റോഹിംഗ്യന്‍ വിഷയം: മ്യാന്മറിനെതിരെ ഉപരോധം വേണ്ട; അന്വേഷണം മതിയെന്ന് അമേരിക്ക

Posted on: November 16, 2017 9:13 am | Last updated: November 16, 2017 at 10:32 am
SHARE
മ്യാന്മറിലെത്തിയ യു എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും മ്യാന്മര്‍ ചാന്‍സലര്‍ ആംഗ് സാന്‍ സൂകിയും

വാഷിംഗ്ടണ്‍: സൈന്യത്തിന്റെയും ബുദ്ധ വര്‍ഗീയവാദികളുടെയും നേതൃത്വത്തില്‍ നടക്കുന്ന റോഹിംഗ്യന്‍ വംശഹത്യയെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് മ്യാന്മറിനോട് യു എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ആവശ്യപ്പെട്ടു. മ്യാന്മര്‍ ചാന്‍സലറും റോഹിംഗ്യന്‍ വിഷയത്തില്‍ കുറ്റകരമായ മൗനം സ്വീകരിക്കുകയും ചെയ്ത ആംഗ് സാന്‍ സൂക്കിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍, മ്യാന്മറിനെതിരെ പ്രഖ്യാപിച്ച ഉപരോധം ഉചിതമല്ലെന്ന വിചിത്ര വാദവും ടില്ലേഴ്‌സണ്‍ നടത്തി. മ്യാന്മറിന്റെ സൈനിക മേധാവിയുമായും അദ്ദേഹം ചര്‍ച്ച നടത്തിയിട്ടുണ്ട്.

മ്യാന്മറില്‍ നിന്ന് ആയിരങ്ങള്‍ ബംഗ്ലാദേശിലേക്ക് കൂട്ടപലായനം നടത്തേണ്ടി വന്ന സാഹചര്യത്തെ യു എസ് വിദേശകാര്യ സെക്രട്ടറി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. റോഹിംഗ്യകള്‍ക്കെതിരെ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള ക്രൂരമായ വംശഹത്യയും ബുദ്ധ വര്‍ഗീയ ശക്തികള്‍ നടത്തുന്ന ആസൂത്രിത ആക്രമണങ്ങളും വന്‍ വിവാദത്തിനിടയാക്കിയ സാഹചര്യത്തിലാണ് ടില്ലേഴ്‌സണ്ണിന്റെ പ്രസ്താവന. വംശീയ തുടച്ചുനീക്കലിന്റെ ടെക്സ്റ്റ് ബൂക്കെന്ന് യു എന്‍ മനുഷ്യാവകാശ സമിതി മേധാവി വിവരിച്ച റോഹിംഗ്യന്‍വിരുദ്ധ ആക്രമണത്തെ തുടര്‍ന്ന് ശക്തമായ ഉപരോധം ഏര്‍പ്പെടുത്താന്‍ യു എന്‍ തീരുമാനിച്ചിരിക്കുകയാണ്. സൈന്യത്തിന് സഹായം നല്‍കുന്ന വിഷയത്തിലും മറ്റും അമേരിക്ക ഇതിനകം ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, റോഹിംഗ്യന്‍ പ്രതിസന്ധി ഉപരോധം കൊണ്ട് തീരുമെന്ന് തോന്നുന്നില്ലെന്നും അതുകൊണ്ട് അത് ഒഴിവാക്കുമെന്നുമുള്ള ന്യായീകരണമാണ് ടില്ലേഴ്‌സണ്‍ നടത്തിയത്.