നിര്‍മല്‍ കൃഷ്ണ ബാങ്ക് തട്ടിപ്പ് കേസ് ; മുഖ്യപ്രതി ബാങ്ക് ഉടമ നിര്‍മലന്‍ കീഴടങ്ങി

Posted on: November 15, 2017 9:08 pm | Last updated: November 16, 2017 at 10:32 am
SHARE

ചെന്നൈ: നിര്‍മല്‍ കൃഷ്ണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബാങ്ക് ഉടമ കെ.നിര്‍മലന്‍ കീഴടങ്ങി. തമിഴ്‌നാട് മധുരയിലെ പ്രത്യേക കോടതിയിലാണു കീഴടങ്ങിയത്. രണ്ട് മാസത്തിലേറെയായി ഒളിവിലായിരുന്നു.  ഈ മാസം 29 വരെ കോടതി റിമാന്‍ഡ് ചെയ്ത നിര്‍മലനെ മധുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി.

ആറായിരത്തിലേറെ നിക്ഷേപകരില്‍ നിന്നായി 600 കോടിയിലേറെ രൂപ തട്ടിയെന്നു രേഖാമൂലം പരാതിയുള്ള വന്‍തട്ടിപ്പിലെ ഒന്നാം പ്രതിയാണ് നിര്‍മലന്‍.
സെപ്റ്റംബര്‍ ഏഴിന് പാറശ്ശാലയിലുള്ള ബാങ്ക് പൂട്ടി നിര്‍മലനടക്കമുള്ളവര്‍ ഒളിവില്‍ പോയതോടെയാണു വഞ്ചിക്കപ്പെട്ടതായി നിക്ഷേപകര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസില്‍ പരാതിനല്‍കുകയായിരുന്നു. തമിഴ്‌നാട് പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും കേരളത്തിലെ കൈംബ്രാഞ്ചും രണ്ട് മാസമായി തിരയുന്നതിനിടെയാണ് അഭിഭാഷകനൊപ്പമെത്തി നിര്‍മലന്‍ കീഴടങ്ങിയത്.

നിര്‍മലന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി നിക്ഷേപകര്‍ക്കു മടക്കി നല്‍കാന്‍ തയ്യാറാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.