Connect with us

Editorial

റാഗിംഗും യു ജി സി സര്‍ക്കുലറും

Published

|

Last Updated

ഉന്നത കലാലയങ്ങളിലെ റാഗിംഗ് ഇല്ലാതാക്കുന്നതിന് ചില മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് യു ജി സി. വിദ്യാര്‍ഥികളുടെ സാംസ്‌കാരികവും ബോധനപരവുമായ വികാസങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് സുപ്രീം കോടതി നിര്‍ദേശപ്രകാരം രൂപവത്കരിച്ച നാലംഗ സമിതി സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ള ഈ മാര്‍ഗ നിര്‍ദേശങ്ങള്‍. മാന്യമായ പെരുമാറ്റ രീതികളെക്കുറിച്ചു വിദ്യര്‍ഥികളെ ബോധവത്കരിക്കാനും ജാതീയവും വംശീയവുമായ അധിക്ഷേപങ്ങളും അതിക്രമങ്ങളും തടയാനും അക്കാദമിക് വര്‍ഷാരംഭത്തില്‍ വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കുക, റാഗിംഗ് നടത്തുന്നവര്‍ക്കെതിരെ കൈക്കൊള്ളുന്ന ശക്തമായ നടപടികളെക്കുറിച്ചു തുടക്കത്തില്‍ തന്നെ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉണര്‍ത്തകയും റാഗിംഗ് നടന്നാല്‍ സ്ഥാപനം സ്വീകരിച്ച നടപടികള്‍ രേഖപ്പെടുത്തി റിക്കാര്‍ഡ് സൂക്ഷിക്കുകയും ചെയ്യുക, റാഗിംഗിനെക്കുറിച്ചു പരാതിപ്പെടുന്ന കുട്ടികളുടെ വിവരം സ്ഥാപനാധികൃതര്‍ രഹസ്യമാക്കുക, ഒരു വിധേനയും മറ്റു വിദ്യാര്‍ഥികള്‍ അത് അറിയാന്‍ ഇടവരാതിരിക്കുക, റാഗിംഗിന് ഇരയാകുന്നവരെ മാനസികമായ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുക, ഹോസ്റ്റലുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് പുറമെ മേട്രനെയും വാര്‍ഡനെയും നിയമിക്കുകയും ഇവര്‍ താമസക്കാരായ വിദ്യാര്‍ഥികളുമായി നിരന്തര ബന്ധം സ്ഥാപിക്കുകയും ചെയ്യുക തുടങ്ങിയവയാണ് യു ജി സി സെക്രട്ടരി പി കെ താക്കൂര്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലെ മുഖ്യ നിര്‍ദേശങ്ങള്‍.

പുതുമുഖ വിദ്യാര്‍ഥികളുടെ പേടിസ്വപ്‌നമാണ് റാഗിംഗ്. ക്രൂരവും പൈശാചികവുമായ ചെയ്തികള്‍ സഹിക്കവയ്യാതെ പഠനം ഉപേക്ഷിച്ചവരും ആത്മഹത്യക്കു ശ്രമിച്ചവരും അപമാനഭാരവും ഭയവും കാരണം പഠനത്തില്‍ ശ്രദ്ധിക്കാനാകാതെ ഭാവി തകരാറിലായവരും നിരവധിയാണ്. മിക്ക സ്ഥാപനങ്ങളിലും ഇത് നടക്കുന്നുണ്ടെങ്കിലും പുറത്തറിയുന്നത് വിരളമാണ്. നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഫലപ്രാപ്തമല്ലെന്നാണ് പുറത്തു വന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റാഗിംഗ് നടന്നതായി അധികൃതര്‍ക്ക് പരാതി ലഭിച്ചാല്‍ ഏഴു ദിവസത്തിനകം അന്വേഷണം നടത്തുകയും പ്രാഥമികാന്വേഷണത്തില്‍ സത്യമെന്നു തോന്നിയാല്‍ കുറ്റക്കാരായ വിദ്യാര്‍ഥിളെ സസ്‌പെന്റ് ചെയ്തു കൂടുതല്‍ നടപടികള്‍ക്കായി പോലീസിന് കൈമാറണമെന്നും നിയമം അനുശാസിക്കുന്നു. കുറ്റക്കാരെന്ന് കണ്ടെത്തുന്നതുവരെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കണമെന്നും പിന്നീട് മൂന്ന് വര്‍ഷത്തേക്ക് മറ്റൊരു സ്ഥാപനത്തിലും അവര്‍ക്ക് പ്രവേശനം നല്‍കരുതെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍, റാഗിംഗ് വീരന്മാര്‍ മാതാപിതാക്കളുടെ പിന്തുണയോ ടെയും രാഷ്ട്രീയ സഹായത്തോടെയും നിയമത്തിന്റെ മുന്നില്‍ നിന്നും രക്ഷപ്പെടുകയാണ്. നിയമം ഈ രംഗത്ത് പരാജയപ്പെട്ട സാഹചര്യത്തിലാണ് റാഗിംഗ് നടത്തുന്നവരെ അതിന് പ്രേരിപ്പിക്കുന്ന മാനസികവും ഭൗതികവുമായ സാഹചര്യങ്ങള്‍, ഇരകളില്‍ അത് സൃഷ്ടിക്കുന്ന മാനസിക പ്രത്യാഘാതങ്ങള്‍, റാഗിംഗിനെതിരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു വിശദമായി പഠിച്ചു ഈ വിപത്ത് തടയാന്‍ സഹായകമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള സമിതിയെസുപ്രീംകോടതി നിയോഗിച്ചത്. സമിതിയുടെ ശിപാര്‍ശകള്‍ അംഗീകരിച്ച കോടതി അവ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇപ്പോള്‍ യു ജി സി നല്‍കിയ നിര്‍ദേശങ്ങളും ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

രാഘവന്‍ സമിതിയും യു ജി സിയും നിര്‍ദേശിച്ച സാംസ്‌കാരിക ക്ലാസുകളും ബോധവത്കരണ പരിപാടികളുമാണ് റാഗിംഗ് തടയുന്നതില്‍ നിയമ നടപടികളേക്കാള്‍ കൂടുതല്‍ ഫലവത്താകുകയെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ വിലയിരുത്തല്‍. സമൂഹത്തില്‍ നിന്ന് സനാതന മൂല്യങ്ങളും സദാചാര ബോധവും കൈമോശം വന്നതിന്റെ അനന്തര ഫലമാണ് റാഗിംഗ് പോലുള്ള ഗുണ്ടായിസങ്ങളുടെ അരങ്ങേറ്റം. ഉയര്‍ന്ന ജീവിത സൗകര്യങ്ങളും ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വേലിയേറ്റവും വിദ്യാര്‍ഥി മനസ്സുകളെ മലിനമാക്കുന്നതിലും അക്രമണോത്സുകത വളര്‍ത്തുന്നതിലും ഗണ്യമായ പങ്ക് വഹിക്കുന്നുണ്ട്. മനുഷ്യന്റെ സാംസ്‌കാരിക ജീവിതത്തെ മെനഞ്ഞെടുക്കുന്ന ഒരു പ്രക്രിയയായാണ് വിദ്യാഭ്യാസം വിവക്ഷിക്കപ്പെടുന്നത്. മാനവികതയും സാഹോദര്യവും അതിലുപരി സ്‌നേഹത്തിന്റെ പുതിയ മാനങ്ങളും പകര്‍ന്നുനല്‍കാന്‍ അതിന് കഴിയണം. കലാലയാന്തരീക്ഷവും പാഠ്യപദ്ധതിയും പിന്തുണക്കാത്തതിനാലാണ് ഇത്തരമൊരു ഫലപ്രാപ്തി നല്‍കാന്‍ ഇന്നത്തെ വിദ്യാഭ്യാസത്തിന് സാധിക്കാതെ പോകുന്നത്. റാഗിംഗ് അതിന്റെ ഇരകളില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു സീനിയര്‍ വിദ്യാര്‍ഥികളെ ശരിയായ രീതിയില്‍ ബോധവത്കരിച്ചാല്‍ അവര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നേക്കും. വിദ്യാര്‍ഥികളുടെ അപഥസഞ്ചാരത്തിലും അക്രമണോത്സുകതയിലും അവരെ കലാലയങ്ങളിലേക്കു അയക്കുന്ന മാതാപിതാക്കള്‍ക്കും വലിയപങ്കുണ്ട്. മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കാത്ത രീതിയില്‍ മക്കളുടെ പെരുമാറ്റത്തെ തുടക്കത്തിലേ രൂപപ്പെടുത്തിയെടുക്കേണ്ടത് മാതാപിതാക്കളാണ്. തിരക്കേറിയ ജീവിതത്തിനിടയില്‍ അവര്‍ അക്കാര്യം സൗകര്യപൂര്‍വം വിസ്മരിക്കുന്നു. സര്‍ക്കാറും സ്‌കൂള്‍ അധികൃതരും മാതാപിതാക്കളും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുകയാണ് ഈ വിപത്ത് തടയാന്‍ ഫലപ്രദമായ മാര്‍ഗം.

 

---- facebook comment plugin here -----

Latest