ഗതാഗത സ്തംഭനങ്ങള്‍ ഒഴിവാക്കുക ലക്ഷ്യം ദുബൈ-ഷാര്‍ജ റൂട്ടില്‍ പുതിയ പാലം നിര്‍മിക്കും

Posted on: November 15, 2017 7:23 pm | Last updated: November 15, 2017 at 7:23 pm
SHARE

ദുബൈ: ഷാര്‍ജ-ദുബൈ റോഡുകളിലെ ഗതാഗത കുരുക്കിന് പരിഹാരമായേക്കാവുന്ന പുതിയ പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍. അല്‍ ഇത്തിഹാദ് റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് എന്നിവയില്‍ ഗതാഗതം രൂക്ഷമാകുമ്പോള്‍ പകരം സംവിധാനമൊരുക്കുന്നതിനായാണ് പാലം നിര്‍മിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. അടുത്ത വര്‍ഷം ആഗസ്റ്റോടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്ന പാലത്തില്‍ ഒമ്പത് വരികളുള്ള പാതയാണുണ്ടാകുക. 20 കോടി ദിര്‍ഹം ചെലവില്‍ പൂര്‍ത്തീകരിക്കുന്ന പാലം ഷാര്‍ജ അല്‍ ബദീഅ ഏരിയയിലാണ് നിര്‍മിക്കുന്നതെന്ന് യു എ ഇ അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം അധികൃതര്‍ പറഞ്ഞു.

അടുത്ത വര്‍ഷം രണ്ടാം പകുതിയുടെ ആദ്യ പാദത്തില്‍ പ്രവര്‍ത്തന യോഗ്യമാകുന്ന പാലത്തിന് മണിക്കൂറില്‍ 9,900 മുതല്‍ 17,700 വാഹനങ്ങള്‍ക്ക് കടന്ന് പോകുവാന്‍ ശേഷിയുള്ളതാകും. എമിറേറ്റ്‌സ് റോഡിനും മലീഹ ഹൈവേക്കും ഇടയിലാണ് പാലം നിര്‍മാണം പുരോഗമിക്കുന്നത്. എമിറേറ്റ്‌സ് റോഡിലെ ആറുവരിപ്പാതയും മലീഹ ഹൈവേയിലെ മൂന്ന്‌വരിപ്പാതയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് സുഗമമായ യാത്രാപഥമൊരുക്കുന്നതോടെ ഷാര്‍ജയില്‍ നിന്ന് ദുബൈയിലേക്കും തിരിച്ചുമുള്ള ഗതാഗത സ്തംഭനം ഒഴിവാക്കാന്‍ കഴിയുമെന്ന് മന്ത്രാലയത്തിന് കീഴിലെ റോഡ്‌സ് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ അഹ്മദ് അല്‍ ഹമാദി പറഞ്ഞു.

ഈ പ്രധാന പാതകളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് യാത്രാ സമയം കുറക്കുന്നതിനാണ് പുതിയ പാലം. വൈകുന്നേരങ്ങളില്‍ ഷാര്‍ജ, വടക്കന്‍ എമിറേറ്റുകള്‍ എന്നിവിടങ്ങളിലേക്കുള്ള ട്രക്കുകളുടെ സഞ്ചാരം മൂലം ഉണ്ടാകുന്ന ഗതാഗത സ്തംഭനം പുതിയ പാലം പ്രവര്‍ത്തന യോഗ്യമാകുന്നതോടെ ഒഴിവാക്കാന്‍ കഴിയുമെന്നാണ് കണക്ക് കൂട്ടുന്നത്. ദൈദ് മലീഹ റോഡിലെ ഇന്റര്‍സെക്ഷന്‍ ഏഴിലുള്ള അപാകതകള്‍ പരിഹരിച്ചു എമിറേറ്റ്‌സ് റോഡിലെ വരികള്‍ മൂന്നില്‍ നിന്ന് ആറു വരിപാതയായി ഉയര്‍ത്താനും പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.