Connect with us

Gulf

വീഡിയോ ഗെയിമിന് അടിപ്പെട്ട് അക്രമാസക്തയായ പെണ്‍കുട്ടിയെ ദുബൈ പോലീസ് രക്ഷിച്ചു

Published

|

Last Updated

ദുബൈ: വിഡിയോ ഗെയിമിന്റെ ആസക്തിയില്‍ മനോനില മാറിയ പതിനാലുകാരിയായ പെണ്‍കുട്ടിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചതായി ദുബൈ പോലീസ്. നിരന്തരമായി ഹിംസാത്മക വീഡിയോ ഗെയിമുകള്‍ പതിവാക്കിയിരുന്ന അറബ് വംശജയായ പെണ്‍കുട്ടിയില്‍ മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ കണ്ടു രക്ഷിതാക്കള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസിന്റെ സഹായത്തോടെ കുട്ടിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്.

കുട്ടിയുടെ രക്ഷിതാക്കളോടും ബന്ധുക്കളോടും വളരെ വൈകാരികമായാണ് പെരുമാറിയിരുന്നത്. റാശിദ് ഹോസ്പിറ്റല്‍ അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വിദഗ്ധനെ അയക്കുകയായിരുന്നു. എന്നാല്‍ കുട്ടിയുമായി മാനസികാരോഗ്യ വിദഗ്ദ്ധന്‍ സംസാരിച്ചപ്പോഴും വൈകാരികമായ രീതിയിലാണ് കുട്ടി പെരുമാറിയത്. സ്വഭാവ പെരുമാറ്റ രീതിയില്‍ കൂടുതല്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നവെന്ന് ദുബൈ പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്‌മെന്റ് ക്രിമിനല്‍ കണ്‍ട്രോള്‍ ഡയറക്ടര്‍ ലഫ് കേണല്‍ റാശിദ് ബിന്‍ ദബ്‌വി അല്‍ ഫലാസി പറഞ്ഞു.

വീഡിയോ ഗെയിമില്‍ കാണുന്നത് പോലെ പ്രതികരിക്കാന്‍ തുടങ്ങിയ പെണ്‍കുട്ടി രക്ഷിതാക്കളെ ആക്രമിക്കാന്‍ കത്തിയുമായി അടുത്ത സാഹചര്യമുണ്ടായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കിയ പെണ്‍കുട്ടിയെ ഹിംസാത്മകമല്ലാത്ത വീഡിയോ ഗെയിമുകള്‍ കളിക്കുവാന്‍ ആശുപത്രി അധികൃതര്‍ പ്രേരിപ്പിക്കുകയായിരുന്നു. ക്രിയാത്മകമായി തന്റെ കഴിവുകള്‍ വിനിയോഗിക്കുന്നതിനും ഹിംസാത്മകമായ വീഡിയോ ഗെയിമുകള്‍ കണ്ടാലുണ്ടാകുന്ന മാനസിക വൈകല്യങ്ങളെ കുറിച്ചും പോലീസ് വിദഗ്ധന്‍ കുട്ടിയെ ധരിപ്പിച്ചു.

നിരന്തരമായ നിരീക്ഷണങ്ങള്‍ക്കും ചികിത്സക്കും ശേഷം പെണ്‍കുട്ടി സാധാരണ രീതിയിലേക്ക് തിരിച്ചെത്തി. കുട്ടിയുടെ മാനസിക നില സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കുന്നതിന് രക്ഷിതാക്കളും ഏറെ സഹായിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി.
കുട്ടികളെ ഹിംസാത്മകമായ വീഡിയോ ഗെയിമുകളില്‍ ഏര്‍പെടുന്നതില്‍ നിന്ന് രക്ഷിതാക്കള്‍ വിലക്കണം. കുട്ടികളും കൗമാര പ്രായക്കാരും ഇന്റര്‍നെറ്റുമായി ഏറെ നേരം ബന്ധപ്പെടാന്‍ സാധ്യതയുള്ള കാലമാണിത്. രക്ഷിതാക്കള്‍ അത്തരക്കാരുടെ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കണം. ഇന്റര്‍നെറ്റില്‍ നിന്ന് കുട്ടികളുടെ സ്വഭാവ ദൂഷ്യത്തിന് കാരണമാകുന്ന പ്രവണതകള്‍ ശീലമാക്കാന്‍ കാരണമാകുന്നതിനാല്‍ അത്തരം ഉപയോഗങ്ങളില്‍ നിന്ന് അവരെ പിന്തിരിപ്പിച്ച് അവരുടെ സമയം ക്രിയാത്മകമായി ചിലവഴിക്കാന്‍ ശീലിപ്പിക്കണമെന്ന് അദ്ദേഹം രക്ഷിതാക്കളോടായി ആവശ്യപ്പെട്ടു.

 

---- facebook comment plugin here -----

Latest