങ്ങലുകള്‍, അതിവേഗനീക്കങ്ങള്‍/മെല്ലെപ്പോക്കുകള്‍, കടുംപിടുത്തങ്ങള്‍/ അയഞ്ഞ നിലപാടുകള്‍ അങ്ങനെ ഒരുപാട് ‘അടവു നയ’ങ്ങളിലൂടെ അവധാനതയോടെ നീങ്ങാന്‍ മുന്നണിയിലെ പാര്‍ട്ടികള്‍, പ്രത്യേകിച്ച് നേതൃത്വത്തിലിരിക്കുന്നവര്‍ നിര്‍ബന്ധിതമാകും. ഇത്തരം ഘട്ടങ്ങളെ മുന്നണി മര്യാദയുടെ ഭാഗമായാണ് പാര്‍ട്ടികള്‍ ന്യായീകരിച്ചെടുക്കുന്നത്.
മുന്നണി മര്യാദയുടെ പരിമിതികള്‍ ചില്ലറയല്ല. ഒരോ കക്ഷിയുടെയും വകുപ്പുകള്‍ ഇതര കക്ഷി നേതാക്കള്‍ പരസ്യമായി അവലോകനം ചെയ്യാതിരിക്കുന്നത് ഉദാഹരണം. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന്റെ പേരില്‍ മന്ത്രി തിലോത്തമനെതിരെ കോണ്‍ഗ്രസ് എസ് നേതാക്കള്‍ പത്ര സമ്മേളനം നടത്തി വിമര്‍ശിച്ചാലുള്ള സ്ഥിതിയെന്തായിരിക്കും?

ഇത്തരം സങ്കീര്‍ണതകളാണ് കേരളത്തിലെ ഇടതു മുന്നണിയില്‍ ഇപ്പോള്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരിക്കുന്നത്. നേതൃപരമായ ദൗത്യം നിര്‍വഹിക്കുന്ന സി പി എം, പൊതുബോധത്തെ വെല്ലുവിളിച്ചുകൊണ്ട് എന്‍ സി പിയോട് കാണിച്ച കരുതല്‍ ആണ് കൂട്ടക്കുഴപ്പങ്ങളെല്ലാം വരുത്തിവെച്ചതെന്ന് പറയാം. ഇവിടെ സി പി എമ്മിനുണ്ടായ ‘ജാഗ്രതക്കുറവും’ കാണാതിരിക്കാന്‍ കഴിയില്ല. എന്‍ സി പിയെ പോലെയുള്ള ഒരു കക്ഷിയോട് അമിതമായ കരുതല്‍ കാണിക്കുമ്പോള്‍, അത് സി പി ഐയെ പോലുള്ള ഘടകകക്ഷി എങ്ങനെ ഉപയോഗിക്കുമെന്ന് കാണാന്‍ അവര്‍ക്ക് കഴിയേണ്ടതായിരുന്നു. ‘കൈയടികള്‍ മാത്രം തങ്ങള്‍ ഏറ്റുവാങ്ങാമെന്നും വിമര്‍ശനങ്ങള്‍ മറ്റുള്ളവര്‍ ഏറ്റെടുക്കട്ടെ എന്നുമുള്ള സമീപനം’ തോമസ് ചാണ്ടി വിഷയത്തില്‍ ആരംഭിച്ചതല്ലെന്ന് അറിയാത്തവരല്ലല്ലോ സി പി എം നേതൃത്വം.

തങ്ങള്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച് അല്‍പ്പം കഴിഞ്ഞ് മന്ത്രി രാജിവെക്കുമ്പോള്‍ അത് തങ്ങള്‍ സ്വീകരിച്ച നടപടികൊണ്ടാണെന്നു വ്യഖ്യാനിച്ച് ഖ്യാതി സ്വന്തമാക്കാനാണ് സി പി ഐ ശ്രമിച്ചതെന്ന് കോടിയേരി ബാലകൃഷ്ണന്‍ തുറന്നുപറഞ്ഞത് സി പി ഐയുടെ കൗശലം ഇനിയും തുടര്‍ന്നുപോകാന്‍ സമ്മതിക്കില്ലെന്ന മുന്നറിയിപ്പായി വായിക്കാവുന്നതാണ്. ഒരു മുന്നണി സര്‍ക്കാറായി പ്രവര്‍ത്തിക്കുമ്പോള്‍ കൈയടികളും വിമര്‍ശനങ്ങളുമുണ്ടാകുമെന്നും അതൊക്കെ പങ്കിട്ടെടുക്കാന്‍ ബാധ്യതയുണ്ടെന്നും പറഞ്ഞുവെക്കുകയാണ് സി പി എം.

