സിപിഐക്ക് എതിരെ ആഞ്ഞടിച്ച് കോടിയേരി; ശത്രുക്കള്‍ക്ക് ആഹ്ലാദിക്കാന്‍ അവസരമൊരുക്കി

Posted on: November 16, 2017 4:30 pm | Last updated: November 17, 2017 at 9:18 am
SHARE

തിരുവനന്തപുരം: സിപിഐക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച് ശത്രുപക്ഷത്തുള്ളവര്‍ക്ക് ആഹ്ലാദിക്കാന്‍ സിപിഐ അവസരമൊരുക്കിയെന്ന് കോടിയേരി പറഞ്ഞു. ഇത്തരം നടപടികള്‍ മുന്നണി മര്യാദക്ക് യോജച്ചതല്ല. ഇങ്ങനെയാണോ മുന്നണിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.

മന്ത്രിസഭാ യോഗത്തില്‍ നിന്ന് മാറിനിന്നത് അപക്വമായ നടപടിയാണ്. സോളാര്‍ കേസില്‍ നിന്ന് തലയൂരാന്‍ ശ്രമിക്കുന്ന യുഡിഎഫിന് ഇത് ആയുധം നല്‍കി. ഇത്തരമൊരു പ്രവര്‍ത്തിയിലൂടെ തോമസ് ചാണ്ടിയുടെ രാജിയുടെ ഖ്യാതി തട്ടിയെടുക്കാനാണ് സിപിഐ ശ്രമിച്ചതെന്നും കോടിയേരി കുറ്റപ്പെടുത്തി. കൈയടികള്‍ സ്വന്തമാക്കുകയും വിമര്‍ശനങ്ങള്‍ മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച രാവിലെ രാജി ഉണ്ടാകുമെന്ന കാര്യം സിപിഐയെ നേരത്തെ താന്‍ തന്നെ അറിയിച്ചിരുന്നതാണ്. അതിന് വേണ്ടിയുള്ള ചര്‍ച്ചകളിലാണ് മുഖ്യമന്ത്രി എന്നും പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ വിളിച്ച് അന്വേഷിക്കാനെങ്കിലും ശ്രമിച്ചിരുന്നെങ്കില്‍ രാജിക്കാര്യം മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇതിനൊന്നും ശ്രമിക്കാതെ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച നടപടി ശരിയായില്ലെന്ന് കോടിയേരി പറഞ്ഞു. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ മുന്നണി ബന്ധത്തെ ബാധിക്കില്ലെന്നും മുന്നണിയില്‍ മൂപ്പിളമ തര്‍ക്കമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തോമസ് ചാണ്ടിയുടെ രാജി ഉപാധികളോടെ അല്ലെന്ന് കോടിയേരി വിശദീകരിച്ചു. നടപടിക്രമങ്ങള്‍ പാലിക്കാനുള്ള താമസം മാത്രമാണ് രാജിക്കാര്യത്തില്‍ ഉണ്ടായത്. എന്‍സിപിയുടെ മന്ത്രിസ്ഥാനം തല്‍ക്കാലം ഒഴിച്ചിടുമെന്നും കോടിയേരി അറിയിച്ചു.

ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഎമ്മിന്റെ അവയ്‌ലബിള്‍ പി ബിയുടെ തീരുമാനപ്രകാരമാണ് കോടിയേരി മാധ്യമങ്ങളെ കണ്ടത്. സിപിഐ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കാന്‍ യോഗം കോടിയേരിയെ ചുമതലപ്പെടുത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here