എല്ലാം അടഞ്ഞപ്പോള്‍ രാജി

Posted on: November 16, 2017 6:00 am | Last updated: November 15, 2017 at 11:17 pm
SHARE

പിടിച്ചുനില്‍ക്കാന്‍ പയറ്റിയ അടവുകളെല്ലാം എട്ടുനിലയില്‍ പൊട്ടിയപ്പോഴാണ് ഗതാഗതമന്ത്രി തോമസ്ചാണ്ടിയുടെ പടിയിറക്കം. മന്ത്രിസഭയിലും മുന്നണിയിലും വലിയ പൊട്ടിത്തെറിക്ക് വഴിതുറന്ന ശേഷമുള്ള പിന്മടക്കം. സി പി ഐ മന്ത്രിമാര്‍ ഒന്നടങ്കം മന്ത്രിസഭായോഗം ബഹിഷ്‌കരിച്ച അപൂര്‍വവും അസാധാരണവുമായ നടപടിക്കൊടുവിലാണ് ഗത്യന്തരമില്ലാതെയുള്ള രാജി. പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്നുള്ള മൂന്നാമത്തെ രാജിയാണ് തോമസ്ചാണ്ടിയുടേത്. ഒന്നര വര്‍ഷം പൂര്‍ത്തിയാകും മുമ്പ് മൂന്ന് പേര്‍ രാജിവെക്കുകയെന്നത് സര്‍ക്കാറിനെ സംബന്ധിച്ച് വലിയ ആഘാതമാണ്. മുന്നണിയുടെ കെട്ടുറപ്പിനെ തന്നെ ബാധിക്കും വിധം പ്രശ്‌നം വഷളാക്കിത് പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നു.

രാജിവെച്ച മൂന്നില്‍ രണ്ടുപേരും എന്‍ സി പിയില്‍ നിന്നുള്ളവരായത് യാദൃശ്ചികം. ചുരുങ്ങിയ മാസങ്ങള്‍ മാത്രമാണ് തോമസ് ചാണ്ടി മന്ത്രിയായിരുന്നത്. എന്നാല്‍, സര്‍ക്കാറിനും ഇടതു മുന്നണിക്കും അദ്ദേഹമുണ്ടാക്കിയ പ്രതിച്ഛായ നഷ്ടം തീര്‍ക്കാന്‍ എത്രകാലം വേണ്ടി വരുമെന്ന് കണ്ടറിയണം. ആദ്യ രണ്ടുമന്ത്രിമാരുടെ രാജി പോലെ സുഗമമായിരുന്നില്ല കാര്യങ്ങള്‍. ഇ പി ജയരാജന്റെ രാജിയായിരുന്നു ഈ മന്ത്രിസഭയിലെ ആദ്യത്തേത്, രണ്ടാമത് എ കെ ശശീന്ദ്രനും. ബന്ധുനിയമനവുമായി ബന്ധപ്പെട്ട വിവാദമാണ് ജയരാജനെ തെറിപ്പിച്ചതെങ്കില്‍ യുവതിയുമായി നടത്തിയ അശ്ലീല സംഭാഷണമാണ് എ കെ ശശീന്ദ്രന് വിനയായത്.
രാഷ്ട്രീയ ധാര്‍മികതയുടെ യശസ്സ് ഉയര്‍ത്തിയായിരുന്നു ഈ രണ്ടു രാജികളെങ്കിലും തോമസ്ചാണ്ടിയുടെ കാര്യം അങ്ങനെ കാണാനാകില്ല. പിടിച്ചുനില്‍ക്കാന്‍ അവസാനം വരെ ശ്രമിച്ചു. കലക്ടറുടെ റിപ്പോര്‍ട്ട്, അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം, വിജിലന്‍സ് കോടതിയുടെ ക്യുക്ക് വെരിഫിക്കേഷന്‍, രാജി അനിവാര്യമെന്ന് ഘടകകക്ഷികളുടെ നിലപാട്, ഈ വികാരത്തിനൊപ്പം നിന്ന എല്‍ ഡി എഫ് യോഗം, ഒടുവില്‍ ഹൈക്കോടതിയില്‍ നിന്ന് പ്രഹരമേറ്റപ്പോഴും പഴുത് അന്വേഷിക്കുകയായിരുന്നു തോമസ്ചാണ്ടി. അവസാന അടവ് എന്ന നിലയില്‍ രണ്ടു മാസത്തെ അവധിയെടുക്കുന്നതിന്റെ സാധ്യതകള്‍ പോലും തേടി. വഴികളെല്ലാം അടഞ്ഞപ്പോള്‍ ഗത്യന്തരമില്ലാതെയാണ് ഈ രാജി. ആരോപണങ്ങളെ അര്‍ഹിക്കുന്ന ഗൗരവത്തിലെടുത്താണ് നേരത്തെ രണ്ടു മന്ത്രിമാര്‍ രാജിവെച്ചതെങ്കില്‍ സാങ്കേതികത്വത്തില്‍ പിടിച്ച് തൂങ്ങാന്‍ ശ്രമിച്ച മുന്‍കാല അനുഭവങ്ങളായിരുന്നു തോമസ്ചാണ്ടിയുടെ മാതൃക.

