Connect with us

Kerala

ആദ്യം ജയരാജന്‍, പിന്നെ ശശീന്ദ്രന്‍, ഇന്ന് ചാണ്ടി

Published

|

Last Updated

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാറില്‍ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് തോമസ് ചാണ്ടി. നേരത്തെ, ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് ഇപി ജയരാജനും ഫോണ്‍കെണി വിവാദത്തില്‍പെട്ട് എകെ ശശീന്ദ്രനും രാജിവെച്ചിരുന്നു. ശശീന്ദ്രന്റെ രാജിയെ തുടര്‍ന്ന്് 2017 ഏപ്രില്‍ ഒന്നിനാണ് കുട്ടനാട് എംഎല്‍എ ആയ തോമസ് ചാണ്ടി ഗതാഗത മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ആറ് മാസത്തിനുള്ളില്‍ കൈയേറ്റ ആരോപണത്തെ തുടര്‍ന്ന് തോമസ് ചാണ്ടിക്കും രാജിവെക്കേണ്ടി വന്നു.

വ്യവസായ കായിക മന്ത്രിയായിരുന്ന ജയരാജന്‍ 2016 ഒക്ടോബര്‍ 14നാണ് രാജി സമര്‍പ്പിച്ചത്. വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ മന്ത്രിയുടെ ബന്ധുക്കളെ ഉന്നത തസ്തികകളില്‍ നിയമിച്ച വാര്‍ത്തകള്‍ പുറത്തായതോടെയാണ് ജയരാജന്റെ രാജിയില്‍ കലാശിച്ചത്. ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ 2017 മാര്‍ച്ച് 26നാണ് രാജിവെച്ചത്. പരാതി പറയാന്‍ വിളിച്ച വീട്ടമ്മയോട് ഫോണില്‍ അശ്ലീലമായി സംസാരിച്ചെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്നായിരുന്നു രാജി.

പിന്നീട് ഒരു ചാനല്‍ ശശീന്ദ്രനെ ഫോണ്‍കെണിയില്‍ കുരുക്കുകയിരുന്നുവെന്ന് തെളിഞ്ഞു. സര്‍ക്കാര്‍ രൂപവത്കരിച്ച് ഒന്നര വര്‍ഷത്തിനിടെ മൂന്നാമത്തെ മന്ത്രിക്കും രാജിവെക്കേണ്ടിവന്നത് പിണറായി വിജയന്‍ മന്ത്രിസഭക്ക് വലിയ തിരിച്ചടിയായി.

Latest