Connect with us

Kerala

സംസ്ഥാനത്ത് കൂടുതല്‍ മാതൃകാ ഫോറസ്റ്റ് സ്‌റ്റേഷനുകള്‍ നിര്‍മിക്കും

Published

|

Last Updated

മണ്ണാര്‍ക്കാട്: വനംവന്യജീവി സംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് കൂടുതല്‍ മാതൃകാ ഫോറസ്റ്റ് സ്‌റ്റേഷനുകള്‍ നിര്‍മിക്കുമെന്ന് വനംമൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. മണ്ണാര്‍ക്കാട് വനം ഡിവിഷന് കീഴില്‍ പുതുതായി നിര്‍മിച്ച പാലക്കയം മാതൃകാ ഫോറസ്റ്റ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ മുഴുവന്‍ വനവും ഫോറസ്റ്റ് സ്‌റ്റേഷനുകളുടെ പരിധിയില്‍ ഉള്‍പ്പെടുത്തും.

ഇതിനായി കൂടുതല്‍ സൗകര്യങ്ങളൊരുക്കി ഫോറസ്റ്റ് സ്‌റ്റേഷനുകള്‍ ശക്തിപ്പെടുത്തും. വനംസംരക്ഷണ പ്രവര്‍ത്തനങ്ങളെല്ലാം ഫോറസ്റ്റ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ചാകും. ജനവാസമേഖലകളില്‍ വന്യജീവി ആക്രമണം തടയാന്‍ വനം വകുപ്പ് ഏറ്റവും കൂടുതല്‍ തുക വകയിരുത്തിയിട്ടുള്ളത് പാലക്കാട് ജില്ലയ്ക്കാണ്. വൈദ്യുതി വേലി, ട്രഞ്ചുകള്‍ ഉള്‍പ്പടെയുള്ള പ്രതിരോധ സംവിധാനം കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കും. സംസ്ഥാനത്തുടനീളം 204 ജനജാഗ്രതാ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. മനുഷ്യന്‍ പ്രകൃതിയെ പീഡിപ്പിച്ചതിന്റെ ഫലമായാണ് വന്യജീവികള്‍ ജനവാസമേഖലകളിലെത്തുന്നത്. പ്രകൃതി വിഭവങ്ങള്‍ മനുഷ്യന് മാത്രമായുള്ളതല്ല. വരും തലമുറക്ക് ശുദ്ധവായുവും ജലവും ഉറപ്പാക്കേണ്ടത് ഇന്നത്തെ തലമുറയുടെ ഉത്തരവാദിത്വമാണ്. നബാര്‍ഡിന്റെ ധനസഹായത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടെ പാലക്കയം മാതൃകാ ഫോറസ്റ്റ് സ്‌റ്റേഷന്‍ നിര്‍മിച്ചത്. കെ വി വിജയദാസ് എംഎല്‍ എ അധ്യക്ഷനായ പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് പാലയ്ക്കല്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നാഗേഷ് പ്രഭു, അസി പിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രദീപ് കുമാര്‍, ഡി എഫ് ഒ വി പി ജയപ്രകാശ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി ഷംസുദീന്‍, ജില്ലാ പഞ്ചായത്ത് അംഗം സി അച്ചുതന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ പി ഷരീഫ് പങ്കെടുത്തു

 

 

Latest