Connect with us

National

ഗ്വാളിയോറില്‍ ഗോഡ്‌സെ ക്ഷേത്രത്തിന് ഹിന്ദുമഹാസഭ ശിലയിട്ടു

Published

|

Last Updated

ഗ്വാളിയോര്‍: മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ പേരിലുള്ള ക്ഷേത്രത്തിന് മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ശിലയിട്ടു. ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്നാണ് ഹിന്ദു മഹാസഭ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. ഹിന്ദു മഹാസഭയുടെ ദൗലത്ഗഞ്ച് ഓഫീസ് പരിസരത്താണ് ക്ഷേത്ര നിര്‍മാണം.

ഗോഡ്‌സെയെ തൂക്കിലേറ്റിയതിന്റെ വാര്‍ഷിക ദിനമാണ് ഇന്ന്. 1949 നവംബര്‍ 15നാണ് ഗോഡ്‌സെയെ തൂക്കിക്കൊന്നത്. ഗോഡ്‌സെയുടെ വിഗ്രഹത്തില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചനയും നടത്തി. നേരത്തെ, ക്ഷേത്ര നിര്‍മാണത്തിന് സ്ഥലം ചോദിച്ച് ഹിന്ദു മഹാസഭ നല്‍കിയ അപേക്ഷ ഗ്വാളിയോര്‍ ഭരണകൂടം തള്ളിയിരുന്നു.

ഗോഡ്‌സെയുടെ പേരില്‍ ക്ഷേത്രം സ്ഥാപിക്കുന്നതിനെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തി. മുഖ്യമന്ത്രി ശിവരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ രാഷ്ട്രപിതാവിന്റെ ഘാതകര്‍ക്ക് പിന്തുണ നല്‍കുകയാണെന്ന് പ്രതിപക്ഷ നേതാവ് അജയ് സിംഗ് ആരോപിച്ചു. ശിവരാജ് സിംഗ് ചൗഹാന്റെ ചുണ്ടുകളില്‍ മഹാത്മാ ഗാന്ധിയുടെ പേരാണെങ്കിലും ഹൃദയത്തില്‍ ഗോഡ്‌സെയാണെന്ന് അജയ് സിംഗ് പറഞ്ഞു.