ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് കുറഞ്ഞു

  • ഏറ്റവും പണം എത്തുന്നത് കേരളത്തില്‍.
Posted on: November 16, 2017 6:52 pm | Last updated: November 20, 2017 at 9:33 pm
SHARE

ദുബൈ: ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ തോത് കുറഞ്ഞതായി കണക്കുകള്‍. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ വന്‍ ഇടിവ് സംഭവിച്ചു. എന്നാല്‍, എത്തുന്ന പണത്തില്‍ കൂടുതല്‍ കേരളത്തിലേക്കാണെന്നും ലോക ബേങ്കിന്റെയും റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെയും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. മേഖലയിലെ പുതിയ സാമ്പത്തിക സാഹചര്യമാണ് പണമൊഴുക്ക് കുറയാന്‍ ഇടയാക്കിയത്.

ഇന്ത്യയിലേക്ക് എത്തുന്ന വിദേശ പണത്തില്‍ ഏതാണ്ട് 20 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം എത്തുന്ന സംസ്ഥാനങ്ങളില്‍ കേരളമാണ് മുന്നില്‍, 36 ശതമാനം. തെലുങ്കാന, ആന്ധ്ര പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ലോക ബേങ്ക് കണക്കുപ്രകാരം 2015ലാണ് ഇന്ത്യയിലേക്കുള്ള ഗള്‍ഫ് പണത്തില്‍ ആദ്യം കുറവു വന്നത്. 2014ല്‍ 70.4 ബില്യണ്‍ ഡോളര്‍ ആയിരുന്നു ഇന്ത്യയിലേക്ക് എത്തിയ പണമെങ്കില്‍ 2015ല്‍ ഇത് 68.9 ബില്യണ്‍ ഡോളര്‍ ആയി കുറഞ്ഞു. 2016 2017 വര്‍ഷത്തില്‍ ഇത് 62.7 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഏതാണ്ട് ഒമ്പത് ശതമാനത്തിന്റെ കുറവ്.
റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം 2016 17 വര്‍ഷത്തില്‍ 12 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. മുന്‍വര്‍ഷം ലഭിച്ച പണം 4.38 ലക്ഷം കോടിയായിരുന്നെങ്കില്‍ ഈ വര്‍ഷം 3.66 ലക്ഷം കോടി രൂപമാത്രമാണ് എത്തിയത്.
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായ ഇടിവാണ് ഇന്ത്യയിലേക്കുള്ള വരുമാനം കുറയാന്‍ കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സാമ്പത്തിക ഞെരുക്കം ഒഴിവാക്കുന്നതിന്റെ ഭാഗമായി കമ്പനികള്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതും സ്വദേശിവത്ക്കരണവുംം വേതനവും തൊഴില്‍ അവസരങ്ങളും കുറയാന്‍ ഇടയാക്കിയെന്നാണ് നിരീക്ഷണം.

ഒമാനില്‍ ഉള്‍പ്പടെ സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ നിന്ന് നിരവധി വിദേശികള്‍ക്കാണ് അടുത്തിടെ തൊഴില്‍ നഷ്ടമായത്. ഇവരില്‍ മലയാളികളാണ് ഏറെയും. ഗള്‍ഫ് രാഷ്ട്രങ്ങളിലെ ജീവിത ചെലവ് വര്‍ധിച്ചതും നാട്ടിലേക്കുള്ള പണമൊഴുക്കിന്റെ അളവ് കുറച്ചു. എന്നാല്‍, എണ്ണ ഇതര വരുമാനം വര്‍ധിപ്പിച്ച് ജി സി സി രാഷ്ട്രങ്ങള്‍ തിരുച്ചുവരവിന്റെ പാതയിലാണെന്ന് രാജ്യാന്തര നാണയ നിധിയുടേതുള്‍പെടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here