മുഖ്യമന്ത്രിക്ക് പോലും ഈ രാജി നീണ്ടതിന്റെ പേരില്‍ വിമര്‍ശം നേരിടേണ്ടിവന്നു. സര്‍ക്കാറും എല്‍ ഡി എഫും പലവട്ടം പ്രതിരോധത്തിലായി. കക്ഷികള്‍ രണ്ടുതട്ടിലായി. മന്ത്രിമാര്‍ വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി. പരസ്യപ്രതികരണങ്ങള്‍ പലതും കെട്ടുറപ്പ് നഷ്ടപ്പെടുത്തി. ജനജാഗ്രതാ യാത്രപോലും ഒരു വേള തോമസ് ചാണ്ടി വിവാദത്തില്‍ മുങ്ങി. ഒടുവില്‍ കൂട്ടുത്തരവാദിത്വമില്ലെന്ന ഹൈക്കോടതി വിമര്‍ശവും നേരിടേണ്ടി വന്നു.
മാധ്യമങ്ങളുടെ നിതാന്ത ജാഗ്രതയും വിട്ടുവീഴ്ചയില്ലാത്ത ബ്യൂറോക്രസി ഇടപെടലും ന്യായാസനങ്ങളുടെ നീതിയുക്ത ഇടപെടലുമാണ് ചാണ്ടിയുടെ രാജി അനിവാര്യമാക്കിയത്. തുടക്കം മുതല്‍ തീര്‍ത്ത രാഷ്ട്രീയ പ്രതിരോധങ്ങളെ നിഷ്പ്രഭമാക്കുകയായിരുന്നു ഈ മൂന്ന് കേന്ദ്രങ്ങളും. ആലപ്പുഴ ജില്ലാകലക്ടര്‍ ടി വി അനുപമ നല്‍കിയ റിപ്പോര്‍ട്ടാണ് തോമസ് ചാണ്ടിയെ ആദ്യം പ്രഹരിച്ചത്. കലക്ടര്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അവിടെ നിന്നും വയറ് നിറയെ കിട്ടി.
മാധ്യമങ്ങളുടെ ശക്തി പ്രതിഫലിപ്പിക്കുന്നതാണ് ഈ രാജി. നിയമലംഘനങ്ങളൊന്നും അദ്ദേഹം മന്ത്രിയായ ശേഷം സംഭവിച്ചതല്ല. വര്‍ഷങ്ങളായി അദ്ദേഹം നടത്തി കൊണ്ടിരിക്കുന്ന ചട്ടവിരുദ്ധ നീക്കങ്ങള്‍ക്ക് തിരിച്ചടി നേരിട്ടത് ഇപ്പോഴാണെന്ന് മാത്രം. നിയമലംഘനങ്ങള്‍ മാധ്യമങ്ങള്‍ നിരന്തരം പുറത്തുകൊണ്ടുവന്നു. തുടക്കത്തില്‍ പ്രതിപക്ഷം പോലും ഏറ്റെടുക്കാന്‍ മടിച്ച് നിന്നതാണ്. സഭാസമ്മേളനം നടക്കുന്ന ഘട്ടത്തിലായിട്ട് പോലും ആദ്യം സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. വിഷയം നിയമസഭയില്‍ ചര്‍ച്ചയായ ഘട്ടത്തില്‍ നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ അത് യു ഡി എഫ് ഭരണകാലത്താണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചതോടെ അവരും പ്രതിരോധത്തിലായി.
ഇതിന് ശേഷം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അന്വേഷണത്തിന് കലക്ടറെ ചുമതലപ്പെടുത്തിയതോടെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. ഇലക്കും മുള്ളിനും കേടില്ലാതെയായിരുന്നു അന്ന് ആലപ്പുഴ കലക്ടറായിരുന്ന വീണാ മാധവന്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ട്. ഇതിന് ശേഷം കലക്ടറായെത്തിയ ടി വി അനുപമയാണ് വിശദമായ അന്വേഷണം നടത്തിയത്. എല്ലാ വശവും പരിശോധിച്ച് അവര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കി. മന്ത്രി നിലവിലുള്ള നിയമവും ചട്ടവും ലംഘിച്ചെന്നായിരുന്നു ഈ റിപ്പോര്‍ട്ടിന്റെ കാതല്‍. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ഇത് സാധൂകരിക്കുന്ന നിലപാടെടുത്തു. എന്നാല്‍, ഉന്നയിക്കപ്പെട്ട വിഷയങ്ങളെല്ലാം ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസിന്റെ പരിധിയില്‍ വരുന്നതാണെന്നും കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് തന്നെ നിയമവിരുദ്ധമാണെന്നുമായിരുന്നു ആ ഘട്ടത്തിലെ തോമസ്ചാണ്ടിയുടെ പ്രതിരോധം. കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി ഒരു നിലപാടും സ്വീകരിച്ചില്ല. വിഷയത്തില്‍ അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടാനായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം.
