Connect with us

Kerala

രാജി വിധി പകര്‍പ്പ് കിട്ടിയ ശേഷം മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് തോമസ് ചാണ്ടി

Published

|

Last Updated

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. രാജിക്കാര്യം ഹൈക്കോടതിയുടെ വിധി പകര്‍പ്പ് കിട്ടിയ ശേഷം മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം തോമസ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, രാജിക്കാര്യം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്താല്‍ സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മാര്‍ത്താണ്ഡം കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഗതാഗത ചാണ്ടി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. രാവിലെ ഹരജി പരിഗണിക്കുന്നതിനിടെ തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച കോടതി, ഹരജി പിന്‍വലിക്കാന്‍ മന്ത്രിക്ക് അവസരം നല്‍കിയിരുന്നു. തുടര്‍ന്ന് ഉച്ചക്ക് ശേഷം ഹരജി പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് വിമര്‍ശങ്ങള്‍ ആവര്‍ത്തിച്ച് ഹരജി തള്ളിയത്. ഹരജി നിലനില്‍ക്കുമോയെന്ന് ഡിവിഷന്‍ ബഞ്ച് സംശയം പ്രകടിപ്പിച്ചു. മന്ത്രിസഭാ തീരുമാനത്തിനെതിരെ മന്ത്രിക്ക് ഹരജി നല്‍കാന്‍ സാധിക്കുന്നതെങ്ങനെ? ഇത് ഭരണഘടനാ ലംഘനമല്ലേ? സ്വന്തം സര്‍ക്കാറിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമാണ്. ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണിത്. മന്ത്രിക്കെതിരെ സര്‍ക്കാറിന് നിലപാടെടുക്കാനാകുമോ തുടങ്ങിയ ചോദ്യങ്ങള്‍ കോടതി ഉന്നയിച്ചു. മന്ത്രിക്ക് മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിന് തെളിവാണിതെന്നും ഈ സാഹചര്യത്തില്‍ രാജിവെക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.

മന്ത്രിയായല്ല വ്യക്തിപരമായാണ് കോടതിയെ സമീപിച്ചതെന്ന വാദത്തോട്, മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് താങ്കള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ പോകാനാകില്ലെന്നും ദന്തഗോപുരത്തില്‍ നിന്ന് താഴെയിറങ്ങി സാധാരണക്കാരനായി നിയമത്തെ നേരിടണമെന്നും കോടതി പറഞ്ഞു.
കോടതിയെ സമീപിച്ച് തത്സ്ഥാനത്ത് തുടരാനാണ് മന്ത്രി ശ്രമിക്കുന്നത്. ഇത് ദൗര്‍ഭാഗ്യകരമാണ്. അയോഗ്യത കല്‍പ്പിക്കാന്‍ മതിയായ കാരണങ്ങളാണിത്. സര്‍ക്കാറിനെതിരെ കോടതിയെ സമീപിച്ചത് തന്നെ തെറ്റാണ്. തോമസ് ചാണ്ടിക്ക് ഇനിയെങ്ങനെ മന്ത്രിസഭയില്‍ ഇരിക്കാനാകും? മന്ത്രിസഭാ തീരുമാനം ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്വമില്ലായ്മയാണെന്നും ഹൈക്കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.

 

---- facebook comment plugin here -----

Latest