Connect with us

Editorial

ഏറെ വൈകിപ്പോയി

Published

|

Last Updated

ഒടുവില്‍ തോമസ് ചാണ്ടി മന്ത്രി സ്ഥാനം ഉപേക്ഷിച്ചെങ്കിലും മുത്തിന് വില്‍ക്കേണ്ടത് മുത്താറിക്ക് വിറ്റു എന്ന മട്ടിലായിപ്പോയി അത്. കായല്‍ കൈയേറ്റക്കേസില്‍ ചാണ്ടിയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് കമ്പനിയും ഗുരുതരമായ ക്രമക്കേട് നടത്തിയെന്ന് കാണിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉടനെ രാജിക്കത്ത് നല്‍കി സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും അന്തസ്സ് കാക്കുന്നതിന് പകരം കോടതിയില്‍ നിന്ന് ഒന്നിലേറെ തവണ പ്രഹരമേല്‍ക്കുകയും സ്വന്തം പാര്‍ട്ടിയില്‍ പോലും രാജിക്ക് വേണ്ടി മുറവിളി ഉയരുകയും ചെയ്തിട്ടും പിന്നെയും അധികാരത്തില്‍ കടിച്ചു തൂങ്ങിയത് സര്‍ക്കാറിനും പാര്‍ട്ടിക്കും വരുത്തിവെച്ച ചീത്തപ്പേരും നാണക്കേടും കുറച്ചൊന്നുമല്ല. ഇതിന് മുമ്പ് പിണറായി സര്‍ക്കാറില്‍ നിന്ന് വേറെയും രണ്ട് മന്ത്രിമാര്‍ രാജിവെച്ചിരുന്നു. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് ഇ പി ജയരാജനും അശ്ലീല സംഭാഷണത്തില്‍ കുരുങ്ങി എ കെ ശശീന്ദ്രനും. കടിച്ചുതൂങ്ങി കൂടുതല്‍ വിവാദമുണ്ടാക്കാതെ ആരോപണം ഉയര്‍ന്നു ഏറെ താമസിയാതെ തന്നെ ഇരുവരും രാജിക്കത്ത് നല്‍കി. ആ രണ്ട് രാജികളും പിണറായി സര്‍ക്കാറിനുണ്ടാക്കിയ സല്‍പ്പേര് നഷ്ടപ്പെടുത്തുന്നതായിരുന്നു കിട്ടുന്ന ഓരോ കച്ചിത്തുരുമ്പും പിടിവള്ളിയാക്കിയ തോമസ്ചാണ്ടിയുടെ നിലപാട്.
ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടു തോമസ് ചാണ്ടി നല്‍കിയ ഹരജി തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയ രൂക്ഷമായ വിമര്‍ശനങ്ങളെ തുടര്‍ന്ന്, അദ്ദേഹം ഇനിയും പദവിയില്‍ തുടരുകയാണെങ്കില്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന സി പി ഐയുടെ കര്‍ശന നിലപാടും പൊതുസമൂഹത്തില്‍ നിന്നുയര്‍ന്ന കടുത്ത പ്രതിഷേധവുമാണ് രാജിയിലേക്ക് നയിച്ചത്. താന്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കാറിന്റെ ഭാഗമായ ചീഫ് സെക്രട്ടറിയെ ഒന്നാം കക്ഷിയാക്കിയാണ് തോമസ് ചാണ്ടി കോടതിയില്‍ ഹരജി നല്‍കിയത്. സ്വന്തം സര്‍ക്കാറിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇത് മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും മന്ത്രിക്ക് വിശ്വാസം നഷ്ടപ്പട്ടുവെന്നല്ലേ കാണിക്കുന്നതെന്നു ചോദിക്കുകയുണ്ടായി. കലക്ടറുടെ റിപ്പോര്‍ട്ടില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അക്കാര്യം അദ്ദേഹത്തെ ബോധിപ്പിക്കുകയും ദന്ത ഗോപുരത്തില്‍ നിന്ന് താഴെയിറങ്ങി വന്ന് സാധാരണക്കാരനായി നിയമ നടപടി നേരിടുകയുമാണ് വേണ്ടതെന്നും കോടതി ഉണര്‍ത്തി. സര്‍ക്കാറിനെതിരെ മന്ത്രി തന്നെ കോടതിയെ സമീപിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നിരിക്കെ ആരോപണ വിധേയനായ ചാണ്ടി രാജി വെക്കുന്നതാണ് ഉചിതമെന്നും കോടതി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നിരിക്കെ, അതിനെ ചോദ്യം ചെയ്തു കോടതിയെ സമീപിച്ചത് ശരിയായില്ലെന്നാണ് നിയമ വൃത്തങ്ങളുടെ വിലയിരുത്തല്‍.
