Connect with us

Articles

ഇവിടെ തോല്‍ക്കുന്നത് കേരളമാണ്

Published

|

Last Updated

ഹൈക്കോടതിയില്‍ നിന്ന് തോമസ് ചാണ്ടിയുടെ കേസില്‍ ഉണ്ടായ വിധി കേവലം ഒരു മന്ത്രിക്കെതിരായ വിധി എന്നതിനപ്പുറം ഇടതുപക്ഷ സര്‍ക്കാറിനേറ്റ തിരിച്ചടിയാണ് എന്ന് വ്യക്തം. ആ കേസിന്റെ ചരിത്രവും അതില്‍ ഉന്നയിക്കപ്പെടുന്ന വിഷയങ്ങളും അതിന്റെ രീതികളും വിസ്താരത്തിനിടയില്‍ ഉയര്‍ന്നുവന്ന നിരവധി ധാര്‍മിക, നിയമ പ്രശ്‌നങ്ങളും ഏറെക്കാലം ചര്‍ച്ച ചെയ്യപ്പെടുമെന്നു തീര്‍ച്ച. ഒരു സര്‍ക്കാറിനെതിരെന്നതിനെക്കാള്‍ മുഖ്യമന്ത്രി എന്ന വ്യക്തിക്കും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മുന്നണിക്കും രാഷ്ട്രീയത്തിനും ഇതൊരു തീരാക്കളങ്കമായി മാറും.

കുട്ടനാട്ടിലെ ഒരു പാടശേഖരം നികത്തിയതുമായി ബന്ധപ്പെട്ടു തുടങ്ങിയ ഒരു ചെറിയ വിഷയം ഇന്നത്തെ ഗുരുതരാവസ്ഥയില്‍ എത്തിച്ചതിനുള്ള പ്രധാന ഉത്തരവാദി കേവലം ആ മന്ത്രിയല്ല; മുഖ്യമന്ത്രി തന്നെയാണ്. മന്ത്രി പ്രധാന പങ്കാളിയായ ഒരു ടുറിസ്റ്റ് റിസോര്‍ട്ട് നെല്‍വയല്‍ തണ്ണീര്‍തട നിയമത്തിന്റെയും ഭൂസംരക്ഷണനിയമത്തിന്റെയും ലംഘനം നടത്തിയെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വരുകയും അത് അന്വേഷിക്കാന്‍ റവന്യൂ മന്ത്രി തന്നെ ജില്ലാ കലക്ടറോട് ആവശ്യപ്പെടുകയും ചെയ്തു. ആദ്യം ഇടക്കാല റിപ്പോര്‍ട്ട് വന്നപ്പോള്‍ തന്നെ നിയമലംഘനം ഉണ്ടെന്നു കണ്ടെത്തിയതാണ്. രാഷ്ട്രീയ ധാര്‍മികത എന്നതിന് എന്തെങ്കിലും അര്‍ഥമുണ്ടെങ്കില്‍ ഈ മന്ത്രി അന്നേ രാജി വെക്കേണ്ടതാണ്. അന്തിമ റിപ്പോര്‍ട്ടിനായി കാത്തു. ഒടുവില്‍ അതിലും ലംഘനം കണ്ടെത്തി. ഇതിനിടയില്‍ വിജിലന്‍സ് കോടതി തന്നെ അഴിമതി അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. അന്വേഷണം നേരിടുന്ന മന്ത്രി അധികാരത്തിലിരിക്കുന്നതൊന്നും അവര്‍ക്കു പ്രശ്‌നമായില്ല. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ നിന്നും വ്യക്തമായ പരാമര്‍ശം വന്നു. മുന്‍കാലങ്ങളില്‍ ഇത്തരം പരാമര്‍ശങ്ങളെ തുടര്‍ന്ന് ചില മന്ത്രിമാര്‍ രാജിവെച്ച കീഴ്‌വഴക്കവും ബാധകമായില്ല. മൂന്ന് മാസത്തോളമായി ചാനലുകളില്‍ ഇത് നിറഞ്ഞുനിന്നു. ഏറെ വിവാദമാകേണ്ട സോളാര്‍ അന്വേഷണറിപ്പോര്‍ട്ട് പോലും ഇതിനെ മറയ്ക്കാന്‍ പര്യാപ്തമായില്ല.
കോടതി ചോദിച്ച എല്ലാ ചോദ്യങ്ങളും പൊതുസമൂഹത്തില്‍ ഉയര്‍ന്നു വന്നവയാണ്. ഈ ലേഖകനെപ്പോലുള്ളവര്‍ നിരന്തരം ഉയര്‍ത്തിയവയാണ്. മന്ത്രി നടത്തിയതു പോലെ ഒരു കൈയേറ്റം സാധാരണക്കാരനാണ് ചെയ്തതെങ്കില്‍ കലക്ടര്‍ എന്ത് ചെയ്യുമായിരുന്നു? മറ്റൊരു ഭൂമിയും വീട് വെക്കാനില്ലാത്ത പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് തങ്ങളുടെ സ്വപ്‌നം പൂവണിയുന്നതിനു തടസ്സമായിട്ടും ഇത്തരം ഇളവുകള്‍ നല്‍കാന്‍ ഈ കലക്ടര്‍ തയാറാകുമോ? അവര്‍ അഞ്ചു സെന്റ് ഭൂമിയില്‍ നികത്തലോ കൈയേറ്റമോ കണ്ടാല്‍ അവര്‍ക്കെതിരെ ക്രിമിനലായും സിവിലായും നടപടി എടുക്കില്ലേ? അത് ചെയ്യാതെ തന്റെ കണ്ടെത്തല്‍ മന്ത്രിക്കു വിടാന്‍ തീരുമാനിച്ചത് ഇദ്ദേഹം മന്ത്രി ആയതിനാല്‍ മാത്രമല്ലേ? അതായത് സാധാരണ പൗരന് കിട്ടാത്ത ആനുകൂല്യം ഇദ്ദേഹത്തിന് നല്‍കുന്ന കടുത്ത വിവേചനം, അഥവാ സത്യപ്രതിജ്ഞാലംഘനം ആണ് ഇവിടെ നടന്നത്. ദന്ത

ഗോപുരത്തില്‍ നിന്നും താഴെ ഇറങ്ങി വരാന്‍ കോടതി അദ്ദേഹത്തോട് പറഞ്ഞത് അതുകൊണ്ടല്ലേ?

ഭരണമുന്നണിയിലെ കക്ഷികള്‍ തന്നെ ശക്തമായ മുറുമുറുപ്പ് തുടങ്ങി. അപ്പോഴും മുഖ്യമന്ത്രി പാറപോലെ ഇദ്ദേഹത്തിന് പിന്നില്‍ ഉറച്ചുനിന്നു. തോമസ് ചാണ്ടിയുടെ രാജി എന്നത് അദ്ദേഹത്തിന് മുന്നില്‍ ഒരിക്കലും ഒരു വിഷയമായില്ല. കലക്ടറുടെ റിപ്പോര്‍ട്ട് റവന്യൂ മന്ത്രി പരിശോധിച്ച് അതീവ ഗുരുതരമാണെന്ന്് കണ്ടെത്തി മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചു. അദ്ദേഹം അത് നിയമ പരിശോധനക്കായി അഡ്വക്കേറ്റ് ജനറലിന് കൈമാറി. ഇതിനിടയില്‍ മാസങ്ങള്‍ തന്നെ കടന്നു പോയി. മന്ത്രിക്കെതിരായ കേസില്‍ റവന്യൂ വകുപ്പിന്റെ അഭിഭാഷകനെ ഒഴിവാക്കി. അതിനുള്ള ഏക കാരണം അദ്ദേഹം സി പി ഐ നോമിനി ആണെന്നത് മാത്രം. മുഖ്യമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരായ അഭിഭാഷകരെ നിയോഗിച്ചു. അദ്ദേഹം കോടതിയില്‍ ഉഴപ്പി എന്നത് വ്യക്തം. മുന്നണിയിലെ മറ്റു ഘടകകക്ഷികള്‍ക്കും സി പി എമ്മിലെ തന്നെ ബഹുഭൂരിപക്ഷത്തിനും സഹിക്കാവുന്നതിലപ്പുറമായി. അത് പലതും പരസ്യമായി പുറത്ത് വരാനും തുടങ്ങി. ലോകത്തുള്ള ഏത് വിഷയത്തെ കുറിച്ചും അഭിപ്രായം പറയുന്ന മുഖ്യമന്ത്രി സ്വന്തം മന്ത്രിസഭയിലെ ഒരു മന്ത്രിക്കെതിരെ ഒരക്ഷരം മിണ്ടാതെ മൂന്ന് മാസക്കാലം നടന്നു.

