ഗുജറാത്തില്‍ വി വി പാറ്റിന് ഒന്നും സംഭവിക്കുന്നില്ല

ഗുജറാത്തില്‍ വോട്ടിംഗിനായി ഒരുക്കപ്പെട്ട വി വി പാറ്റ് യന്ത്രങ്ങളില്‍ വലിയൊരു ശതമാനത്തിനും തകരാറ് സംഭവിക്കുന്നുവെന്നത് ഗൗരവത്തിലെടുക്കേണ്ടതാണ്. ഒന്നോ രണ്ടോ യന്ത്രങ്ങള്‍ കേടുവരുന്നു, അല്ലെങ്കില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നൊക്കെ പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാകും. എന്നാല്‍ വോട്ടിംഗിനായി ഒരുക്കിയിട്ടുള്ള യന്ത്രങ്ങളില്‍ ഏഴ് ശതമാനത്തിനും തകരാറ് സംഭവിക്കുന്നുവെന്നത് ചെറിയ കാര്യമല്ല. പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപിക്കുന്നതുപോലെ ഇക്കാര്യത്തില്‍ ആരുടെയും കൈകടത്തലുകള്‍ ഇല്ലായെന്ന് കരുതിയാല്‍ തന്നെ; പൗരാവകാശം വിനിയോഗിക്കുന്നതിനുള്ള സംവിധാനം പരിശോധനകളൊന്നും നടത്താതെയാണോ തിരഞ്ഞെടുപ്പിനായി സംസ്ഥാനങ്ങളിലേക്ക് അയക്കുന്നത് എന്ന ചോദ്യമുയരുന്നു. 3500ലധികം മെഷീനുകള്‍ ഇത്തരത്തില്‍ തകരാറിലാണുള്ളതെന്നത് ഈ സംവിധാനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതല്ലേ?
Posted on: November 15, 2017 9:31 am | Last updated: November 14, 2017 at 11:33 pm
SHARE

അടുത്തമാസം നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്കാണ് ജനാധിപത്യ-മതേതര വിശ്വാസികളുടെ ശ്രദ്ധ മുഴുവന്‍. പ്രചാരണരംഗത്ത് കോണ്‍ഗ്രസ് നടത്തുന്ന മുന്നേറ്റം വര്‍ഗീയവാദികളുടെ ഉറക്കംകെടുത്താന്‍ തക്കമുള്ളതാണ്. ഹര്‍ദിക്-ജിഗ്‌നേഷ്-അന്‍പേഷ് ത്രയങ്ങളെ കൂട്ടുപിടിച്ചുള്ള കോണ്‍ഗ്രസിന്റെ പ്രചാരണരംഗത്തെ മുന്നേറ്റം ബി ജെ പി കേന്ദ്രങ്ങളില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. അതിന്റെ തെളിവാണ് ആവശ്യപ്പെടാതെ തന്നെ ജിഗ്‌നേഷ് മേവാനിക്ക് കമാന്‍ഡോ സുരക്ഷ ഏര്‍പ്പെടുത്താനും ഹര്‍ദിക് പട്ടേലിനെതിരെയുള്ള ലൈംഗിക സിഡിയും. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പാര്‍ട്ടികളുടെ ഇത്തരം പ്രചാരണങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ അതിനേക്കാളേറെ ഗൗരവമുള്ളതാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വി വിപാറ്റ് (വോട്ടര്‍ വെരിഫെയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) യന്ത്രങ്ങളില്‍ 3550 എണ്ണം ആദ്യ പരിശോധനയില്‍ തന്നെ തകരാറുള്ളതായി കണ്ടെത്തിയിട്ടുള്ളത്. ജാംനഗര്‍, ദേവ്ബൂമി ദ്വാരക, പടാന്‍ ജില്ലകളിലാണ് തകരാറുള്ള മെഷീനുകളില്‍ അധികവും കണ്ടെത്തിയത്. ഇതിന് പകരം പുതിയത് നല്‍കാന്‍ നിര്‍മാതാക്കളായ ബെംഗളൂരുവിലെ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡി(ബി ഇ എല്‍) നോടും ഹൈദരാബാദിലെ ഇലക്‌ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (ഇ സി ഐ എല്‍)യോടും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

