മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു

Posted on: November 15, 2017 12:41 pm | Last updated: November 15, 2017 at 9:10 pm

തിരുവനന്തപുരം: കൈയേറ്റ ആരോപണത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍ മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് കൈമാറി. തോമസ് ചാണ്ടിയുടെ രാജിക്കത്ത് ലഭിച്ചുവെന്നും അത് ഗവര്‍ണര്‍ക്കയച്ചുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന എന്‍സിപി യോഗത്തിലാണ് രാജി സംബന്ധിച്ച് തീരുമാനമുണ്ടായത്. ചാണ്ടി ഇനി സ്ഥാനത്ത് തുടരേണ്ടതില്ലെന്നായിരുന്നു യോഗത്തിന്റെ പൊതുവെയുള്ള വിലയിരുത്തല്‍.

പിണറായി വിജയന്‍ സര്‍ക്കാറില്‍ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ചാണ്ടി. നേരത്തെ, ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് ഇപി ജയരാജനും ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് എകെ ശശീന്ദ്രനും രാജിവെച്ചിരുന്നു.

ആലപ്പുഴ കലക്ടര്‍ ടി വി അനുപമയുടെ റിപ്പോര്‍ട്ടാണ് ചാണ്ടിയുടെ രാജിക്ക് വഴിവെച്ചത്. തോമസ് ചാണ്ടി കുട്ടനാട്ടില്‍ നടത്തിയ ഭൂമിയിടപാടുകള്‍ ഭൂപരിഷ്‌കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്നും ഭൂസംരക്ഷണ നിയമവും നെല്‍വയല്‍ നിയമവും ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയ കലക്ടര്‍, അഞ്ച് വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റം അദ്ദേഹം ചെയ്തതായും കണ്ടെത്തിയിരുന്നു. തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ആലപ്പുഴ ജില്ലയിലാകെ നടത്തിയ ഭൂമി ഇടപാട് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു.

കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയതോടെ ചാണ്ടിക്ക് നല്‍ക്കക്കള്ളിയില്ലാതാകുകയായിരുന്നു. വാദം കേള്‍ക്കുന്നതിനിടെ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ ശേഷമാണ് ഹരജി നിരാകരിച്ചത്. മന്ത്രിസഭാ തീരുമാനത്തിനെതിരെ മന്ത്രിക്ക് ഹരജി നല്‍കാന്‍ സാധിക്കുന്നതെങ്ങനെ? ഇത് ഭരണഘടനാ ലംഘനമല്ലേ? സ്വന്തം സര്‍ക്കാറിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമാണ്. ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണിത്. മന്ത്രിക്കെതിരെ സര്‍ക്കാറിന് നിലപാടെടുക്കാനാകുമോ തുടങ്ങിയ ചോദ്യങ്ങള്‍ കോടതി ഉന്നയിച്ചിരുന്നു.

മന്ത്രിക്ക് മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിന് തെളിവാണിതെന്നും ഈ സാഹചര്യത്തില്‍ രാജിവെക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. മന്ത്രിയായല്ല വ്യക്തിപരമായാണ് കോടതിയെ സമീപിച്ചതെന്ന വാദത്തോട്, മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് താങ്കള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ പോകാനാകില്ലെന്നും ദന്തഗോപുരത്തില്‍ നിന്ന് താഴെയിറങ്ങി സാധാരണക്കാരനായി നിയമത്തെ നേരിടണമെന്നും കോടതി പറഞ്ഞു. ഇതോടെ തോമസ് ചാണ്ടിക്ക് മേല്‍ കുരുക്ക് മുറുകി.

ചാണ്ടി വിഷയത്തില്‍ സിപിഐ ആദ്യം മുതല്‍ക്കേ കൈക്കൊണ്ട കടുത്ത നിലപാടുകളും രാജിയില്‍ നിര്‍ണായകമായി. നാടകീയ സംഭവങ്ങളാണ് ഇന്ന് സെക്രട്ടേറിയറ്റില്‍ അരങ്ങേറിയത്. മന്ത്രിസഭാ യോഗത്തില്‍ തോമസ് ചാണ്ടി പങ്കെടുത്തതിനെ തുടര്‍ന്ന് സിപിഐ മന്ത്രമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചു. മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയ ശേഷമായിരുന്നു സിപിഐ മന്ത്രിമാരുടെ ബഹിഷ്‌കരണം.

കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് കുട്ടനാട് എംഎല്‍എ ആയ തോമസ് ചാണ്ടി ഗതാഗത മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഫോണ്‍കെണി വിവാദത്തില്‍ കുടുങ്ങി എകെ ശശീന്ദ്രന്‍ രാജിവെച്ച സാഹചര്യത്തിലായിരുന്നു ചാണ്ടിയുടെ മന്ത്രിസഭാ പ്രവേശനം.