ഇസ്‌ലാമിക് ബേങ്കിംഗും ആര്‍ ബി ഐ നിലപാടും

Posted on: November 15, 2017 11:39 pm | Last updated: November 15, 2017 at 12:43 pm
SHARE

രാജ്യത്ത് ഇസ്‌ലാമിക് ബേങ്കിംഗ് നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ റിസര്‍വ് ബേങ്ക് വ്യക്തമാക്കിയിരിക്കുന്നു. രാജ്യത്ത് നിലവിലുള്ള ബേങ്കിംഗ് സാമ്പത്തിക ഇടപാടുകളില്‍ വിശാലവും തുല്യവുമായ അവസരങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കുന്നതിനാല്‍ മറ്റൊരു സംവിധാനത്തിന്റെ ആവശ്യമില്ലെന്നാണ് ആര്‍ ബി ഐയുടെ വിശദീകരണം. മതപരമായ കാരണങ്ങളാല്‍ ബേങ്കിംഗ് പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന് രാജ്യത്ത് ഇസ്‌ലാമിക രീതിയിലുള്ള പലിശ രഹിത ബേങ്കിംഗ് ഇടപാട് ഏര്‍പ്പെടുത്തണമെന്ന് 2008-ല്‍ മുന്‍ ആര്‍ ബി ഐ ഗവര്‍ണറും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായിരുന്ന രഘുറാം രാജന്റെ നേതൃത്വത്തിലുള്ള സമിതി ശിപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ പ്രാരംഭ നടപടിയായി രാജ്യത്തെ ബേങ്കുകളില്‍ ഇസ്‌ലാമിക വാതായനങ്ങള്‍ ആരംഭിക്കാവുന്നതാണെന്നും സമിതി നിര്‍ദേശിച്ചിരുന്നു. ഇതിനുള്ള പ്രാരംഭ നടപടികള്‍ക്കായി റിസര്‍വ് ബേങ്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി തേടുകയും ചെയ്തിരുന്നതാണ്.

പലിശ രഹിത ബേങ്കിംഗ് സംവിധാനത്തോട് രഘുറാം രാജന് മാത്രമല്ല, മിക്ക സാമ്പത്തിക വിദഗ്ധര്‍ക്കും യോജിപ്പാണുള്ളത്. അത് രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്നാണ് തോമസ് ഐസക് അഭിപ്രായപ്പെട്ടത്. വികസന കാര്യങ്ങള്‍ക്കായി പലിശരഹിത വായ്പ എങ്ങനെ സ്വരൂപിക്കാമെന്ന ചിന്ത ഇസ്‌ലാമിക ബേങ്കിംഗ് സംവിധാനത്തിലേക്കാണ് തന്നെ എത്തിച്ചതെന്നും അദ്ദേഹം പറയുന്നു. ആര്‍ ബി ഐ അധികൃതരും ഈ സംവിധാനത്തെ അനുകൂലിക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാറിന് നയപരമായ കാര്യങ്ങളില്‍ ഉപദേശം നല്‍കുന്ന ആര്‍ എസ് എസിന്റെ എതിര്‍പ്പാണ് തടസ്സമെന്നുമാണ് വിവരം. വായ്പകള്‍ക്കോ നിക്ഷേപങ്ങള്‍ക്കോ പലിശ നല്‍കില്ലെന്ന ഇസ്‌ലാമിക ബേങ്കിംഗിന്റെ നിലപാട് അനുകരണീയമാണെങ്കിലും ഇന്ത്യയില്‍ ഇത്തരം ബേങ്കുകള്‍ തുടങ്ങുന്നത് കൂടുതല്‍ വര്‍ഗീയത വളര്‍ത്തുമെന്ന ബി ജെ പി നേതാവ് സുബ്രഹ്മണ്യ സ്വാമിയുടെ പ്രസ്താവനയില്‍ നിന്ന് എതിര്‍പ്പിന്റെ കാരണം വായിച്ചെടുക്കാം. കേരളത്തില്‍ ‘അല്‍ബറക ബേങ്ക്’ തുടങ്ങാനുള്ള ഇടതു സര്‍ക്കാറിന്റെ നീക്കം തടയണമെന്ന് സ്വാമി കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു.

