കാര്‍ഷിക യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കാതെ നശിക്കാന്‍ അനുവദിക്കില്ല: സുനില്‍കുമാര്‍

Posted on: November 16, 2017 8:05 pm | Last updated: November 16, 2017 at 11:07 pm
SHARE

കല്‍പ്പറ്റ: കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്കായി പൊതുഖജനാവില്‍ നിന്നും പണം കൊടുത്തുവാങ്ങിയ കാര്‍ഷികോപകരണങ്ങള്‍ ഉപയോഗ ശൂന്യമായിക്കിടക്കുന്ന അവസ്ഥ ഈ സര്‍ക്കാര്‍ അവസാനിപ്പിക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പു മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. കണിയാമ്പറ്റ മില്ലുമുക്കില്‍ പണികഴിപ്പിച്ച കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കാര്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തൃശൂരില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വാങ്ങിയ 200 ട്രാക്ടറുകളും 200 ട്രില്ലറുകളും ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ എടുത്തു കഴിഞ്ഞു.
പല ജില്ലകളിലും പണം ചെലവഴിക്കാനായി ഇവ വാങ്ങിയെന്നല്ലാതെ പ്രവര്‍ത്തിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നില്ല. ഈ സര്‍ക്കാര്‍ യന്ത്രങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി സോഫ്റ്റ് വെയറിലേക്ക് മാറ്റി. ഇതോടെ കൃഷിവകുപ്പിന്റെ ഏതൊക്കെ യന്ത്രങ്ങള്‍ എവിടെയൊക്കെ ഏതവസ്ഥയില്‍ എന്ന് അറിയാന്‍ കഴിയും. യന്ത്രങ്ങള്‍ യഥാസമയം അറ്റകുറ്റപ്പണി നടത്താന്‍ പ്രദേശിക വര്‍ക്ക് ഷോപ്പുകള്‍ തയ്യാറായി വരുന്നു. ഉപകരണങ്ങള്‍ കേടായിക്കിടന്നാല്‍ അതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും.

വി.എഫ്.പി.സി.കെയുടെ വയനാട്ടിലുള്ള പാക്ക് ഹൗസ് ഡിസംബറില്‍ പൂര്‍ണ നിലയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടി എടുത്തതായും മന്ത്രി പറഞ്ഞു.
തൃശൂര്‍ മണ്ണൂത്തിയില്‍ വിത്ത് ബാങ്കിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. കാര്‍ഷിക സര്‍വകലാശാലാ ജനറല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചെറുവയല്‍ രാമനെ മന്ത്രി ചടങ്ങില്‍ ആദരിച്ചു. മിനി റൈസ് മില്ലിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. സി കെ ശശീന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാര്‍, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹംസ കടവന്‍, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ മിനി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷാജന്‍ തോമസ്, ജില്ലാ പഞ്ചായത്ത് അംഗം പി ഇസ്മാഈല്‍, കെ എം ഫൈസല്‍, പി സഫിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here