താമസസ്ഥലങ്ങള്‍ക്ക് മുമ്പില്‍ പ്രത്യേക അടയാളം: മുസ്‌ലിംകള്‍ ഭീതിയില്‍

Posted on: November 16, 2017 9:03 am | Last updated: November 24, 2017 at 9:00 pm
SHARE

അഹമ്മദാബാദ്: അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തിലെ ഹിന്ദു ഭൂരിപക്ഷ മേഖലകളിലുള്ള മുസ്‌ലിം താമസസ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ക്രോസ് അടയാളം താമസക്കാരെ ഭീതിയിലാഴ്ത്തുന്നു. 2002ല്‍ ഗുജറാത്ത് വംശഹത്യ നടന്ന, മുസ്‌ലിംകള്‍ താമസിക്കുന്ന അഹമ്മദാബാദ് നഗരത്തിലെ പല്‍ദിയിലുള്ള ഡിലൈറ്റ് ഫഌറ്റ് ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളുടെ ഗേറ്റുകള്‍ക്ക് മുമ്പിലാണ് കഴിഞ്ഞ ദിവസം ക്രോസ് അടയാളം കണ്ടെത്തിയത്. അമന്‍ കോളനി, ടാഗോര്‍ ഫഌറ്റ്, നഷേമാന്‍ അപ്പാര്‍ട്ട്‌മെന്റ്, ആഷിയാന അപ്പാര്‍ട്ട്‌മെന്റ്, തക്ഷശില കോളനി എന്നിവിടങ്ങളിലും ഗേറ്റുകള്‍ക്ക് മുമ്പില്‍ ക്രോസ് അടയാളമുണ്ട്. അടയാളം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആശങ്കയിലായ താമസക്കാര്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ്.

ക്രോസ് അടയാളം പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് അടിയന്തര അന്വേഷണം വേണമെന്ന് ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ ആവശ്യപ്പെട്ടു. പ്രദേശത്തുള്ള മുസ്‌ലിം വീടുകള്‍ തിരിച്ചറിയുന്നതിന് വേണ്ടിയാണ് അടയാളമിട്ടിരിക്കുന്നതെന്ന് ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ഗീയ സംഘര്‍ഷം ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു നീക്കമുണ്ടായിരിക്കുന്നതെന്നും പ്രദേശത്തെ ക്രമസമാധാനം തകര്‍ക്കുകയുമാണ് നീക്കത്തിനു പിന്നിലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. പല്‍ദിയില്‍ സുരക്ഷ ഉറപ്പ് വരുത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
ക്രോസ് അടയാളങ്ങള്‍ക്ക് പുറമെ രക്ഷിക്കൂ രക്ഷിക്കൂ, പല്‍ദിയെ ജുഹാപുരയാകുന്നതില്‍ നിന്ന് തടയുക(ജുഹാപുരയില്‍ ഗുജറാത്ത് വംശഹത്യക്ക് മുമ്പ് ഒരു ലക്ഷത്തിലധികം മുസ്‌ലിംകളായിരുന്നു ഉണ്ടായിരുന്നത്. കലാപ ശേഷം ഇത് ആറ് ലക്ഷമായി വര്‍ധിച്ചിരിക്കുകയാണ്) എന്നെഴുതിയ പോസ്റ്ററുകളും ഇവിടെയുള്ള താമസക്കാരില്‍ ഭീതി ജനിപ്പിച്ചിരിക്കുകയാണ്. ക്രോസ് അടയാളം ഗെയിറ്റിനു മുമ്പില്‍ കണ്ടത് മുതല്‍ തങ്ങളുടെ ചങ്കിടിപ്പേറിയിരിക്കുകയാണെന്ന് താമസക്കാരനായ ഉവൈസ് ശരശേവാല പറഞ്ഞു. തങ്ങള്‍ക്ക് സുരക്ഷിതത്വം പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ക്രോസ് അടയാളമിട്ടതിനെ കുറിച്ച് പോലീസിന്റെ കണ്ടെത്തലാണ് ഏറ്റവും വിചിത്രമായിരിക്കുന്നത്.
അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മാലിന്യ ശേഖരണത്തിന്റെ ഭാഗമായിരിക്കാം ഇത്തരത്തില്‍ ക്രോസ് അടയാളം ഇട്ടിരിക്കുന്നതെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ മുന്‍സിപ്പല്‍ അധികൃതര്‍ പോലീസിന്റെ ഈ നിഗമനത്തെ തള്ളിക്കൊണ്ട് രംഹത്തെത്തിയിട്ടുണ്ട്.
അതേസമയം സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് മേധാവി എ കെ സിംഗ് വ്യക്തമാക്കി. പ്രദേശത്ത് സുരക്ഷക്കായി പോലീസിനെ വിന്യസിച്ചതായും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here