റഷ്യയിലേക്ക് ടിക്കറ്റില്ലെങ്കില്‍ പിന്നെ എന്തിന് വിരമിക്കല്‍ വൈകിപ്പിക്കണം; ബഫണ്‍ കാവല്‍കുപ്പായമഴിക്കുന്നു

Posted on: November 15, 2017 12:04 am | Last updated: November 15, 2017 at 12:04 am

എനിക്കുണ്ടായ നഷ്ടമോര്‍ത്തല്ല, ഇറ്റാലിയന്‍ ഫുട്‌ബോളിനുണ്ടായ നഷ്ടത്തെ കുറിച്ചോര്‍ത്താണ് ഞാന്‍ നിരാശനാകുന്നതും ക്ഷമ ചോദിക്കുന്നതും. ഇതുപോലൊരു കരിയര്‍ പൂര്‍ത്തിയാക്കല്‍ വലിയ ദുരന്തമാണ്. ഇറ്റാലിയന്‍ ജനതയുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു – ഇറ്റാലിയന്‍ ഗോളി ജിയാന്‍ ലൂയി ബുഫണിന്റെ വാക്കുകള്‍ ഇടറി.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറെ ആരാധകരുള്ള താരമാണ് ബുഫണ്‍. ഗോളടിക്കുന്നവരെയും പ്ലേ മേക്കര്‍മാരെയും ഇഷ്ടപ്പെടുന്ന ലോകഫുട്‌ബോള്‍ ആരാധകര്‍ ബുഫണിലെ ഗോള്‍ കീപ്പറെ നെഞ്ചിലേറ്റി. 175 രാജ്യാന്തര മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഇറ്റലിയുടെ പ്രതിരോധക്കോട്ടയുടെ കാവല്‍ഭടന്റെ കുപ്പായം ബുഫണ്‍ അഴിച്ചത്.

അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് ബുഫണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, റഷ്യയിലേക്ക് ടിക്കറ്റില്ലെങ്കില്‍ പിന്നെ എന്തിന് വിരമിക്കല്‍ വൈകിപ്പിക്കണം.
2006 ല്‍ ജര്‍മനിയില്‍ നടന്ന ഫിഫ ലോകകപ്പ് കിരീടം ഇറ്റലിക്കൊപ്പം ഉയര്‍ത്തിയത് ബുഫണിന്റെ കരിയറിലെ പൊന്‍തൂവലാണ്. ബെര്‍ലിന്‍ ഫൈനലില്‍ സിനദിന്‍ സിദാന്റെ ഫ്രാന്‍സിനെ ഷൂട്ടൗട്ടിലാണ് ഇറ്റലി കീഴടക്കിയത്. ബാറിന് കീഴില്‍ ജാഗ്രതയുടെ ആള്‍രൂപമായി ബുഫണ്‍ ഉണ്ടായിരുന്നു. അതുപോലെ രാജ്യാന്തര തലത്തില്‍ ഇറ്റലി വലിയ തിരിച്ചടികള്‍ നേരിട്ടപ്പോഴും ബുഫണ്‍ കോട്ടയുടെ കാവല്‍ക്കാരനായുണ്ടായിരുന്നു. യൂറോ 2000 ഫൈനലിലും യൂറോ 2012 ഫൈനലിലും തോല്‍വി നേരിട്ടതാണ് സന്ദര്‍ഭം.

പ്ലേ ഓഫ് തോല്‍വിയോടെ ലോകം മുഴുവന്‍ ഞങ്ങള്‍ക്കെതിരാകില്ല. പക്ഷേ, ഒന്നുണ്ട.് വലിയ പിഴവ് സംഭവിച്ചുവെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളണം. ഈ ടീമിന് കരുത്തും പ്രതാപവും എല്ലാം ഉണ്ടായിരുന്നു. പക്ഷേ, ലോകകപ്പ് യോഗ്യത നേടാനായില്ല. വിരമിക്കുന്നതു കൊണ്ടാകണം, വാക്കുകള്‍ അടര്‍ന്നു പോകുന്നു. എല്ലാവരെയും ഈ അവസരത്തില്‍ വാരിപ്പുണരുകയാണ്.

ഈ തോല്‍വിയുടെ ഉത്തരവാദിത്വം ഒരാളില്‍ അടിച്ചേല്‍പ്പിക്കാനില്ല. എല്ലാവര്‍ക്കും തുല്യമായ പങ്കുണ്ട്. തോല്‍വിയിലും ജയത്തിലും ഇറ്റാലിയന്‍ ടീം ഒരുമിച്ചാണ് -ബുഫണ്‍ പറഞ്ഞു.
ബുഫണിനൊപ്പം യുവെന്റസില്‍ ഒരുമിച്ച് കളിക്കുന്ന ഡിഫന്‍ഡര്‍ ആന്ദ്രെ ബര്‍സാലിയും രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. തന്റെ ജീവിതത്തിലെ ഒരു ഘട്ടം പൂര്‍ത്തിയാകുന്നു. ഇതൊരു വലിയ അസ്വസ്ഥതയാണ് സമ്മാനിക്കുന്നതെന്ന് ബര്‍സാലി അഭിപ്രായപ്പെട്ടു. ലോകകപ്പ് യോഗ്യത നേടാതെയുള്ള മടക്കം ബര്‍സാലിയെ നിരാശനാക്കുന്നു. എല്ലാവരും തകര്‍ന്നിരിക്കുകയാണ്, ഓരോരുത്തര്‍ക്കും പലതരം വികാരങ്ങള്‍. സത്യത്തില്‍ ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. ഇറ്റാലിയന്‍ ഫുട്‌ബോള്‍ പ്രേമികള്‍ എങ്ങനെ ഇതുള്‍ക്കൊള്ളുമെന്നറിയില്ല – ബര്‍സാലി പറഞ്ഞു.