കുട്ടനാടും തോമസ് ചാണ്ടിയും

Posted on: November 17, 2017 6:06 am | Last updated: November 16, 2017 at 11:12 pm
SHARE

തന്നെ ചൊല്ലി ഭരണപക്ഷം കടുത്ത ഏറ്റുമുട്ടല്‍ നടത്തുമ്പോഴും തോമസ് ചാണ്ടി പ്രതീക്ഷയിലാണ്. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കുറ്റവിമുക്തനായി മന്ത്രിസഭയില്‍ തിരികെയെത്താനാണ് മോഹം. എന്‍ സി പിക്കുള്ള രണ്ട് നിയമസഭാംഗങ്ങളില്‍ രണ്ടാമനായി മന്ത്രിസഭയിലെത്തിയ ചാണ്ടിയുടെ പതനം പ്രതീക്ഷിച്ചതിലും വേഗത്തിലായിരുന്നു. മന്ത്രി സ്ഥാനം രാജിവെച്ച എ കെ ശശീന്ദ്രന്റെ പിന്‍ഗാമിയായെത്തിയ, തോമസ് ചാണ്ടി അതിനു മുമ്പേ മന്ത്രിസ്ഥാനം സ്വപ്‌നം കണ്ടയാളാണ്.

മന്ത്രിസ്ഥാനം പങ്കിടാനുള്ള തീരുമാനം എന്‍ സി പിയില്‍ മന്ത്രിസഭാ രൂപവത്കരണത്തിന്റെ തുടക്കത്തില്‍ തന്നെയുണ്ടായെങ്കിലും ഇത്ര വേഗം തന്റെ കൈകളിലത് എത്തിച്ചേരുമെന്ന് തോമസ് ചാണ്ടി കരുതിയിരുന്നില്ലായിരിക്കണം. തിരഞ്ഞെടുപ്പു കാലത്ത്, മന്ത്രി സ്ഥാനം സ്വയം പ്രഖ്യാപിച്ച ചാണ്ടിയെ പക്ഷേ, തുടക്കത്തില്‍ കൂടെ കൂട്ടാന്‍ പിണറായി വിജയനും മനസ്സില്ലായിരുന്നു. അതുകൊണ്ട് തന്നെയാണ് ശശീന്ദ്രന് നറുക്ക് വീണത്.

കോടതി പരാമര്‍ശങ്ങള്‍ക്ക് ശേഷവും സ്ഥാനത്ത് തുടരാന്‍ ശ്രമിച്ച ചാണ്ടിയെ വലിച്ചിറക്കിയത് സി പി ഐ യുടെ നിലപാടാണ് എന്നാണ് വിലയിരുത്തല്‍. അതിനും ദിവസങ്ങള്‍ക്ക് മുമ്പേ ചാണ്ടിയുടെ രാജി കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എല്‍ ഡി എഫ് യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയെങ്കിലും സര്‍ക്കാറിനെതിരെ പോലും രൂക്ഷ വിമര്‍ശമുന്നയിച്ച കോടതി വിധി വന്നിട്ടു പോലും ചാണ്ടിയെ സംരക്ഷിച്ചുപോരുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇതിലുള്ള കടുത്ത അമര്‍ഷം പരസ്യമായി രേഖപ്പെടുത്തിയാണ് സി പി ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. എന്തായാലും, തോമസ് ചാണ്ടിക്ക്, മന്ത്രിസഭയില്‍ തിരികെയെത്താമെന്നത് വ്യാമോഹം മാത്രമായിരിക്കുമെന്നണ് വിലയിരുത്തല്‍. പ്രത്യേകിച്ചും നിയമലംഘനങ്ങള്‍ അക്കമിട്ട് നിരത്തി കുറ്റപത്രം തയ്യാറാക്കിയ റവന്യൂവകുപ്പ് കൈകാര്യം ചെയ്യുന്ന സി പി ഐയുടെ നിലപാട് ഇക്കാര്യത്തില്‍ കര്‍ക്കശമാക്കമ്പോള്‍. തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റത്തിനെതിരെ ആദ്യം സമര രംഗത്തിറങ്ങിയത് സി പി ഐ ജില്ലാ കമ്മിറ്റിയായിരുന്നു. കെ ഇ ഇസ്മാഈലിന്റെ എം പി ഫണ്ട് കൂടി ഉപയോഗപ്പെടുത്തി നിയമവിരുദ്ധമായാണ് തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചതെന്ന കണ്ടെത്തലുണ്ടായിട്ടും സി പി ഐ സമരമുഖത്ത് ഉറച്ചു നിന്നു. എല്‍ ഡി എഫ് തെക്കന്‍മേഖലാ ജനജാഗ്രതാ യാത്ര തന്റെ തട്ടകത്തിലെത്തിയപ്പോള്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനത്തെ മാലയിട്ട് സ്വീകരിക്കുകയും റവന്യൂ വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്ത തോമസ് ചാണ്ടി താന്‍ ഇനിയും ഭൂമി നികത്തുമെന്നും ആര്‍ക്കും ഒരു ചുക്കും ചെയ്യാനാകില്ലെന്നും വെല്ലുവിളിക്കുകയും ചെയ്തു. മന്ത്രിയുടെ വെല്ലുവിളിക്കെതിരെ കാനം രംഗത്ത് വന്നെങ്കിലും സുധാകര്‍ റെഡ്ഡിക്കെതിരെ രംഗത്ത് വന്ന് ചാണ്ടി സി പി ഐയെ കുടൂതല്‍ പ്രകോപിപ്പിക്കുകയായിരുന്നു. റെഡ്ഡി അഴിമതിക്കാരനാണെന്ന പ്രസ്താവനക്കെതിരെ കോലം കത്തിച്ചാണ് സി പി ഐ പ്രതികരിച്ചത്. കായല്‍ കൈയേറ്റത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സി പി ഐയുടെയും റവന്യൂ വകുപ്പിന്റെയും നടപടികള്‍ തോമസ് ചാണ്ടിയെ ഒട്ടൊന്നുമല്ല പ്രകോപിപ്പിച്ചത്. തിരിച്ചുവരവ് പ്രതീക്ഷിച്ചാണ് അദ്ദേഹം ഇപ്പോള്‍ അടങ്ങിയിരിക്കുന്നത്.

