Connect with us

Gulf

ഭരണഘടനാ ലംഘനം നടത്തിയ മന്ത്രിയെ പട്ടുംവളയും നല്‍കി ആദരിക്കുന്നത് ശരിയല്ല: കാനം

Published

|

Last Updated

ദോഹ: ഭരണഘടനാ ലംഘനം നടത്തിയ മന്ത്രിയെ പട്ടുംവളയും നല്‍കി ആദരിക്കുന്നത് ശരിയല്ലാത്തത് കൊണ്ടാണ് സി പി ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യുവകലാ സാഹിതിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. തോമസ് ചാണ്ടിയുടെ രാജിയിലൂടെ എല്‍ ഡി എഫിന്റെ പ്രതിച്ഛായ മെച്ചപ്പെട്ടു. തോമസ് ചാണ്ടിയുടെ കൈയേറ്റം ഭരണഘടനാ ലംഘനമാണെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം എല്‍ ഡി എഫിനേറ്റ പ്രഹരമാണെന്നും അതിന് ഉത്തരവാദി തോമസ് ചാണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഭൂസംരക്ഷണ നിയമം ലംഘിക്കുന്ന പൗരനെതിരെ സ്വീകരിക്കുന്ന നടപടി മാത്രമാണ് തോമസ് ചാണ്ടിയുടെ കാര്യത്തിലുണ്ടായത്. സാധാരണ പൗരന് ബാധകമായ നിയമം മന്ത്രിക്കും ബാധകമാണ്. തോമസ് ചാണ്ടിക്കിതെരായ ആരോപണം ഒരു സുപ്രഭാതത്തില്‍ പൊങ്ങിവന്നതല്ല. 2011 മുതല്‍ തന്നെ കൈയേറ്റം സംബന്ധിച്ച റിപ്പോര്‍ട്ടും ആരോപണവും നിലനില്‍ക്കുന്നുണ്ട്. സുപ്രീം കോടതിയെ സമീപിക്കുമെന്ന തോമസ് ചാണ്ടിയുടെ നിലപാട് വ്യക്തിപരമായ അവകാശം മാത്രമാണ്. അത് സര്‍ക്കാറിന്റെ ഭാഗമല്ല.

നിയമപ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഹാദിയ വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാറിന് പരിമിതികളുണ്ട്. ഗെയില്‍ പദ്ധതി തീരെവേണ്ട എന്നതിനോട് യോജിപ്പില്ല. വികസനം പോലീസിനെ ഉപയോഗിച്ച് നടത്താന്‍ സാധിക്കില്ല. നിയമലംഘനമുണ്ടാകുമ്പോഴാണ് പോലീസ് ഇടപെടല്‍ വേണ്ടത്. ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിച്ച് വികസന പദ്ധതികളുമായി മുന്നോട്ടുപോകണം. അതിരപ്പള്ളി പദ്ധതി എല്‍ ഡി എഫ് അജന്‍ഡയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest