Connect with us

Gulf

ചതുര്‍വര്‍ണത്തില്‍ കുട്ടികള്‍ ബോട്ടിന്റെ രൂപത്തിലേറി ലോക റിക്കാര്‍ഡിലേക്കടുത്തു

Published

|

Last Updated

ഷാര്‍ജ: ശിശു ദിനത്തില്‍ മലയാളിയായ പി എ ഇബ്‌റാഹീം ഹാജിയുടെ ഉടമസ്ഥതയിലുള്ള ഷാര്‍ജ ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ലോക റിക്കോര്‍ഡ് സൃഷ്ടിച്ചു.
യു എ ഇ ദേശീയ പതാകയുടെ നിറങ്ങളില്‍ 4,482 വിദ്യാര്‍ഥികളെ മനുഷ്യബോട്ടിന്റെ ആകൃതിയില്‍ അണിനിരത്തി ഇന്നലെ രാവിലെ എട്ടിന് നാനാത്വത്തില്‍ ഏകത്വവും ലോകസമാധാനവും ഉദ്‌ഘോഷിക്കുന്ന പരിപാടിക്ക് സാക്ഷിയാകുവാന്‍ വിവിധ മേഖലകളിലെ പ്രമുഖരും മാധ്യമപ്രവര്‍ത്തകരും സന്നിഹിതരായിരുന്നു. നിരീക്ഷിക്കുവാന്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രതിനിധി അഹ്മദ് ഗബര്‍ (ഈജിപ്ത്) മേല്‍നോട്ടം വഹിച്ചു. വിദ്യാര്‍ഥി സമൂഹത്തിന് അവരുടേതായ ലക്ഷ്യം കരുപിടിപ്പിക്കുവാനും ജീവിതയാത്രാ പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാനുമുള്ള വ്യക്തമായ സന്ദേശമാണ് മനുഷ്യബോട്ടിലൂടെ പ്രതീകവത്കരിക്കുന്നതെന്ന് അഹ്മദ് ഗബര്‍ പറഞ്ഞു. സ്‌കൂള്‍ ഷാര്‍ജ അഡ്മിന്‍ മാനേജര്‍ സഫാ ആസാദ്, പ്രിന്‍സിപ്പാള്‍ ഡോ. മഞ്ജു റെജി, ഹെഡ്മിസ്ട്രസ് ഷിഫാന മുഈസ് തുടങ്ങിയവര്‍ പദ്ധതിയുടെ ചുക്കാന്‍പിടിച്ചു.

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ നവംബര്‍ 14 ഇന്ത്യയില്‍ ശിശുദിനമായി ആചരിക്കുന്നു. ആ ദിനത്തില്‍ ശിശുക്കളെ സംഘടിപ്പിച്ചുകൊണ്ട് ഏറ്റവും വലിയ മനുഷ്യബോട്ട് ഒരുക്കി ഗിന്നസ് നേട്ടം മറികടന്നിരിക്കുകയാണ് ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കുരുന്നുകള്‍.

വിദ്യാഭ്യാസ മേഖലയില്‍ നൂതനവും കൂടുതല്‍ പ്രായോഗികവുമായ പദ്ധതികള്‍ നടപ്പിലാക്കുന്ന പെയ്‌സ് ഗ്രൂപ്പിന് കീഴില്‍ 20,000ല്‍ പരം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്.