കഴിഞ്ഞ ദിവസം ഇടതു മുന്നണി യോഗം ചേര്‍ന്ന് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി എന്നാണ് പറയുന്നത്. വളരെ വിചിത്രമായ തീരുമാനമായിരുന്നു അത്. കാരണം ഇടതുപക്ഷത്തെ എല്ലാ കക്ഷികള്‍ക്കും സി പി എമ്മിലെ തന്നെ ഒട്ടുമിക്ക നേതാക്കള്‍ക്കും തോമസ് ചാണ്ടി ഒരു വിഴുപ്പ് ഭാണ്ഡം ആണെന്ന് വ്യക്തമായി. അദ്ദേഹത്തെ സംരക്ഷിക്കാന്‍ താത്പര്യമുള്ള ഒരേയൊരു വ്യക്തി മുഖ്യമന്ത്രി മാത്രമാണെന്നും ഏവര്‍ക്കും ബോധ്യമായി. തോമസ് ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുക വഴി തോമസ് ചാണ്ടിയുടെ മന്ത്രിയെന്ന ആയുസ്സ് നീട്ടി കൊടുക്കുകയാണ് ഉണ്ടായത്. കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനും ഒക്കെ എന്ത് തന്നെ പറഞ്ഞാലും അന്തിമമായി അതായിരുന്നു അതിന്റെ ഫലം. പെട്ടെന്ന് തീരുമാനം എടുക്കും എന്ന് പറഞ്ഞ മുഖ്യമന്ത്രിയെ പിന്നെ നാം കാണുന്നത് ഇന്നലത്തെ കോടതി വിധിക്ക് ശേഷമാണ്. വിധി അര്‍ഥശങ്കക്ക് ഇടയില്ലാത്ത വിധം ഹര്‍ജി തള്ളി കൊണ്ട് നടത്തിയ പ്രസ്താവനകള്‍ ആരെയും ബോധ്യപ്പെടുത്തുന്ന ഒന്നാണ്.

കേരളത്തിന്റെ എന്നല്ല ഇന്ത്യയുടെ തന്നെ ചരിത്രത്തില്‍ ഒരു മന്ത്രി സ്വന്തം സര്‍ക്കാറിനെതിരെ കോടതിയില്‍ പോകുക, കലക്ടര്‍ക്ക് എതിരെ കോടതിയില്‍ പോകുക എന്നതെല്ലാം പുതിയ സംഭവങ്ങള്‍ ആണ്. അത് ചെയ്ത ഒരാളെ സംരക്ഷിക്കുക എന്നത് രാഷ്ട്രീയ ധാര്‍മികത എന്നതിനപ്പുറം തനിക്ക് ഭരണഘടനയോടോ പാര്‍ലിമെന്ററി ജനാധിപത്യ വ്യവസ്ഥിതിയോടോ യാതൊരു ബഹുമാനവുമില്ലായെന്നു മുഖ്യമന്ത്രി സ്ഥാപിച്ചിരിക്കുന്നു.
തോമസ് ചാണ്ടി കോടതിയില്‍ പോയത് കലക്ടര്‍ക്ക് എതിരെയല്ല, നേരെ മറിച്ച് മുഖ്യമന്ത്രിക്ക് എതിരെയും ചീഫ് സെക്രട്ടറിക്ക് എതിരെയുമാണ് എന്ന് വളരെ വ്യക്തമാണ്. അങ്ങനെ കോടതിയില്‍ പോയ ഒരു വ്യക്തിയെ മന്ത്രിസഭയില്‍ തുടരാന്‍ സമ്മതിക്കുന്നത് തന്നെ ഒരു മുഖ്യമന്ത്രിയുടെ വലിയ അധഃപതനമാണ്. ഭരണഘടനയുടെ കൂട്ടുത്തരവാദിത്വം നശിപ്പിക്കുന്നതാണ് തോമസ് ചാണ്ടിയുടെ ഈ കേസ് എന്ന് ഗവര്‍ണറെ ആം ആദ്മി പാര്‍ട്ടി അറിയിച്ചിരുന്നു. അത് തന്നെയാണ് കോടതിയുടെ വിധി പ്രസ്താവനയിലും വന്നിട്ടുള്ളത്. ഈ കേസില്‍ സര്‍ക്കാറിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി ആദ്യം എടുത്ത നിലപാടെന്തായിരുന്നു? ഒരു മണിക്കൂറിലേറെ ചാണ്ടിയുടെ വക്കീലിനെതിരെ സര്‍ക്കാറിന്റെ ഭാഗം വാദിച്ചത് ഒരു ന്യായാധിപനാണ്. ഈ ഹരജി സംബന്ധിച്ച് ഒരക്ഷരം സര്‍ക്കാര്‍ അഭിഭാഷകന്‍ മിണ്ടിയില്ല. സാധാരണ ഗതിയില്‍ സര്‍ക്കാറിനെതിരെ ഒരു റിട്ട് ഹരജി വന്നാല്‍ അത് തള്ളണമെന്ന് അതിശക്തമായി വാദിക്കാനാണ് ഈ സര്‍ക്കാര്‍ അഭിഭാഷകന് നമ്മുടെ നികുതിപ്പണം ശമ്പളമായി നല്‍കുന്നത്. ഇവിടെ ആ വക്കീല്‍ തോമസ് ചാണ്ടിയുടെ ഹര്‍ജിക്കെതിരായി ഒന്നും പറയാതെയിരുന്നപ്പോള്‍ കോടതി തന്നെ അദ്ദേഹത്തിന്റെ വായില്‍ വിരലിട്ടു മറുപടി പറയിക്കേണ്ടതായി വന്നു. അതായത് ഈ ഹര്‍ജി അനുവദിക്കുന്നതില്‍ തനിക്ക് അഥവാ സര്‍ക്കാറിന് എതിര്‍പ്പില്ലെന്ന് നിലപാടെടുത്തു അദ്ദേഹം. അത് ആ അഭിഭാഷകന്റെ സ്വന്തമായ നിലപാടല്ല സര്‍ക്കാറിന്റെ നിലപാട് തന്നെയാണ്. ഈ ഹരജി ഭരണഘടനാലംഘനമല്ലേ എന്ന
കോടതിയുടെ നേരിട്ടുള്ള ചോദ്യത്തിന് അതെ എന്ന് മറുപടി പറയാന്‍ മാത്രമേ അദ്ദേഹത്തിന് കഴിയുമായിരുന്നുള്ളൂ.