കാനം രാജേന്ദ്രന്‍ സൂചിപ്പിച്ച പോലെ, സാധാരണ ഗതിയില്‍ മന്ത്രിമാരെ പാര്‍ട്ടികള്‍ നിയന്ത്രിക്കുകയാണ് ചെയ്യാറെങ്കില്‍ തോമസ് ചാണ്ടിയുടെ കാര്യത്തില്‍ പാര്‍ട്ടിയെ മന്ത്രി കൈയടക്കുകയും നിയന്ത്രിക്കുകയുമായിരുന്നു. കൊച്ചിയില്‍ ചേര്‍ന്ന എന്‍ സി പി ഭാരവാഹിയോഗത്തിലും നിര്‍വാഹക സമിതിയിലും ചാണ്ടിക്കെതിരെ പൊതുവികാരമുയര്‍ന്നതായാണു റിപ്പോര്‍ട്ട്. ചാണ്ടി പാര്‍ട്ടിയെ നാണം കെടുത്തിയെന്നും രാജി വെക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ അത് മുന്നണി നേതൃത്വത്തെ അറിയിക്കാന്‍ പോലും പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞില്ല. പ്രശ്‌നം പാര്‍ലിമെന്ററി ബോര്‍ഡിന് വിട്ടു നേതൃത്വം കൈയൊഴിയുകയാണുണ്ടായത്. ഇത് പാര്‍ട്ടിയില്‍ മന്ത്രി കൈവരിച്ച സ്വാധീനത്തിന്റെ ഫലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജിക്കാര്യം ഇത്രയും നീണ്ടു പോയത് മുഖ്യമന്ത്രിയെ ചാണ്ടി സ്വാധീനിച്ചുവെന്ന തോന്നലുളവാക്കാനും ഇടയാക്കി. വി എസ് ചൂണ്ടിക്കാട്ടിയ പോലെ മടിശ്ശീലയില്‍ കനമുള്ള കൈയേറ്റങ്ങളും തെറ്റുകളും സാധൂകരിക്കപ്പെടുന്ന സ്ഥിതി വിശേഷമാണ് ഇതു മൂലമുണ്ടായത്.
ഗുരുതരമായ ആരോപണങ്ങളാണ് മന്ത്രിക്കെതിരെ കലക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്. ചാണ്ടിയുടെ പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിംഗ് ഏരിയയിലും മാര്‍ത്താണ്ഡം കായലിന് സമീപത്തും ചട്ടലംഘനങ്ങള്‍ നടത്തിയെന്നും 2003 മുതല്‍ ബണ്ടിന് രൂപ മാറ്റം വരുത്തിയെന്നും ബണ്ട് നിന്നിരുന്നിടത്താണ് പാര്‍ക്കിംഗ്് ഏരിയ സ്ഥാപിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാര്‍ത്താണ്ഡം കായലിനോട് ചേര്‍ന്നുള്ള ഭൂമിയില്‍ പൊതുവഴിയും സര്‍ക്കാര്‍ പുറമ്പോക്കും കൈയേറിയിട്ടണ്ട്. ഇത് മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും കലക്ടര്‍ ചൂണ്ടിക്കാണിക്കുന്നു. റിപ്പോര്‍ട്ട് വന്നതോടെ ചാണ്ടിയുടെ രാജിക്കു വേണ്ടിയുള്ള ആവശ്യം എല്‍ ഡി എഫില്‍ ശക്തവുമായിരുന്നു. രാജി നീണ്ടത് മൂലം സര്‍ക്കാര്‍ കടുത്ത വിമര്‍ശനമേല്‍ക്കേണ്ടി വന്നിട്ടും അതൊന്നും കൂസാതെ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായാല്‍ തിരിച്ച് വരാന്‍ സമ്മതിക്കണമെന്ന ഉപാധിയോടെയാണ് രാജിവെക്കാന്‍ ചാണ്ടി സമ്മതിച്ചതെന്നാണ് വിവരം. ശശീന്ദ്രന് പിറകെ തോമസ് ചാണ്ടിയും മന്ത്രിസഭ വിട്ടതോടെ എന്‍ സി പിക്ക് മന്ത്രിസഭാ പ്രാതിനിധ്യം ഇല്ലാതായിരിക്കുകയാണ്. സാധാരണ ഗതിയില്‍ അഴിമതിക്കാരുടെ കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കാറുള്ള മുഖ്യമന്ത്രി തോമസ് ചാണ്ടിയുടെ വിഷയത്തില്‍ കാണിച്ച അയഞ്ഞ നിലപാടും വിട്ടുവീഴ്ചയും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അമ്പരപ്പുളവാക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest