Connect with us

Gulf

ഇന്ത്യന്‍ സ്‌കൂളുകളില്‍ ശിശുദിനം ആഘോഷിച്ചു

Published

|

Last Updated

ദോഹ: കുഞ്ഞുങ്ങളെയും പനിനീര്‍പ്പൂക്കളെയും വളരെയേറെ സ്‌നേഹിക്കുകയും ലാളിക്കുകയും ചെയ്ത ചാച്ചാ നെഹ്‌റുവിന്റെ ജന്മദിനം നോബിള്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ അബുഹമൂര്‍, ഐന്‍ഖാലിദ്, വുകൈര്‍, ഹിലാല്‍ ക്യാമ്പസുകളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. എം ഇ എസ്, ഐഡിയല്‍ ഇന്ത്യന്‍ അടക്കമുള്ള സ്‌കൂളുകള്‍ ശിശുദിനം ആഘോഷിച്ചു.
നോബിള്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിബു അബ്ദുല്‍ റഷീദ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ശിശുദിന സന്ദേശം കൈമാറുന്നതിനോടൊപ്പം ഉത്സവ സമാനമായ കാഴ്ചകള്‍ക്കപ്പുറത്ത് അനാഥബാല്യങ്ങളുടെ നിറം കെടുത്തുന്ന ഒരു ലോകമുണ്ടെന്ന് നാം തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്‌കൂളിന്റെ വിവിധ ക്യാമ്പസുകളില്‍ നടന്ന സംഗീതം, നൃത്തം, ലഘുനാടകം ,മൂകാഭിനയം എന്നിവ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മിഴിവേകി.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയില്‍ ചാച്ചാ നെഹ്‌റു, ഗാന്ധിജി തുടങ്ങിയ ദേശീയ നേതാക്കന്മാരായി വേഷമണിഞ്ഞെത്തിയ കുട്ടികള്‍ കൗതുകമുണര്‍ത്തി. നോബിള്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍മാരായ റോബിന്‍ കെ ജോസ്, ജയ്‌മോന്‍ ജോയ് എന്നിവര്‍ സന്ദേശം കൈമാറി.
വിവിധ മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിച്ചു. നോബിള്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ പ്രൈമറി വിഭാഗം മേധാവികളായ ശിഹാബുദ്ധീന്‍, ഇന്ദിര അജീഷ്, കിന്‍ഡര്‍ഗാര്‍ട്ടന്‍ മേധാവ സീനാത്തുന്‍ നിഷ സന്നിഹിതരായിരുന്നു.