തോമസ്ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക്പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിംഗ് സ്ഥലം നികത്തിയെന്നും റിസോര്‍ട്ടിലേക്ക് വഴി നിര്‍മിച്ചപ്പോള്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നുമാണ് കലക്ടര്‍ പ്രധാനമായും കണ്ടെത്തിയത്. മാര്‍ത്താണ്ഡം കായലില്‍ മണ്ണിട്ട് നികത്തിയതിലും ചട്ടലംഘനം. റിസോര്‍ട്ടിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മാണം, വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മ്മാണം, മാര്‍ത്താണ്ഡം കായല്‍ നികത്തല്‍, റിസോര്‍ട്ടിന് മുന്നില്‍ ബോ സ്ഥാപിക്കല്‍, ഇതിനെല്ലാം അനുമതി നല്‍കിയതിലെ ഉദ്യോഗസ്ഥതല വീഴ്ച്ച ഇതെല്ലാം അന്വേഷണ റിപ്പോര്‍ട്ടില്‍ ഇഴകീറി പ്രതിപാദിച്ചു.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചുള്ള റോഡ് നിര്‍മാണം. റോഡ് നിര്‍മാണത്തിന്റെ മറവില്‍ മൂന്നിടത്ത് നിലം നികത്തി. ലോറി തിരിക്കാന്‍ സ്ഥലം ഇല്ലാത്തത് കൊണ്ടാണെന്നായിരുന്നു ഇതിന് നല്‍കിയ വിശദീകരണം. റോഡ് നിര്‍മാണം കഴിഞ്ഞാല്‍ പൂര്‍വസ്ഥിതിയിലാക്കാമെന്ന് ജില്ലാ കലക്ടര്‍ക്ക് എഴുതി നല്‍കിയിരുന്നെങ്കിലും മൂന്നു വര്‍ഷം കഴിഞ്ഞിട്ടും പൂര്‍വസ്ഥിതിയില്‍ ആക്കിയിട്ടില്ല. ഇതില്‍ ഒരു ഭാഗം റോഡും റിസോര്‍ട്ടും ബന്ധിപ്പിക്കുന്നു. ഇങ്ങനെ പോയി കലക്ടറുടെ റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍.
മാര്‍ത്താണ്ഡം കായല്‍ നികത്തലിന്റെ ഭാഗമായി സര്‍ക്കാര്‍ പുറമ്പോക്കിലെ റോഡ് നികത്തി. ഇതിലും തണ്ണീര്‍ത്തട നിയമത്തിന്റെ ലംഘനം നടന്നു. നിലവില്‍ വെള്ളമായതിനാല്‍ ഭൂമിയും റോഡും അളന്നു തിരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തില്‍ തുടര്‍നടപടി ആവശ്യമാണെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തു. കരുവേലി പാടശേഖരത്തിന് പുറം ബണ്ട് നിര്‍മിച്ചാണ് ലേക്ക് പാലസ് പാര്‍ക്കിംഗ് ഗ്രൗണ്ടായി ഉപയോഗിച്ചത്. ഇതില്‍ തണ്ണീര്‍ത്തട നിയമത്തിന്റെ ലംഘനമുണ്ട്. ഇത് മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരി ലീലാമ്മ ഈശോയുടെ പേരിലുള്ള സ്ഥലമാണ്. ജലവിഭവവകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ബണ്ട് നിര്‍മിച്ചത്. അനുവദിച്ചതില്‍ കൂടതല്‍ സ്ഥലം നികത്തിയിട്ടുണ്ടെന്നും ഇവ കണ്ടെത്തുന്നതിന് കേരള സ്‌റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്ററിന്റെ സഹായം തേടണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് നിലവില്‍ കോടതിയില്‍ കേസുള്ളതിനാല്‍ ലീലാമ്മ ഈശോക്കെതിരെ കോടതി വിധിക്കുശേഷം നടപടി എടുക്കാമെന്നും ഇക്കാര്യത്തില്‍ നിജസ്ഥിതി അറിയിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ കലക്ടര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് കോടതിയലക്ഷ്യമാണെന്നായിരുന്നു ചാണ്ടിയുടെ നിലപാട്. ഹൈക്കോടതി