ഇസ്‌ലാമിക് ബേങ്ക് വ്യവസ്ഥ ഭീകരവാദത്തെ സഹായിക്കാനുള്ള ഉപാധിയായി മാറിയേക്കുമെന്നാണ് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്ന മറ്റൊരു ആശങ്ക. പലിശരഹിത ബേങ്കിംഗ് ഒരു പ്രത്യേക സമുദായത്തിനോ മതത്തിനോ ഉള്ളതല്ലെന്നും അതില്‍ ആര്‍ക്കും പങ്കാളിയാകാമെന്നുമുള്ള കാര്യം അവര്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നു. പലിശരഹിത ബേങ്കിംഗ് സിസ്റ്റത്തോടല്ല, ആ ആശയം ഇസ്‌ലാമിന്റേതാണെന്നതാണ് പ്രശ്‌നം.
ഇസ്‌ലാമിക് ബേങ്കിംഗിനെ എതിര്‍ക്കുകയും പുച്ഛിച്ചു തള്ളുകയും ചെയ്തിരുന്ന പല രാജ്യങ്ങളും അതിന്റെ ഗുണമേന്മ കണ്ടറിഞ്ഞു പിന്നീട് അതിനെ സ്വാഗതം ചെയ്യുകയും അത് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്‌ലാമിക് ബേങ്കിംഗ് ആന്റ് ഇന്‍ഷ്വറന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 2014ലെ റിപ്പോര്‍ട്ട് പ്രകാരം 20 മുതല്‍ 30 ശതമാനം വരെ വളര്‍ച്ചാ നിരക്കുള്ള പലിശരഹിത ബേങ്ക് ലോകത്ത് 75 ഓളം രാജ്യങ്ങളില്‍ 650 ല്‍ പരം സ്ഥാപനങ്ങളിലായി പ്രവര്‍ത്തിക്കുന്നു. ഇതില്‍ നല്ലൊരു വിഭാഗവും മുസ്‌ലിം രാജ്യങ്ങളല്ലെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ ബേങ്കുകളില്‍ പെട്ട സിറ്റി ബേങ്ക്, സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബേങ്ക്, എച്ച് എസ് ബി സി തുടങ്ങിയവ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പ്, യു എസ് എന്നിവിടങ്ങളിലും ഇസ്‌ലാമിക് ബേങ്കിന്റെ വാതായനങ്ങള്‍ തുറന്നിട്ടിട്ടുണ്ട്.

ഇസ്‌ലാമിക ബേങ്കുകളുടെ ആഗോള ആസ്തിയില്‍ നാലിലൊന്നും ഇസ്‌ലാമികേതര രാജ്യങ്ങളില്‍ നിന്നാണെന്നാണ് മലേഷ്യ ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകത്ത് ഒരു ബദല്‍ സാമ്പത്തിക വ്യവസ്ഥയായി അത് വികസിച്ചു വന്നുകൊണ്ടിരിക്കുന്നുവെന്നര്‍ഥം. ഇസ്‌ലാമിക ഫിനാന്‍സില്‍ മുന്നോട്ടു കുതിക്കുന്ന രണ്ടു പ്രധാന ഏഷ്യന്‍ രാജ്യങ്ങള്‍ മുസ്‌ലിം ജനസംഖ്യ തീരേ കുറവായ തായ്‌ലാന്റും ഫിലിപ്പൈന്‍സുമാണെന്നത് ഇതര മതസ്ഥരും ഈ സംവിധാനത്തില്‍ ആകൃഷ്ടരായിക്കൊണ്ടിരിക്കയാണെന്നാണ് വ്യക്തമാക്കുന്നത്. ചൈനയും ഇസ്‌ലാമിക് ഫിനാന്‍സിംഗിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണെന്നാണ് വാര്‍ത്ത.
പ്രണബ് മുഖര്‍ജി ധനമന്ത്രിയായിരിക്കെ ഇന്ത്യയില്‍ ഇസ്‌ലാമിക ബേങ്ക് തുടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആഗോള തലത്തില്‍ ഇസ്‌ലാമിക ബേങ്കിംഗിന്റെ വിജയം കണ്ടായിരുന്നു അത്. ലോകം ഒന്നടങ്കം അംഗീകരിക്കുകയും ഏറ്റവും മെച്ചപ്പെട്ട ധന കൈകാര്യ സംവിധാനമെന്ന് ആഗോള സാമ്പത്തിക വിദഗ്ധര്‍ വിധിയെഴുതുകയും ചെയ്ത ഒരു സംവിധാനത്തിന് ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാനാകുമെന്നാണ് രാജ്യത്തെ സാമ്പത്തിക കാര്യ വിഭാഗം മേധാവികളുടെ വിലയിരുത്തല്‍. സാമ്പത്തിക മേഖലയില്‍ രാജ്യം അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്‌നം കടബാധ്യതയാണ്. ആഭ്യന്തര ഉത്പാദനത്തിന്റെ 67.5 ശതമാനം വരും 2016ലെ ഇന്ത്യയുടെ കടബാധ്യത. ഈ ഭീമമായ ബാധ്യത മാറ്റമില്ലാതെ തുടരുന്നതില്‍ പലിശക്ക് വലിയ പങ്കുണ്ട്, പലിശ ബാധ്യതയില്‍ നിന്ന് രാജ്യം മോചനം നേടിയാല്‍ തന്നെ സാമ്പത്തിക രംഗത്ത് അതൊരു വലിയ ആശ്വാസമാകും. പലിശ രഹിത ബേങ്കിംഗിന് ഈ ലക്ഷ്യത്തില്‍ വലിയ സഹായം നല്‍കാനാകും.