ഞായറാഴ്ച ഇടതുമുന്നണി തീരുമാനിച്ചിട്ട് രണ്ട് ദിവസം അദ്ദേഹം എന്തിനു വേണ്ടിയാണ് കാത്തത് എന്നത് ഏറെ പ്രധാനമാണ്. ഈ കേസിന്റെ വിധി കണ്ടിട്ടു തീരുമാനിക്കാം എന്നായിരുന്നുവോ മുന്നണി തീരുമാനം? അല്ല. അതിനു മുമ്പ് തന്നെ ഈ മന്ത്രി തുടരരുതെന്നു തീരുമാനിച്ചു. പക്ഷേ ഇതിനിടയില്‍ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം എന്ന പ്രാഥമിക തത്വം ലംഘിച്ച് ഈ മന്ത്രി കോടതിയില്‍ പോകുന്നു എന്നറിഞ്ഞതിനാല്‍ മാത്രം ആ വിധികൂടി കണ്ടിട്ടു മതി എന്നദ്ദേഹം തീരുമാനിച്ചതാണ് പ്രധാന പ്രശ്‌നം. പാര്‍ലിമെന്ററി വ്യവസ്ഥയുടെ നിയമങ്ങള്‍ പൂര്‍ണമായും ലംഘിച്ച് പോയ മന്ത്രിയുടെ ഹരജിയുടെ ഫലം വിശകലനം ചെയ്തിട്ട് തോമസ് ചാണ്ടിയുടെ ഭാവി തീരുമാനിക്കാം എന്ന് പറയുന്നിടത്ത് തനിക്ക് ഭരണഘടനയോട് യാതൊരു ഉത്തരവാദിത്വവും ഇല്ലെന്ന് തെളിയിച്ചു.
ഈ കേസിലെ വിധി വന്നുകൊണ്ടിരിക്കുമ്പോഴാണ് മൂന്നു മാസങ്ങള്‍ക്കിടയില്‍ ആദ്യമായി ഈ വിഷയം സംബന്ധിച്ചുള്ള മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനം വരുന്നത്. ഈ വിധിപ്രസ്താവം പൂര്‍ത്തിയാകട്ടെ എന്നും ഇക്കാര്യത്തില്‍ എന്‍ സി പി തീരുമാനം അറിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതിനു ശേഷം തക്ക സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും വ്യക്തമാക്കി. തന്നെയുമല്ല ആവിധി വിശദമായി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എന്താണ് ഇതിനര്‍ഥം? ഈ വിധിയില്‍ തോമസ് ചാണ്ടിക്കനുകൂലമായി എന്തെങ്കിലും വീണു കിട്ടിയാല്‍ അതുപയോഗിച്ചു അദ്ദേഹത്തെ മന്ത്രിസഭയില്‍ നിലനിര്‍ത്തമെന്നല്ലേ? അങ്ങനെ ചെയ്യുന്നത് ഇടതുപക്ഷമുന്നണിയുടെ നിലപാടാണോ?
അതിനെക്കാള്‍ പ്രസക്തമായ മറ്റൊരു പ്രശ്‌നമുണ്ട്. സര്‍ക്കാറിനെതിരായ കേസില്‍ ജയിച്ചുവരുമ്പോള്‍ അയാളെ സ്വീകരിക്കുന്നു. ആ കേസില്‍ സര്‍ക്കാര്‍ തോല്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും ചുരുങ്ങിയത് തോല്‍ക്കണമെന്നു മുഖ്യമന്ത്രി ആഗ്രഹിക്കുന്നു എന്നും വരുന്നു. ഇതില്‍പരം നിയമവിരുദ്ധമായ ഒരു നിലപാട് മുഖ്യമന്ത്രി എടുക്കാനുണ്ടോ? സര്‍ക്കാര്‍ തോല്‍ക്കണമെന്ന ആഗ്രഹമുള്ളതിനാലല്ലേ ആദ്യഘട്ടത്തില്‍ അറ്റോണി മൗനം പാലിച്ചത്? അതായത് മുഖ്യമന്ത്രിയും അദ്ദേഹത്തിനെ അനുകൂലിക്കുന്ന അഭിഭാഷകരും സര്‍ക്കാര്‍ കേസ് തോല്‍ക്കണമെന്നു ആഗ്രഹിക്കുന്ന അവസ്ഥ എന്തിനു വേണ്ടി സൃഷ്ടിച്ചു? അവിടെയാണ് തോമസ് ചാണ്ടിയെന്ന സമ്പന്നന്റെ സ്വാധീനം വ്യക്തമാകുന്നത്.

