വിജയ് മല്യയുടെ നിക്ഷേപങ്ങള്‍ പിടിച്ചെടുക്കാന്‍ സെബിയുടെ നിര്‍ദേശം

Posted on: November 16, 2017 7:32 pm | Last updated: November 16, 2017 at 7:33 pm
SHARE

ന്യൂഡല്‍ഹി : രാജ്യത്തെ വിവാദ വ്യവസായി വിജയ് മല്യയുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ബ്രൂവറീസ് ഹോള്‍ഡിങ് ലിമിറ്റഡിന്റെ (യുബിഎച്ച്എല്‍) ബാങ്ക് അക്കൗണ്ടുകളും ഓഹരി, മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപങ്ങളും പിടിച്ചെടുത്ത് 18.5 ലക്ഷം രൂപാ പിഴ ഈടാക്കാന്‍ സെബിയുടെ നിര്‍ദേശം.

2015ല്‍ സെബി ചുമത്തിയ 15 ലക്ഷം രൂപയുടെ പിഴ യുബിഎച്ച്എല്‍ കമ്പനി അടക്കുന്നതില്‍ വീഴ്ച വരുത്തിയതിനാലാണ് പലിശയുള്‍പ്പെടെ പിഴയീടാക്കാനുള്ള സെബിയുടെ നീക്കം. യുണൈറ്റഡ് സ്പിരിറ്റ്‌സുമായി ബന്ധപ്പെട്ടുള്ള ചില ഓഹരി ഇടപാടുകള്‍ വെളിപ്പെടുത്താതിരുന്ന സാഹചര്യത്തിലാണിത്. 15 ലക്ഷം രൂപ പിഴയും രണ്ടു വര്‍ഷത്തെ പലിശയായി 3.5 രൂപയും റിക്കവറി ചാര്‍ജ് എന്ന നിലയില്‍ 1000 രൂപയുമാണ് പിടിച്ചെടുക്കുക.

നവംബര്‍ 13നാണ് ഇതുസംബന്ധിച്ച് സെബി ഉത്തരവ് പുറത്തിറക്കിയത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ യുബിഎച്ച്എല്ലിന്റെ അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിക്കുന്നത് തടയാന്‍ ബാങ്കുകള്‍ക്കും മ്യൂച്ച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, അക്കൗണ്ടുകളില്‍ പണം അടയ്ക്കുന്നതിന് തടസ്സമില്ലന്നും വ്യക്തമാക്കി.