ശതകോടീശ്വരനായ വ്യവസായി എന്ന നിലയിലേക്ക് മാത്രം ചുരുങ്ങിയ ചാണ്ടിയുടെ നടപടികള്‍ സ്വയം കുഴി കുഴിക്കുന്ന സാഹചര്യമാണുണ്ടാക്കിയത്. കേസ് പരിഗണിച്ച കോടതിക്കും അദ്ദേഹത്തിന്റെ നിലപാടുകളെ ന്യായീകരിക്കാനായില്ല. ദന്തഗോപുരത്തില്‍ നിന്നിറങ്ങി സാധാരണക്കാരനെ പോലെ നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറാകണമെന്ന കോടതി പരാമര്‍ശം അദ്ദേഹത്തിന്റെ ഹരജിയിലെ വാക്കുകളില്‍ നിന്നുണ്ടായതാണെന്ന് വ്യക്തം. മന്ത്രിയെന്ന നിലയിലാണ് തോമസ് ചാണ്ടി കോടതിയെ സമീപിച്ചതും സ്വന്തം സര്‍ക്കാറിലെ റവന്യൂ വകുപ്പ് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന ആവശ്യമുന്നയിച്ചതും. ഇക്കാര്യം തോമസ് ചാണ്ടിക്ക് ബോധ്യപ്പെടാന്‍ മന്ത്രി സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നു. രാജിവെച്ച ശേഷം അദ്ദേഹം വ്യക്തമാക്കിയത് തന്നെ ഇതിന് തെളിവാണ്. താന്‍ മന്ത്രിയെന്ന നിലയില്‍ കോടതിയെ സമീപിച്ചതിനാലാണ് ഹരജി തള്ളിയതെന്നും തന്റെ കമ്പനിയാണ് സമീപിച്ചതെങ്കില്‍ വിധി മറിച്ചാകുമായിരുന്നെന്നുമാണ് അവകാശപ്പെടുന്നത്. എന്തായാലും നഷ്ടപ്പെട്ട ബുദ്ധി ആന പിടിച്ചാലും തിരികെ ലഭിക്കില്ലല്ലോ.

പൊന്ന് വിളയിക്കുന്ന കുട്ടനാടന്‍ കായല്‍ നിലങ്ങള്‍ മണ്ണിട്ട് നികത്തി പണക്കൊയ്ത്ത് നടത്തുന്ന തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളെ സ്വന്തം മന്ത്രി സ്ഥാനത്തിന് പോലും സംരക്ഷിക്കാനായില്ല. നിയമലംഘനങ്ങളെ കുറിച്ച് അന്വേഷണം നടത്തിയ ആലപ്പുഴ ജില്ലാ കലക്ടര്‍ ടി വി അനുപമ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അക്ഷരാര്‍ഥത്തില്‍ അദ്ദേഹത്തിനെതിരെയുള്ള കുറ്റപത്രമായിരുന്നു. ഇതിനെ നേരിടാന്‍ പല തന്ത്രങ്ങളും പയറ്റിയെങ്കിലും അതൊന്നും വിലപ്പോയില്ല. ഒടുവില്‍ വന്‍ തുക ചെലവഴിച്ച് റിപ്പോര്‍ട്ടിനെതിരെ മാധ്യമങ്ങളില്‍ പരസ്യം നല്‍കി. കാനം ചീഫ് എഡിറ്ററായ സി പി ഐയുടെ ജനയുഗത്തിലും പരസ്യം പ്രസിദ്ധീകരിച്ചു. ഇത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയെങ്കിലും നിലപാട് മാറ്റാന്‍ സി പി ഐ തയ്യാറായില്ല. കോടതി പരാമര്‍ശങ്ങള്‍ വന്നതോടെ ചാണ്ടിയെ ബഹിഷ്‌കരിക്കുന്ന നിലപാടിലേക്ക് പാര്‍ട്ടി നീങ്ങുകയും ഇതിന്റെ ആദ്യ പടിയായി സി പി ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുകയുമായിരുന്നു. സി പി ഐയുടെ ഈ കര്‍ക്കശ നിലപാട് ചാണ്ടിയെ ദന്തഗോപുരത്തില്‍ നിന്ന് താഴെയിറക്കുകയും ചെയ്തു.

കുട്ടനാട് ചേന്നംകരിയിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച തോമസ് ചാണ്ടിക്ക് കൃഷിയേക്കാള്‍ പഥ്യം വ്യവസായമായിരുന്നു. അതിന്റെ ഭാഗമായി വാങ്ങിക്കൂട്ടിയ കായല്‍ നിലങ്ങള്‍ക്ക് കൈയും കണക്കുമില്ല. കലക്ടറുടെ റിപ്പോര്‍ട്ടില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജില്ലയിലുടനീളം അദ്ദേഹം സ്വന്തമാക്കിയ ഭൂമിയെക്കുറിച്ചുള്ള കണക്കെടുക്കാന്‍ തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ജില്ലാ കലക്ടര്‍. ഇത് കൂടി പുറത്ത് വരുന്നതോടെ റവന്യൂ വകുപ്പ് തോമസ് ചാണ്ടിക്ക് മേല്‍ കുരുക്ക് കൂടുതല്‍ മുറുക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

മലയാളികളെ അന്നമൂട്ടുന്ന കേരളത്തിന്റെ നെല്ലറയായ കുട്ടനാടിന്റെ കൃഷി രീതി ലോകത്തിന് തന്നെ അത്ഭുതമാണ്. ആഴമേറിയ കായലിലെ വെള്ളം വറ്റിച്ച് നിലമൊരുക്കി അതില്‍ കൃഷി ചെയ്യുന്ന വിസ്മയകരമായ കൃഷി രീതി ലോകത്തിന് മുന്നില്‍ കാഴ്ചവെച്ചത് കായല്‍രാജാവ് മുരിക്കന്‍ ആണ്. കടല്‍ നിരപ്പിനെക്കാള്‍ അമ്പതടി വരെ താഴ്ചയുള്ള കുട്ടനാടന്‍ കായല്‍ നിലങ്ങളില്‍ കൃഷിയിറക്കി മലയാളിയെ അന്നമൂട്ടിയ കായല്‍രാജാവ് മുരിക്കന് പക്ഷേ, അധിക നാള്‍ തന്റെ കായല്‍ സാമ്രാജ്യം നിലനിര്‍ത്താനായില്ല. ഭൂപരിഷ്‌കരണ നിയമത്തില്‍ പെട്ട് മുരിക്കന്റെ കായല്‍ സാമ്രാജ്യം പാടത്ത് പണിയെടുക്കുന്ന കര്‍ഷക തൊഴിലാളികള്‍ക്കായി വീതിക്കപ്പെട്ടു. എങ്കിലും മുരിക്കന്‍ പകര്‍ന്നു നല്‍കിയ കൃഷി രീതിക്ക് ഇന്നും മാറ്റമില്ല. എന്നാല്‍ ഇന്നിപ്പോള്‍ കുട്ടനാട് ലോകം മുഴുവന്‍ അറിയപ്പെടുന്നത് വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടാണ്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് കുട്ടനാട്. കുട്ടനാടിന്റെ തനി നാടന്‍ താറാവും കായല്‍ കൊഞ്ചും കരിമീനുമെല്ലാം വിനോദസഞ്ചാരികളുടെ തീന്‍ മേശയിലെത്തിച്ച് ആ നിലക്കും ഈ നാട് ലോകത്തിന് പ്രിയപ്പെട്ടതായി മാറി. അതിന്റെ ക്രഡിറ്റ് തോമസ് ചാണ്ടിക്കും അവകാശപ്പെട്ടതാണ്. വളര്‍ന്നു പന്തലിച്ച ടൂറിസം വ്യവസായത്തോടുള്ള ആഭിമുഖ്യമാണ് കുട്ടനാടിന്റെ തനത് കൃഷിയും മീന്‍വളര്‍ത്തലുമെല്ലാം അന്യം നിന്നു പോകുന്ന സ്ഥിതിയിലേക്ക് എത്തിച്ചത്.