തോമസ് ചാണ്ടിയുടെ വിഷയത്തില്‍ ആദര്‍ശപക്ഷത്ത് നില്‍ക്കുന്ന പാര്‍ട്ടി എന്ന നിലയിലാണ് സി പി ഐ പൊതുവെ വ്യവഹരിക്കപ്പെടുന്നത്. എന്നാല്‍ അത്രത്തോളം സല്‍സ്വഭാവികളാണോ അവര്‍? തോമസ് ചാണ്ടിയുടെ സത്യപ്രതിജ്ഞയുടെ ഘട്ടത്തില്‍ അരുത് എന്ന് പറയാന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നത് അപവാദമായി ചൂണ്ടിക്കാട്ടാം. കൈയേറ്റം നടത്തിയ ‘അസാധാരണ’ മനുഷ്യനെ മന്ത്രിസഭയില്‍ പറ്റില്ലെന്ന് അവര്‍ക്ക് പറയാമായിരുന്നു. കൈയേറ്റം മന്ത്രിയായ ശേഷം നടന്നതല്ലെന്ന് മാത്രമല്ല, അദ്ദേഹത്തെക്കുറിച്ചുള്ള ആക്ഷേപങ്ങളും കലക്ടറുടെ റിപ്പോര്‍ട്ടും നിലവിലുണ്ട് താനും. റവന്യൂ വകുപ്പ് കൈയിലുള്ളപ്പോള്‍ എവിടെയൊക്കെ കൈയേറിയെന്ന് കണ്ടെത്താന്‍ സി പി ഐക്ക് ഒരു പ്രയാസവുമില്ല എന്നതും കാണണം. ഇവിടെയാണ് പൊതുബോധം തങ്ങള്‍ക്കനുകൂലമാക്കി ക്രെഡിറ്റ് അടിച്ചെടുക്കാനാണ് സി പി ഐ ശ്രമമെന്ന സി പി എം ആക്ഷേപം സാധുത നേടുന്നത്.

മാത്രമല്ല, കൈയേറ്റ വിഷയത്തില്‍ സി പി ഐയുടെ പ്രതിബദ്ധതയും ജാഗ്രതയും ഇനിയും തെളിയിക്കപ്പെടേണ്ടതുമുണ്ട്. മൂന്നാറില്‍, വലിയ സന്നാഹത്തോടെ ഒരുങ്ങിയ ഒഴിപ്പിക്കല്‍ ദൗത്യം പൊടുന്നനെ നിലച്ചുപോയത് സി പി ഐ പാര്‍ട്ടി ഓഫീസിനു നേരെ ജെ സി ബിയുടെ തുമ്പിക്കൈകളുയര്‍ന്നപ്പോഴായിരുന്നല്ലോ. അന്ന് കോട്ടിട്ടയാളെ മാത്രമല്ല, അതിനു മുകളിലുള്ളയാളെയും സി പി ഐക്കാര്‍ വെല്ലുവിളിച്ചു. സി പി എം നേതാക്കള്‍ എടുത്തുചാടി പ്രസ്താവന നടത്തിയ ഘട്ടത്തില്‍ കൗശലപൂര്‍വം സി പി ഐ പിന്‍മാറി. പാപഭാരം സി പി എമ്മിന്റെ പിരടിയില്‍ പെടുകയും ചെയ്തു.