സെപ്തംബര്‍ 29ന് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമ്പോള്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗുജറാത്തില്‍ 182 മണ്ഡലങ്ങളിലും ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ വിവിപാറ്റ് ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചതാണ്. സംസ്ഥാനത്തെ 50,128 പോളിംഗ് ബൂത്തുകളിലും വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്താനായി എഴുപതിനായിരത്തിലേറെ മെഷീനുകള്‍ ഗുജറാത്തില്‍ സംവിധാനിച്ചിട്ടുണ്ട്. ഇത്തരം തകരാറുള്ള മെഷീനുകള്‍ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുകയും ഇതനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പുറമേ പോളിംഗ് ബൂത്തുകളിലെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുവേണ്ടി സി സി ടി വി ഏര്‍പ്പെടുത്തണമെന്നും കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അത് തള്ളിയെങ്കിലും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ നിന്ന് അച്ചടക്കനടപടികള്‍ നേരിടുന്ന ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ മാസം അവസാനമാണ് ചില ഗുജറാത്തി ചാനലുകള്‍ വി വി പാറ്റിലെ തകരാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദേശീയ മാധ്യമങ്ങളും പാര്‍ട്ടികളും അതത്ര ഗൗരവത്തിലെടുത്തിരുന്നില്ല. ഏതാണ്ട് 138 ഓളം മെഷീനുകള്‍ക്കായിരുന്നു അന്ന് തകരാര്‍ കണ്ടെത്തിയത്. പക്ഷേ, അത് വാര്‍ത്താപ്രാധാന്യം നേടാതെ പോയെങ്കിലും തുടര്‍ന്ന് നടന്ന പരിശോധനയില്‍ കൂടുതല്‍ യന്ത്രങ്ങള്‍ തകരാറിലാണെന്ന് കണ്ടെത്തിയത്. തിരഞ്ഞെടുപ്പില്‍ വി വി പാറ്റ് ഉപയോഗിക്കാതിരിക്കാന്‍ ബി ജെ പി മനഃപൂര്‍വം ചെയ്യുന്നതാണിതെന്നാണ് ആം ആദ്മി പാര്‍ട്ടിയും ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവുമൊക്കെ ആരോപിക്കുന്നത്.

കഴിഞ്ഞ മെയില്‍ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പി നേടിയ വിജയം വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്തിയിട്ടാണെന്ന മായാവതിയുടെയും അരവിന്ദ് കെജ്‌രിവാളിന്റെയും ആരോപണം രാജ്യത്ത് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരുന്നു. ഇത് രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് ഉയര്‍ന്നതാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന രീതിയില്‍ വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, അത്തരം സാധ്യതകള്‍ക്ക് തടയിടാനായി നിര്‍ദേശിക്കപ്പെട്ടതാണ് വി വി പാറ്റ് യന്ത്രങ്ങള്‍ വോട്ടിംഗ് മെഷീനുമായി ഘടിപ്പിക്കുകയെന്നത്. അതാകുമ്പോള്‍ വോട്ടര്‍ക്ക് തന്റെ വോട്ട് ചെയ്തയാള്‍ക്ക് തന്നെയാണ് കിട്ടിയതെന്ന് ഉറപ്പ് വരുത്താന്‍ കഴിയും. എന്നാല്‍ ഇപ്പോള്‍ ഗുജറാത്തില്‍നിന്നുള്ള വാര്‍ത്തകള്‍ തിരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിട്ടുള്ള വി വി പാറ്റ് യന്ത്രങ്ങള്‍ തകരാറുള്ളതായി കാണിക്കുന്നുവെന്നതാണ്. എന്ന് മാത്രമല്ല, കഴിഞ്ഞദിവസം ഹിമാചല്‍പ്രദേശ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വി വി പാറ്റ് യന്ത്രങ്ങള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് പലയിടത്തും വോട്ടിംഗ് തടസ്സപ്പെട്ടതായും വാര്‍ത്തയുണ്ടായിരുന്നു. ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വിവിപാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ ആരെങ്കിലും മനഃപൂര്‍വം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ല. പ്രത്യേകിച്ചും ഗുജറാത്തില്‍ ബി ജെ പിയുടെ ഗ്രാഫ് താഴോട്ട് വരുമ്പോള്‍.

