കോണ്‍ഗ്രസിനെ പ്രതിരോധിക്കാന്‍ ബി ജെ പിയുടെ ‘ഹിന്ദു സമൂഹം

Posted on: November 17, 2017 11:10 am | Last updated: November 17, 2017 at 11:10 am

അഹമ്മദാബാദ്: ഹര്‍ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി, അല്‍പേഷ് ഠാക്കൂര്‍ തുടങ്ങിയ നേതാക്കള്‍ തങ്ങളുള്‍പ്പെട്ട സമുദായത്തെ കോണ്‍ഗ്രസ് പാളയത്തിലേക്കടുപ്പിക്കുമ്പോള്‍ മറുതന്ത്രം പയറ്റുകയാണ് ഗുജറാത്തിലെ ഭരണകക്ഷിയായ ബി ജെ പി. ‘ഐക്യ ഹിന്ദു സമൂഹം’ എന്ന വലിയ പ്രചാരണ പ്രവര്‍ത്തനത്തിനാണ് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ആര്‍ എസ് എസിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചിരിക്കുന്നത്. തങ്ങളുടെ പരമ്പരാഗത സമുദായ വോട്ട് ബേങ്കുകള്‍ വിഘടിച്ചു തുടങ്ങുമ്പോള്‍ അറ്റകൈ പ്രയോഗം എന്ന നിലയിലാണ് ഈ നീക്കം. ‘നായാടി മുതല്‍ നമ്പൂതിരി വരെ’ എന്ന് കേരളത്തില്‍ കേട്ടുപഴകിയ പരാജിത തന്ത്രത്തിന്റെ ഗുജറാത്ത് മോഡല്‍.

രണ്ട് ദശാബ്ദത്തിലേറെയായി സംസ്ഥാനത്തെ അധികാര രാഷ്ട്രീയത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ടിരിക്കുന്ന കോണ്‍ഗ്രസിന് ഹര്‍ദിക്- അല്‍പേഷ്- ജിഗ്നേഷ് ത്രയം പുതിയ ഊര്‍ജമാണ് ഉണ്ടാക്കിയിട്ടുള്ള്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനത്തില്‍ ഊന്നിയുള്ള പ്രചാരണം ബി ജെ പിയെ ശരിക്കും ആശയക്കുഴപ്പത്തിലാക്കുന്നുമുണ്ട്.

രാഹുലിന്റെ മതം ചോദ്യം ചെയ്ത് അത് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് അതേ പാതയില്‍ തന്നെ ഏറെ മുന്നേറിക്കഴിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിലാണ് വിഘടിച്ചുനില്‍ക്കുന്ന ഹൈന്ദവ സമൂഹത്തെ ഏകീകരിച്ച് പോളിംഗ് ബൂത്തിലെത്തിക്കാനുള്ള ബി ജെ പി നീക്കം ആര്‍ എസ് എസ് പാളയത്തില്‍ ആസൂത്രണം ചെയ്യപ്പെടുന്നത്. സംസ്ഥാനത്തെ ആര്‍ എസ് എസിന്റെ 12 വിഭാഗങ്ങളിലാണ് (യൂനിറ്റ്) ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ഹിന്ദു സമൂഹത്തിന്റെ അവിഭാജ്യ ഘടകമായ വിവിധ സമുദായങ്ങള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന ഭിന്നത ദേശീയ സുരക്ഷ, സാമൂഹിക സന്തുലനം എന്നിവയെ സംബന്ധിച്ച് നല്ല സൂചനയല്ല നല്‍കുന്നതെന്നാണ് ആര്‍ എസ് എസിന്റെ വിലയിരുത്തല്‍. നിക്ഷിപ്ത രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തിയും കോണ്‍ഗ്രസിന്റെ ജാതീയത പ്രചാരണങ്ങളില്‍ കുടുങ്ങിയുമാണ് പല സമുദായങ്ങളും ബി ജെ പിയെ കൈയൊഴിയുന്നതെന്നും അവര്‍ കരുതുന്നു. ഈ വിഭാഗീയത പ്രതിരോധിച്ച് ഹൈന്ദവ സമൂഹത്തെ ഒരുമിപ്പിക്കുന്നതിനുള്ള ചുമതല സംഘ്പരിവാറിന്റെതാണെന്ന് ഉന്നത ആര്‍ എസ് എസ് നേതാവ് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
യുവാക്കളെ ലക്ഷ്യം വെച്ച് നേരിട്ടും സാമൂഹിക മാധ്യമങ്ങള്‍ വഴിയുമുള്ള പ്രചാരണമാണ് ഇക്കാര്യത്തില്‍ ആരംഭിച്ചിട്ടുള്ളത്. ഇതിനായി ഓരോ താലൂക്കിലും പട്ടണത്തിലും 15 പേരെ ഉള്‍പ്പെടുത്തിയുള്ള പ്രേത്യക സമിതിക്ക് ആര്‍ എസ് എസ് രൂപം നല്‍കിക്കഴിഞ്ഞു. 176 താലൂക്കുകളില്‍ ‘സാമാജിക് സദ്ഭാവ് ക്യാമ്പയിന്‍’ എന്ന് പേരിട്ടിരിക്കുന്ന 1,400ഓളം പ്രചാരണ പരിപാടികള്‍ പുരോഗമിക്കുകയാണ്.

‘ഐക്യം- ദേശീയത’ എന്ന മുദ്രാവാക്യമാണ് പരിപാടികളില്‍ ഉയരുന്നത്. പ്രചാരണ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ, നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി സ്വയം സേവകന്മാരുടെയും പ്രചാരകുമാരുടെയും യോഗങ്ങളും നടക്കുന്നു. ഓരോ സംഘ് നേതാവും തന്റെ പ്രദേശത്തെ ഓരോ ഹിന്ദു ഭവനങ്ങളിലും നേരിട്ട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തണമെന്നാണ് നിര്‍ദേശം.

ജാതിയുടെ പേരില്‍ വിഘടിച്ചുനില്‍ക്കരുതെന്ന് ഹിന്ദു സമൂഹത്തെ ബോധ്യപ്പെടുത്താനാണ് ആര്‍ എസ് എസ് ശ്രമമെന്ന് സംഘടനയുടെ പശ്ചിമ മേഖല സെക്രട്ടറി സുനില്‍ മേത്ത പറഞ്ഞു. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയുള്ള 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പയറ്റി വിജയിച്ച തന്ത്രമാണിത്.