Connect with us

Sports

ലോകകപ്പ് ടീമുകളായി, ഇനി ഗ്രൂപ്പ് നിര്‍ണയം

Published

|

Last Updated

ലിമ: 1982ന് ശേഷം പെറു ഫിഫ ലോകകപ്പിന് യോഗ്യത നേടി. ഓഷ്യാനിയ/ലാറ്റിനമേരിക്ക പ്ലേ ഓഫില്‍ ന്യൂസിലാന്‍ഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് പെറുവിന്റെ തിരിച്ചുവരവ്. ന്യൂസിലാന്‍ഡിലെ ആദ്യപാദ പ്ലേ ഓഫ് ഗോള്‍ രഹിതമായിരുന്നു.
ഇതോടെ, പെറുവിന്റെ തട്ടകത്തില്‍ നടക്കുന്ന രണ്ടാം പാദ പ്ലേ ഓഫ് നിര്‍ണായകമായി. ജെഫേഴ്‌സന്‍ ഫര്‍ഫാനും ക്രിസ്റ്റ്യന്‍ റാമോസും പെറുവിനായി സ്‌കോര്‍ ചെയ്തു. ഇരുപത്തേഴാം മിനുട്ടിലായിരുന്നു ഫര്‍ഫാന്റെ സ്‌കോറിംഗ്. പെറു നടത്തിയ ആക്രമണത്തിന്റെ ബാക്കിപത്രമായിരുന്നു ആദ്യ ഗോള്‍.

ക്രിസ്റ്റിയന്‍ ക്യൂവ പന്തുമായി ഇടത് വിംഗിലൂടെ കുതിച്ച് കൃത്യതയോടെ പന്ത് ഫര്‍ഫാന് കൈമാറി. ലോകോമോടീവ് മോസ്‌കോ ക്ലബ്ബിന്റെ മുപ്പത്തിമൂന്ന് വയസുകാരന്‍ വലത് കാല്‍ കൊണ്ട് തൊടുത്തുവിട്ട ഷോട്ട് ന്യൂസിലാന്‍ഡ് ഗോള്‍ കീപ്പര്‍ സ്റ്റെഫാന്‍ മാരിനോവിചിനെ കീഴടക്കുന്നതായി.
ഡോപ് ടെസ്റ്റില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ പുറത്താക്കപ്പെട്ട സഹതാരം പോളോ ഗ്യുറേറയുടെ ജഴ്‌സി കൊണ്ട് തലമൂടിയിട്ടാണ് ഫര്‍ഫാന്‍ ഗോള്‍ ആഹ്ലാദം പ്രകടിപ്പിച്ചത്.നാല്‍പ്പത്തിരണ്ടാം മിനുട്ടില്‍ ഫര്‍ഫാന് വീണ്ടും അവസരം. ന്യൂസിലാന്‍ഡ് ഗോളി മാരിനോവിചിന്റെ കുത്തിയകറ്റല്‍ ഫര്‍ഫാന്റെ കാലുകളിലാണ് എത്തിയത്. ഫര്‍ഫാന്റെ ഷോട്ട് ഗോളി ഇടത് കൈകൊണ്ട് തട്ടിമാറ്റി തുടരെ മികച്ച സേവുകള്‍ നടത്തി.അമ്പതാം മിനുട്ടില്‍ ന്യൂസിലാന്‍ഡിന്റെ കിപ് കോള്‍വെമികച്ച ഗോളവസരം സൃഷ്ടിച്ചു. റൈറ്റ് വിംഗില്‍ നിന്ന് കിപ് നല്‍കിയ അളന്ന് തൂക്കിയ ക്രോസ് പാസ് പകരക്കാരന്‍ ക്രിസ് വുഡിന് പാകത്തിന് ലഭിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സ്‌ട്രൈക്കറായ ക്രിസ് വുഡിന്റെ ഹെഡര്‍ പെറു ഗോള്‍ കീപ്പര്‍ പെഡ്രോ ഗലേസെ ഗംഭീരമായ സേവിലൂടെ തടഞ്ഞു.ഇതിന് പിന്നാലെ, പെറുവിന്റെ ലോകകപ്പ് യോഗ്യത അരക്കിട്ടുറപ്പിച്ച റാമോസിന്റെ ഗോള്‍ പിറന്നു. കോര്‍ണര്‍ ബോള്‍ ഫര്‍ഫാന്റെ ഹെഡറിലൂടെ കിവിസിന്റെ ഗോള്‍ മുഖത്ത്. കിവി ഡിഫന്‍ഡര്‍ വിന്‍സ്റ്റന്‍ റീഡ് പന്ത് ക്ലിയര്‍ ചെയ്തത് റാമോസിന്റെ മുന്നിലേക്ക്. ഞൊടിയിടയില്‍ റാമോസ് അത് ഗോളാക്കി.

ഡിസംബര്‍ 1ന്
ഫൈനല്‍ ഡ്രോ

ഫൈനല്‍ ഡ്രോയില്‍ പങ്കെടുക്കുന്ന ടീമുകളെ നാല് പോട്ടുകളിലായി തരംതിരിച്ചിട്ടുണ്ട്. ഓരോ പോട്ടിലും എട്ട് ടീമുകള്‍ വീതം. മോസ്‌കോയിലെ ക്രെംലിന്‍ പാലസില്‍ ഡിസംബര്‍ ഒന്നിനാണ് ഫൈനല്‍ ഡ്രോ.
പോട് 1 – റഷ്യ, ജര്‍മനി, ബ്രസീല്‍, പോര്‍ച്ചുഗല്‍, അര്‍ജന്റീന, ബെല്‍ജിയം, പോളണ്ട്, ഫ്രാന്‍സ്.
പോട് 2 – സ്‌പെയിന്‍, പെറു, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇംഗ്ലണ്ട്, കൊളംബിയ, മെക്‌സിക്കോ, ഉറുഗ്വെ, ക്രൊയേഷ്യ.
പോട് 3 – ഡെന്‍മാര്‍ക്ക്, ഐസ് ലാന്‍ഡ്, കോസ്റ്റ റിക്ക, സ്വീഡന്‍, ടുണീഷ്യ, ഈജിപ്ത്, സെനഗല്‍, ഇറാന്‍.
പോട് 4 – സെര്‍ബിയ, നൈജീരിയ, ആസ്‌ത്രേലിയ, ജപ്പാന്‍, മൊറോക്കോ, പനാമ, ദക്ഷിണ കൊറിയ, സഊദി അറേബ്യ.