മുമ്പാകെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളില്‍ കലക്ടര്‍ റവന്യു സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയ നടപടി ഹൈക്കോടതിയെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മന്ത്രിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ഹൈക്കോടതിയെ സമീപിച്ചു. റിപ്പോര്‍ട്ട് തള്ളണമെന്നും ജില്ലാ കലക്ടര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടൊപ്പം രണ്ടുപൊതുതാത്പര്യഹരജികളും കോടതിയിലെത്തി. ഇതിന്റെ പരിഗണനാവേളയിലാണ് തോമസ് ചാണ്ടിക്ക് കോടതിയില്‍ നിന്ന് രൂക്ഷമായ പരാമര്‍ശങ്ങള്‍ നേരിടേണ്ടി വന്നത്. രാജിവെച്ചതോടെ ആ തലവേദന മാറിയെങ്കിലും അദ്ദേഹം മുന്നണി ബന്ധത്തിലുണ്ടാക്കിയ മുറിവ് എങ്ങനെ ഉണക്കുമെന്നതാണ് എല്‍ ഡി എഫ് നേരിടുന്ന അടുത്ത പ്രതിസന്ധി. ഈ വിവാദം ഉണ്ടായ നാള്‍ മുതല്‍ സി പി ഐ ഭിന്ന നിലപാടിലായിരുന്നു. അന്വേഷണത്തിന് ഉത്തരവിടുന്നതില്‍ തുടങ്ങിയ ഭിന്നത രാജി നാളിലെ മന്ത്രിസഭായോഗ ബഹിഷ്‌കരണത്തിലാണ് അവസാനിച്ചത്.
റവന്യൂവകുപ്പുമായി പലവട്ടം നേരിട്ട് ഏറ്റുമുട്ടി. ഹൈക്കോടതിയില്‍ കേസ് എത്തിയപ്പോള്‍ അവിടെ ഹാജരാകുന്നതില്‍ നിന്ന് അഡീഷനല്‍ അഡ്വക്കറ്റ് ജനറലിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായി. കേസില്‍ ഹാജരാകാന്‍ സ്റ്റേറ്റ് അറ്റോര്‍ണി കെ വി സോഹനെയാണ് എ ജി ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍, സി പി ഐ നോമിനി കൂടിയായ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ രജ്ഞിത് തമ്പാനെ കേസ് ഏല്‍പ്പിക്കണമെന്ന് റവന്യൂമന്ത്രി നിലപാടെടുത്തതോടെ തര്‍ക്കം മുറുകി. ഈ ആവശ്യം ഉന്നയിച്ച് റവന്യൂമന്ത്രി, എ ജിക്ക് കത്ത് നല്‍കിയതോടെ ഭിന്നത മറനീക്കി. റവന്യൂകേസുകള്‍ ആരുടെയും തറവാട്ട് സ്വത്തല്ലെന്നും സര്‍ക്കാറിന് വേണ്ടി ആര് ഹാജരാകണമെന്ന് തീരുമാനിക്കുന്നത് എ ജിയുടെ വിവേചനാധികാരമാണെന്നും അഡ്വക്കറ്റ് ജനറല്‍ നിലപാടെടുത്തു. ഇതിനെതിരെ മന്ത്രി രംഗത്തുവന്നതോടെ ഭിന്നത മൂര്‍ച്ഛിച്ചു. തങ്ങളുടെ മന്ത്രി കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ സി പി ഐ നേതൃത്വവും ഇടപെട്ടു. ഈ ഭിന്നത ഒരുവഴിക്ക് അവസാനിച്ചതോടെയാണ് മന്ത്രിസഭയില്‍ കടിച്ച് തൂങ്ങാന്‍ നടത്തിയ ശ്രമത്തിന്റെ പേരില്‍ വീണ്ടും മൂര്‍ച്ഛിച്ചിരിക്കുന്നത്.
സി പി ഐയുടെ മന്ത്രിസഭായോഗ ബഹിഷ്‌കരണത്തെ പരോക്ഷമെങ്കിലും രൂക്ഷമായി തന്നെയാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. അസാധാരണ സംഭവമെന്നും സംഭവിക്കാന്‍ പാടില്ലാത്തതെന്നുമുള്ള മുഖ്യമന്ത്രിയുടെ നിരീക്ഷണത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. എന്തുകൊണ്ട് അസാധാരണ സാഹചര്യമുണ്ടായെന്ന മറുചോദ്യമാണ് സി പി ഐ ഉയര്‍ത്തുന്നത്. എന്തായാലും തോമസ്ചാണ്ടി വരുത്തിവെച്ച അസ്വാരസ്യം അത്രപെട്ടെന്ന് എല്‍ ഡി എഫിനെ വിട്ടൊഴിയില്ലെന്ന് ഉറപ്പ്.