ഒരു നേതാവെന്ന നിലയിലേക്ക് രാഹുല്‍ഗാന്ധി മെല്ലെ ചുവടുറപ്പിക്കുന്നുവെന്നതും ന്യൂനപക്ഷനേതാക്കളെ വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ ഒപ്പം ചേര്‍ക്കാന്‍ കഴിഞ്ഞതുമെല്ലാം ബി ജെ പിയെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. പലപ്പോഴും വിമര്‍ശിക്കപ്പെട്ട രാഹുലിന്റെ നേതൃശേഷി ഉയരുന്നുവെന്നതാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലെ അദ്ദേഹത്തിന്റെ പ്രകടനം. ഇതിനിടയിലാണ് താന്‍ ജപ്പാന്‍ യുദ്ധമുറയായ ഐകിഡോയില്‍ ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കിയ ആളാണെന്ന് വ്യക്തമാക്കുന്നത്. ബോക്‌സിംഗ് താരം വിജേന്ദറുമായുള്ള ആശയവിനിമയത്തിനിടെയാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. രാഹുല്‍ ഐകിഡോ പരിശീലനത്തിലേര്‍പ്പെട്ടതിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി ജനങ്ങള്‍ കാണുകയും ചെയ്തു. ഏതായാലും ഇനി രാഷ്ട്രീയത്തില്‍ കൂടി ‘ബ്ലാക്ക് ബെല്‍റ്റ്’ നേടാന്‍ ഗുജറാത്ത് തിരഞ്ഞെടുപ്പ് ഒരു നിമിത്തമാകുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ ഈ നീക്കങ്ങളെല്ലാം തന്നെ ഗുജറാത്തില്‍ ഭരണമാറ്റം കൊണ്ടുവരുമെന്ന് കടുത്ത ബി ജെ പി വിരുദ്ധര്‍ പോലും കരുതുന്നില്ല. അതേസമയം ബി ജെ പിക്ക് കടുത്ത പ്രഹരമേല്‍പ്പിക്കുമെന്ന് തന്നെയാണ് പുതിയ സര്‍വേ ഫലങ്ങള്‍ തെളിയിക്കുന്നത്. ഈ പ്രഹരം എത്രത്തോളം ശക്തമാകുമെന്നത് മാത്രമേ ചിന്തിക്കേണ്ടതുള്ളൂ. ആഗസ്റ്റില്‍ എ ബി പി-സി എസ് ഡി എസ് നടത്തിയ സര്‍വേയില്‍ ബിജെ പിയുടെ വോട്ട് ശതമാനത്തില്‍ ചെറിയ കുറവാണ് പ്രവചിച്ചിരുന്നതെങ്കില്‍ ഒക്‌ടോബര്‍ അവസാനം നടത്തിയ സര്‍വേയില്‍ ബി ജെ പിയുടെ വോട്ട് വിഹിതം പത്ത് ശതമാനം കുറയുമെന്നാണ് ഫലങ്ങള്‍ കാണിക്കുന്നത്. കോണ്‍ഗ്രസിന് പന്ത്രണ്ട് ശതമാനം വോട്ട് വര്‍ധിക്കുമെന്നും ബി ജെ പിക്കും കോണ്‍ഗ്രസിനും ലഭിക്കുന്ന വോട്ടുകളുടെ വ്യത്യാസം ആറ് ശതമാനം മാത്രമാകുമെന്നും സര്‍വേ പറയുന്നു.

ഈ സാഹചര്യത്തില്‍ ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയ തന്നെ അട്ടിമറിക്കുന്നതിനുവേണ്ടി വി വി പാറ്റ് യന്ത്രങ്ങള്‍ കേടുവരുത്താന്‍ ബി ജെ പി മനഃപൂര്‍വം ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. രാജ്യത്തെ വോട്ടിംഗ് മെഷീനുകള്‍ നിര്‍മാണഘട്ടത്തില്‍ തന്നെ ഒരു പ്രത്യേക പാര്‍ട്ടിക്ക് വോട്ടുകള്‍ ലഭിക്കുന്ന രീതിയിലാണ് സജ്ജീകരിക്കപ്പെട്ടിട്ടുള്ളതെന്നായിരുന്നു ആം ആദ്മിയും മായാവതിയുമൊക്കെ ആരോപിച്ചിരുന്നത്. അത്തരമൊരവസ്ഥയില്‍ സംസ്ഥാനത്തെ വോട്ടിംഗിനായി ഒരുക്കപ്പെട്ട വി വി പാറ്റ് യന്ത്രങ്ങളില്‍ വലിയൊരു ശതമാനത്തിനും തകരാറ് സംഭവിക്കുന്നുവെന്നത് ഗൗരവത്തിലെടുക്കേണ്ടതാണ്. ഒന്നോ രണ്ടോ യന്ത്രങ്ങള്‍ കേടുവരുന്നു, അല്ലെങ്കില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നൊക്കെ പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാകും. എന്നാല്‍ വോട്ടിംഗിനായി ഒരുക്കിയിട്ടുള്ള യന്ത്രങ്ങളില്‍ ഏഴ് ശതമാനത്തിനും തകരാറ് സംഭവിക്കുന്നുവെന്നത് ചെറിയ കാര്യമല്ല. പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപിക്കുന്നതുപോലെ ഇക്കാര്യത്തില്‍ ആരുടെയും കൈകടത്തലുകള്‍ ഇല്ലായെന്ന് കരുതിയാല്‍തന്നെ; പൗരാവകാശം വിനിയോഗിക്കുന്നതിനുള്ള സംവിധാനം പരിശോധനകള്‍ ഒന്നും നടത്താതെയാണോ തിരഞ്ഞെടുപ്പിനായി സംസ്ഥാനങ്ങളിലേക്ക് അയക്കുന്നത്. 3500ലധികം മെഷീനുകള്‍ ഇത്തരത്തില്‍ തകരാറിലാണുള്ളതെന്ന് ഈ സംവിധാനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതല്ലേ?