ഇടതുപക്ഷത്തെ സമുന്നത നേതാവായ കാനം രാജേന്ദ്രന്‍ നയിക്കുന്ന ജാഥയിലെത്തി അദ്ദേഹം നടത്തിയ വെല്ലുവിളി നാം കേട്ടതാണ്. റവന്യൂ വകുപ്പ് അവരുടെ മന്ത്രിക്കാണ്. അത് നന്നായറിഞ്ഞിട്ടു തന്നെയാണ് മന്ത്രി സ്വന്തം ചെറുവിരല്‍ ഉയര്‍ത്തിക്കാട്ടി തന്നെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഇനിയും താന്‍ ബാക്കിയുള്ള പാടങ്ങള്‍ കൂടി നികത്തുമെന്നും പറഞ്ഞത്. കേവലം രണ്ട് നിയമസഭാംഗങ്ങള്‍ മാത്രമുള്ള പാര്‍ട്ടി മുന്നണി വിട്ടാലും മന്ത്രിസഭയുടെ നിലനില്‍പ്പിനൊരു ഭീഷണിയുമില്ല. ഭൂരിപക്ഷം ത്രിശങ്കുവിലായിരുന്നിട്ടും ഒരു കോടതി പരാമര്‍ശമുണ്ടായപ്പോള്‍ കെ എം മാണിയെക്കൊണ്ട് ഉമ്മന്‍ ചാണ്ടി രാജി വെപ്പിച്ചു എന്നും ഓര്‍ക്കുക. നെല്‍ പാടങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുമെന്ന് നാഴികക്ക് നാല്‍പത് വട്ടം പറയുന്നവര്‍, അഴിമതിക്കെതിരെ സന്ധിയില്ലാ സമരമെന്ന് പ്രഖ്യാപിച്ചവര്‍ സ്വീകരിക്കുന്ന സമീപനം ഉമ്മന്‍ ചാണ്ടിയുടെതിനെക്കാള്‍ മോശമായി എന്നര്‍ഥം.

എന്തിനാണ് മുഖ്യമന്ത്രി തന്റെയും പാര്‍ട്ടിയുടെയും മുന്നണിയുടെയും മേല്‍ ഇത്ര മാത്രം കരി വാരി പൂശുന്നത്? എന്‍ സി പി എന്ന രാഷ്ട്രീയകക്ഷി വിട്ടു പോയാല്‍ അഖിലേന്ത്യാ തലത്തിലുള്ള ഫാസിസ്റ്റ് വിരുദ്ധമുന്നണിക്കു ദോഷമുണ്ടാകുമെന്ന ഭയം കൊണ്ടാണോ? അതാവില്ല. കാരണം കേരളത്തിന് പുറത്തുള്ള ഈ കക്ഷിക്ക് അത്തരം ഒരു നിലപാടുമില്ല. ഗോവയിലും ഗുജറാത്തിലും ഇവര്‍ ബി ജെ പിക്കൊപ്പമാണ്. മഹാരാഷ്ട്രയിലും ബി ഹാറിലും കോണ്‍ഗ്രസിനൊപ്പവും. പലരും പറയുംപോലെ കേവലം സാമ്പത്തിക ബാധ്യതകള്‍ മൂലമാണോ?അങ്ങനെ കരുതാന്‍ വഴിയില്ല. കുറച്ചു പണത്തിന്റെ പേരില്‍ ഇത്തരം ഒരു വീഴ്ചക്ക് മുഖ്യമന്ത്രി തയാറാകുമോ? അതിനുമപ്പുറം മുഖ്യമന്ത്രിയെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശേഷിയുള്ള എന്തെങ്കിലും ചാണ്ടിയുടെ കൈവശമുണ്ടോ? അത് കാലം തെളിയിക്കട്ടെ. പണമുള്ളവന്‍ എത്ര അഴിമതി നടത്തിയാലും, കൈയേറ്റങ്ങള്‍ നടത്തിയാലും ഏത് ഇരട്ടചങ്കനെയും വരച്ച വരയില്‍ നിര്‍ത്താന്‍ സാധിക്കും എന്ന് ഇവിടെ തോമസ് ചാണ്ടി തെളിയിക്കുന്നു. ഇത്തരം പ്രവണതകള്‍ക്ക് മലയാളികള്‍ ഇനിയും കൂട്ട് നില്‍ക്കേണ്ടതുണ്ടോ എന്ന് ആലോചിക്കുക.
വാല്‍ക്കഷ്ണം: എം ടിയുടെ “വടക്കന്‍ വീരഗാഥ”യിലെപ്പോലെ സ്വയം തോറ്റുകൊടുത്തു മഹത്വം നേടാനോ മുഖ്യമന്ത്രി ശ്രമിക്കുന്നത്? എങ്കില്‍ ഇവിടെ തോല്‍ക്കുന്നത്, കേരളമാകെയാണ്, ജനങ്ങളാണ്, ജനാധിപത്യമാണ്.

Latest