സൈനികരെ സഹായിച്ച നായയെ പരമോന്നത ബഹുമതി നല്‍കി ആദരിച്ചു

Posted on: November 17, 2017 7:56 pm | Last updated: November 17, 2017 at 7:56 pm

ലണ്ടന്‍: പോലീസ് സേനക്ക് നല്‍കിയ സ്തുത്യര്‍ഹ സേവനത്തിന് ബ്രിട്ടനില്‍ നായക്ക് പരമോന്നത സൈനിക മെഡല്‍. യുകെ സ്‌പെഷ്യല്‍ ഫോഴ്‌സിന് കീഴിലുള്ള മാലി എന്ന ബെല്‍ജിയം നായയെ ആണ് പിഡിഎസ്എ ഡികിന്‍ മെഡല്‍ നല്‍കി ആദരിച്ചത്. സൈനികര്‍ക്ക് നല്‍കുന്ന പരമോന്നത മെഡലായ വിക്‌ടോറിയ ക്രോസിന് തുല്യമാണ് ഈ പുരസ്‌കാരം.

2012ല്‍ അഫ്ഗാനിസ്ഥാനിലെ സൈനിക ഓപ്പറേഷനില്‍ പങ്കെടുത്ത നായ മികച്ച സേവനം കാഴ്ചവെച്ചിരുന്നു. താലിബാനികള്‍ സ്ഥാപിച്ച കുഴിബോംബുകളും മറ്റും മണത്തറിഞ്ഞ് സൈന്യത്തിന് കൃത്യമായ വിവരം നല്‍കുന്നതിന് നായയുടെ സേവനം ഏറെ മികച്ചതായിരുന്നുവെന്ന് ബ്രിട്ടീഷ് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഇത് കണക്കിലെടുത്താണ് നായക്ക് പരമോന്നത ബഹുമതി നല്‍കാന്‍ സൈന്യം തയ്യാറായത്.

ഓപ്പറേഷനിടെ പലതവണ പരുക്കേറ്റിട്ട് പോലും വര്‍ധിത വീര്യത്തോടെ നായ സൈന്യത്തെ സഹായിച്ചതായി പീപ്പിള്‍സ് ഡിസ്‌പെന്‍സറി ഫോര്‍ സിക് എനിമല്‍സ് ഡയറക്ടര്‍ ജനറല്‍ മക് ലോഫിന്‍ പറഞ്ഞു.