പേര് കനക. വയസ്സ് 17; നവംബര്‍ 20ന് അവള്‍ പാര്‍ലിമെന്റിനെ അഭിസംബോധന ചെയ്യുന്നു

Posted on: November 16, 2017 7:55 pm | Last updated: November 16, 2017 at 7:55 pm
SHARE

ബംഗളൂരു: പേര് കനക. പ്രായം 17 വയസ്സ്. ബംഗളൂരുവിലെ ഒരു ചേരിപ്രദേശത്ത് പിറന്നുവീണവള്‍. അവള്‍ ഈ മാസം 20ന് ഇന്ത്യന്‍ പാര്‍ലിമെന്റിനെ അഭിസംബോധന ചെയ്യുകയാണ്. തന്നെപ്പോലെ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന പതിനായിരക്കണക്കിന് കുട്ടികളുടെ പ്രതിനിധിയായി. യൂനിസെഫിന്റെ ആഭിമുഖ്യത്തിലുള്ള ലോക ശിശുദിനാചരണത്തിന്റെ ഭാഗമായാണ് കനക പാര്‍ലിമെന്റിനെ അഭിസംബോധന ചെയ്യുന്നത്.

ലോക ശിശുദിനത്തില്‍ പാര്‍ലിമെന്റില്‍ സംസാരിക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗതങ്ങളില്‍ നിന്ന് 30 കുട്ടികളെയാണ് തിരഞ്ഞെടുത്തത്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള നാല് കുട്ടികളില്‍ ഒരാളാണ് കനക. കര്‍ണാടകയിലെ നൂറുക്കണക്കിന് കുട്ടികളോട് മത്സരിച്ച് മൂന്ന് റൗണ്ട് ഓഡിഷന്‍ പിന്നിട്ട ശേഷമാണ് കനകക്ക് പ്രസംഗത്തിന് അവസരം ലഭിച്ചത്. ‘ബാലവേലയും കുട്ടികളുടെ അവകാശങ്ങളും ഇന്ത്യയില്‍’ എന്നതാണ് പ്രസംഗ വിഷയം.

പരീക്ഷണങ്ങള്‍ വേട്ടയാടിയ ബാല്യം കടന്നാണ് കനക കൗമാരത്തിലേക്ക് കാലൂന്നുന്നത്. മാതാവ് വീട്ടുവേല ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു അവരുടെ ജീവിതം. അതിനിടെയാണ് മാതാവിനെ ക്യാന്‍സര്‍ വേട്ടയാടിയത്. ഇതോടെ കനകയുടെ പഠനംമുട്ടി. കനകക്ക് അപ്പോള്‍ പ്രായം വെറും 10 വയസ്സ്. അമ്മയുടെ ചികിത്സക്ക് വേണ്ടി സഹോദരിയോടൊപ്പം അവളും വീട്ടുവേലക്ക് ഇറങ്ങി. അവര്‍ക്ക് മുന്നില്‍ അതല്ലാതെ മറ്റൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല. വൈകാതെ തന്നെ അമ്മയെ മരണം വിളിച്ചതോടെ കനകയുടെയും സഹോദരിയുടെയും ഭാവി തന്നെ ഇരുട്ടിലായി. വീട്ടുവേല ചെയ്ത് അവര്‍ ജീവിതം തുടരുന്നതിനിടെയാണ് 2011ല്‍ വളണ്ടിയേഴ്‌സ് ഓഫ് സ്പര്‍ശ എന്ന സന്നദ്ധ സംഘടന ബാലവേല ചെയ്യുന്ന കനകയെയും സഹോദരി കാവ്യയേയും കാണുന്നത്. ഉടന്‍ തന്നെ അവരെ രണ്ട് പേരെയും സംഘടന ഏറ്റെടുക്കുകയും ഹസാര്‍ഘട്ടയിലെ അഭയകേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്തു.

അവിടെ നിന്നും ആറാം ക്ലാസില്‍ ചേര്‍ന്ന കന പത്താം ക്ലാസ് പാസ്സായത് 80 ശതമാനം മാര്‍ക്കോടെ. ഇപ്പോള്‍ ബിജിഎസ് കോളജില്‍ വിദ്യാര്‍ഥിനിയായ കനക പഠനകാര്യങ്ങളില്‍ അതീവശ്രദ്ധ പുലര്‍ത്തുന്നു. ശാസ്ത്രജ്ഞ ആകുകയാണ് അവളുടെ സ്വപ്നം.

LEAVE A REPLY

Please enter your comment!
Please enter your name here