ഇനി അടുത്തമാസം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് തകര്‍ച്ചയൊന്നും സംഭവിച്ചില്ലെങ്കിലും രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ വീണ്ടും ചര്‍ച്ചയാകുമെന്നതില്‍ സംശയമില്ല. എന്തെല്ലാം സംവിധാനങ്ങളേര്‍പ്പെടുത്തിയിട്ടും സമ്മതിദാനാവകാശം അട്ടിമറിക്കപ്പെടുന്നു, അല്ലെങ്കില്‍ അതിനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നു എന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത് ആശാസ്യമല്ല. ഈയൊരവസ്ഥ തിരഞ്ഞെടുപ്പില്‍ വീണ്ടും ബാലറ്റ് പേപ്പര്‍ എന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിക്കും. കോണ്‍ഗ്രസ് ഈ ആവശ്യമുന്നയിക്കുകയും ചെയ്തിട്ടുണ്ട്. പല വികസിത രാജ്യങ്ങളിലും ഇപ്പോഴും ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നതെന്ന് തങ്ങളുടെ വാദത്തിന് പിന്‍ബലമായി ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിനെതിരെ നിലപാടെടുക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടുതല്‍ സാമ്പത്തിക ചെലവുള്ളതും സമയനഷ്ടം വരുത്തുന്നതുമായ ഒരു സംവിധാനത്തിലേക്ക് തന്നെ രാജ്യം തിരിച്ചുപോകേണ്ടിവന്നാല്‍ അതിനുത്തരവാദികള്‍ രാജ്യസ്‌നേഹത്തിന്റെ മൊത്തം കുത്തക അവകാശപ്പെടുന്നവര്‍ തന്നെയായിരിക്കും.

ഗുജറാത്തില്‍ ഭരണം നഷ്ടപ്പെട്ടില്ലെങ്കിലും ബി ജെ പിക്ക് ഏല്‍ക്കുന്ന ഓരോ തിരിച്ചടിയും മതേതരവിശ്വാസികളെ ആഹ്ലാദിപ്പിക്കുമെന്നതില്‍ സംശയമില്ല. കാരണം ഗുജറാത്തിലെ ‘വെള്ളവും വളവും’ വലിച്ചെടുത്താണ് നരേന്ദ്രമോദി പ്രധാനമന്ത്രിയോളം വളര്‍ന്ന വടവൃക്ഷമായി മാറിയത്. ഗുജറാത്തില്‍ സംഭവിക്കുന്ന ഓരോ വോട്ട് ചോര്‍ച്ചയും അദ്ദേഹത്തിന്റെ വേരുകള്‍ക്ക് ഏല്‍ക്കുന്ന ആഘാതമായിരിക്കും. അതിന്റെ ശക്തി വര്‍ധിക്കുന്തോറും ക്ഷീണവും വര്‍ധിക്കുമെന്നതില്‍ തര്‍ക്കമില്ല. നോട്ട് നിരോധനത്തിന് ഒരുവര്‍ഷം തികയുകയും അതിന്റെ ആഘാതങ്ങള്‍ മാറുന്നതിന് മുമ്പ് നടപ്പാക്കിയ ജി എസ് ടി ഏല്‍പ്പിച്ച ഭരണവിരുദ്ധ മനോഭാവം വോട്ടായി മാറുകയും ചെയ്താല്‍ ബി ജെ പിക്ക് ഗുജറാത്ത് ഒരു പാഠമാകും.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here