കായല്‍ രാജാവ് മുരിക്കന്‍ നേടിയ കാര്‍ഷിക വിജയവും ഡോ എം എസ് സ്വാമിനാഥന്‍ പകര്‍ന്നു നല്‍കിയ ഹരിത വിപ്ലവവുമെല്ലാം പിന്‍മുറക്കാര്‍ക്ക് ചതുര്‍ഥിയായതോടെ, തോമസ് ചാണ്ടിയെ പോലുള്ളവര്‍ പുത്തന്‍ വ്യവസായ സങ്കല്‍പ്പങ്ങളുമായി കുട്ടനാട് കൈയടക്കി. അങ്ങനെയാണ് കുട്ടനാട്ടിലെ കായല്‍ നിലങ്ങള്‍ വിലക്ക് വാങ്ങിയും മണ്ണിട്ട് നികത്തിയും വിനോദസഞ്ചാര വ്യവസായ സാമ്രാജ്യം ഇവര്‍ കെട്ടിപ്പടുത്തത്. തോമസ് ചാണ്ടി തന്നെയാണ് ഈ രംഗത്ത് ഏറ്റവും വിജയം കൊയ്ത വ്യവസായി. രാജ്യത്തെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും ഭരണാധികാരികള്‍ക്കും പുറമെ, വിദേശ രാഷ്ട്ര തലവന്മാര്‍ക്കുമെല്ലാം ആതിഥ്യമരുളാന്‍ അവസരം ലഭിച്ച തോമസ് ചാണ്ടിക്ക് തന്റെ വിനോദസഞ്ചാര വ്യവസായ സാമ്രാജ്യം നല്ല നിലയില്‍ രക്ഷപ്പെടുത്താന്‍ സാധിച്ചു. ഭരണ-പ്രതിപക്ഷമെന്നുള്ള വ്യത്യാസങ്ങളൊന്നും ചാണ്ടിയുടെ ആതിഥ്യം സ്വീകരിക്കുന്നതിലുണ്ടായിരുന്നില്ല.

കുവൈറ്റില്‍ തൊഴില്‍ തേടിയെത്തിയ തോമസ് ചാണ്ടിക്ക് അവിടെ, സ്‌കൂളുകള്‍ കെട്ടിപ്പടുത്തതിന്റെ മറവില്‍ നടന്ന ക്രമക്കേടിന്റെ പേരില്‍ മാസങ്ങളോളം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഒന്നര പതിറ്റാണ്ട് മുമ്പുണ്ടായ സംഭവത്തില്‍ ജയില്‍ മോചിതനാകാന്‍ കുവൈറ്റ് ചാണ്ടിയെന്ന തോമസ് ചാണ്ടി അന്ന് ചെലവഴിച്ചത് 85 ലക്ഷം രൂപയാണ്. എന്തും വില കൊടുത്ത് നേടാമെന്ന ചിന്ത തോമസ് ചാണ്ടിക്ക് ഒരു പക്ഷേ, അന്നു മുതലാകാം ഉണ്ടായത്. കുട്ടനാട്ടില്‍ പരിധിയില്ലാതെ ഭൂമി വാങ്ങിക്കൂട്ടിയ തോമസ് ചാണ്ടി, ആവശ്യമുള്ള ഭാഗങ്ങളെല്ലാം വന്‍തോതില്‍ മണ്ണിട്ടു നികത്തി. കായല്‍ നിലങ്ങള്‍ വാങ്ങിക്കൂട്ടാനും ഇത് മണ്ണിട്ട് നികത്താനും ചാണ്ടിക്ക് അനുമതിക്കായി കാത്തു നില്‍ക്കേണ്ടി വന്നിട്ടില്ല. എല്ലാം വഴിവിട്ടു ചെയ്തുകൊടുക്കാന്‍ രാഷ്ട്രീയ പ്രമാണിമാരും ഉദ്യോഗസ്ഥ വൃന്ദവും സദാസന്നദ്ധരായി. കൃഷി ഭൂമിയുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ കൊണ്ടു വന്ന നിയമങ്ങളെല്ലാം പച്ചയായി ലംഘിക്കപ്പെട്ടപ്പോഴും ചാണ്ടി സുരക്ഷിതനായി നിലകൊണ്ടത് അദ്ദേഹത്തിന്റെ പണത്തിന്റെ ബലത്തിലായിരുന്നു. പണത്തിന് മുകളില്‍ പരുന്തും പറക്കില്ലെന്ന ചൊല്ല് അന്വര്‍ഥമാക്കുന്നതായിരുന്നു ചാണ്ടിയുടെ അനധികൃത കൈയേറ്റവും നിലം നികത്തലുമെല്ലാം.

 

LEAVE A REPLY

Please enter your comment!
Please enter your name here