കേരളത്തില്‍ മാധ്യമ പരിലാളന ഏറ്റവും നന്നായി ഏല്‍ക്കുന്ന പാര്‍ട്ടി സി പി ഐ ആയിരിക്കും. ഒരു ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, എം എല്‍ എ ആയ സ്വന്തം നേതാവിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചിട്ടുപോലും ഇവിടെ അത് അത്ര വലിയ കോലാഹലമുണ്ടാക്കിയിരുന്നില്ല എന്നത് സമീപ കാല ചരിത്രം. സി പി ഐയുടെ വകുപ്പുകളോട് വലിയ ഗുണകാംക്ഷയാണ് ഇവിടെ മാധ്യമങ്ങള്‍ കാണിക്കാറ്. ആ ഒരു സാഹചര്യം ഒരു സാധ്യതയായി എടുക്കുന്ന സമീപനമാണ് സി പി ഐ സ്വീകരിക്കാറുള്ളതും. എന്നാല്‍, അത് ഏതുതരം വിപത്തുകളിലാണ് പാര്‍ട്ടിയെ എത്തിക്കുക എന്ന് അവര്‍ ആലോചിക്കുന്നില്ലെന്ന് വേണം അനുമാനിക്കാന്‍. മാധ്യമങ്ങളുടെ പ്രിയം സി പി എമ്മിനെ എതിര്‍ക്കുന്നത് കൊണ്ട് മാത്രമാണെന്നും ഒരു നിര്‍ണായക ഘട്ടത്തില്‍ അസ്തമിക്കാവുന്നതേ ഉള്ളൂ പരിലാളനയുടെ നട്ടുച്ചയെന്നും സി പി ഐ മനസ്സിലാക്കേണ്ടതാണ്. ഒരു ചെറു വമര്‍ശം പോലും അസഹ്യമാകും വിധം വിരിച്ചിടത്ത് കിടക്കുകയാണ് പാര്‍ട്ടിയെന്ന് സ്വയം വിലയിരുത്തലെങ്കിലും നടത്തുന്നത് നന്ന്.

ഏതായാലും സി പി ഐ അതിന്റെ ഏറ്റവും പ്രഹരശേഷിയുള്ള ആയുധമാണ് കഴിഞ്ഞ ദിവസം എടുത്തുപയോഗിച്ചത്. മന്ത്രിസഭായോഗ ബഹിഷ്‌കരണം. അത് ഉപയോഗിച്ചതാകട്ടേ സ്വാഭാവികമായും അടര്‍ന്നു വീഴാന്‍ മാത്രം ഭാരം വെച്ച തോമസ് ചാണ്ടിയുടെ രാജിക്ക് വേണ്ടിയും. മുഖ്യമന്ത്രിക്ക് ഇനിയും ഇത്തരം ‘അസാധാരണ സാഹചര്യങ്ങളി’ലൂടെ കടന്നുപോകാതിരിക്കാന്‍ കഴിയില്ലല്ലോ. അപ്പോഴൊക്കെ എന്ത് പ്രയോഗിക്കും? ബഹിഷ്‌കരണം നടത്തുക എന്നത് ഒരു ക്ലീഷേയാകും. ഇതിലും വലിയ എന്ത് വജ്രായുധമായിരിക്കും അവര്‍ ചുഴറ്റുക? തിരുത്തല്‍ ശക്തിയായിരിക്കുകയെന്ന ‘ഭാരിച്ച ദൗത്യം’ ഏറ്റെടുത്ത സി പി ഐക്ക് മുന്നില്‍ ഇനി മുന്നണി വിടുമെന്ന ഭീഷണി മാത്രമാണ് ഉള്ളത്. അസാധാരണ നടപടിക്ക് പിറകേ ചെന്നിത്തലയും അസീസുമൊക്കെ നടത്തിയ പ്രസ്താവനകളുടെ അര്‍ഥമതാണല്ലോ. ഇപ്പോഴത്തെ നിലയിലേക്ക് പാര്‍ട്ടിയെ കൊണ്ടു ചെന്ന് എത്തിച്ച നേതാക്കള്‍ക്കെതിരെ സി പി ഐ നേതൃനിരയില്‍ നിന്ന് തന്നെ സ്വരമുയര്‍ന്നു തുടങ്ങിയത് കൂടി കാണണം.

സി പി എമ്മിനെ എതിര്‍ക്കുക എന്നത് ‘പൊളിറ്റിക്കല്‍ മൊബിലൈസേഷനു’ള്ള പ്രധാന ഉപാധിയായി സ്വീകരിച്ച ഒരു പാര്‍ട്ടിക്ക് ഇത്തരം അസാധാരണ എടുത്തു ചാട്ടങ്ങളിലൂടെ ഇനിയും കടന്ന് പോകേണ്ടി വരും. ‘ഞങ്ങളോട് എല്ലാവരും മുന്നണി മര്യാദ പാലിച്ചു കൊള്ളണം, ഞങ്ങളെ ഒരു മര്യാദക്കും കിട്ടില്ലെ’ന്ന് ആ പാര്‍ട്ടി പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യും. കഥയിലെ വില്ലന്‍ എക്കാലത്തും എതിര്‍ പാര്‍ട്ടിയായതിനാല്‍ ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന ഓരോ സംഘര്‍ഷാവസ്ഥയിലും പ്രതിച്ഛായ മെച്ചപ്പെട്ടുവെന്ന വ്യാജ ആനന്ദം ആ പാര്‍ട്ടിക്ക് ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യും.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here