ബാണാസുരമല താഴ്‌വാരത്ത് അനിയന്ത്രിത പാറ ഖനനം;ദുരന്ത ഭീതിയില്‍ കുടുംബങ്ങള്‍

Posted on: November 15, 2017 9:09 am | Last updated: November 14, 2017 at 11:22 pm
SHARE

മാനന്തവാടി: ബാണാസുരമലയുടെ താഴ്‌വാരത്ത് അനിയന്ത്രിത പാറ ഖനനം. ദുരന്തഭീതിയില്‍ കുടുബങ്ങള്‍.പശ്ചിമഘട്ടത്തിലെ സുപ്രധാനവും അതീവ പാരിസ്ഥിക പ്രാധാന്യമുള്ളതും ജില്ലയിലെ രണ്ടാമത്തെ ഉയര്‍ന്ന പര്‍വ്വതവുമായ ബാണാസുര മലനിരകളുടെ താഴ്ഭാഗത്ത് അനിയന്ത്രിതമായി പാറഖനനം നടക്കുന്നതാണ് കുടുംബങ്ങളെ ഭീതിയിലാഴ്ത്തുന്നത്.

പാട്ടക്കാലാവധി ബാക്കിയുള്ള രണ്ട് കരിങ്കല്‍ ക്വാറികളില്‍ നിന്നാണ് നിയമങ്ങള്‍ ലംഘിച്ചു കൊണ്ട് പാറഖനനം നടക്കുന്നത്.ജില്ലയിലെ മൊത്തം കരിങ്കല്‍ ആവശ്യങ്ങള്‍ക്കായി ബാണാസുരയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന വിധത്തില്‍ പാറപൊട്ടിക്കുന്നതായാണ് ആരോപണം.അഞ്ച് ഹെക്ടറോ അതിന് താഴെയോ വിസ്തീര്‍ണ്ണം വരുന്ന ക്വാറികള്‍ക്ക് പാരിസ്ഥികാനുമതി നിര്‍ബ്ബന്ധമാക്കി ക്കൊണ്ട് മുന്‍ വര്‍ഷം ഉത്തരവിറങ്ങിയതോടെ വയനാട് ജില്ലയിലെ ഭൂരിഭാഗം കരിങ്കല്‍ ക്വാറികളും അടച്ചു പൂട്ടിയിരുന്നു.ലീസ് കാലാവധി അവസാനിക്കാന്‍ ബാക്കിയുള്ള വിരലിലെണ്ണാവുന്ന ക്വാറികള്‍ മാത്രമാണ് ജില്ലയില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.ഇതില്‍ പെട്ട രണ്ട് കരിങ്കല്‍ ക്വാറികളാണ് ബാണാസുരമലയുടെ താഴ്ഭാഗത്ത് അനിയന്ത്രിതമായി പാറഖനനം നടത്തുന്നതായി ആരോപണമുയരുന്നത്.

നിര്‍മാണ ആവശ്യങ്ങള്‍ക്ക് കരിങ്കല്ലുല്‍പ്പന്നങ്ങള്‍ വേണമെന്ന വാദമുയര്‍ത്തിയാണ് നിയന്ത്രണമില്ലാത്ത ഖനനം നടത്തുന്നത്.വെള്ളമുണ്ട വില്ലേജിലെ 622 ഒന്ന് എ യിലുള്ള1.695 ഹെക്ടര്‍ ഭൂമിയ്ക്ക് 2022 വരെയാണ് ലീസ് കാലാവധി.തൊട്ടടുത്ത ഇതേ സര്‍വ്വെ നമ്പറില്‍ തന്നെയുള്ള പുളിഞ്ഞാല്‍ ശില ബ്രിക്‌സിന് 2020 വരെയാണ് കാലാവധിയുള്ളത്.ഈ രണ്ട് കോറികളും ഒരേ സമയത്ത് പ്രദേശത്തെ ഒന്നാകെ പ്രകമ്പനം കൊള്ളിച്ചു കൊണ്ടുള്ള പാറഖനനം വന്‍ ദുരന്തത്തിനിടയാക്കുമെന്നാണ് നാട്ടുകാര്‍ ആശങ്കപ്പെടുന്നത്.മുമ്പൊരിക്കല്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച പുലര്‍ച്ചെ ആരംഭിക്കുന്ന ഖനനവും മണ്ണിടിക്കലും ടിപ്പറുകളുടെ കൂട്ടയോട്ടവും രാത്രിവരെ തുടരുന്നുണ്ട്.ഇതില്‍ വാളാരം കുന്നിലെ കോറി ആദിവാസി കോളനിയോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.
ആദിവാസികള്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും പൊതുരാഷ്ട്രീയ നേതാക്കള്‍ പോലും കോറിയുടമകളോടൊപ്പം നിന്ന് പരാതികള്‍ പരിഹരിക്കപ്പെടാതെ പോവുകയായിരുന്നു.വാളാരം കുന്നിലെ കോറിയില്‍ നിന്നുള്ള കല്ല് സ്വന്തം ക്രഷര്‍ യൂണിറ്റിലേക്കുകൊണ്ട് പോയി മെറ്റലാക്കി വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്.ഇതിന്റെ അളവ് പരിശോധിക്കാനോ സമയക്രമം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനോ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് പരാതിയുണ്ട.്എന്നാല്‍ തൊട്ടുത്ത കോറിയില്‍ നിന്നും ബില്ലുകള്‍ പോലും നല്‍കാതെ കരിങ്കല്ല് വില്‍പ്പന നടത്തുന്നതായാണ് പറയപ്പെടുന്നത്.നിത്യവും നൂറുകണക്കിന് ലോഡ് കല്ലാണ് ഇവിടെ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റിപ്പോകുന്നത്. അനുവദിച്ചതില്‍ കൂടുതല്‍ ഖനനം നടത്തുന്നതിനാലാണ് ബില്ലുകളില്ലാതെ കല്ല് നല്‍കുന്നത്.ജില്ലയില്‍ മറ്റെവിടെയും ബോളര്‍ കല്ല് ലഭ്യമല്ലാത്തതിനാല്‍ കോറിയുടമ ആവശ്യപ്പെടുന്ന തുക നല്‍കിയാണ് കല്ല് കയറ്റിപ്പോവുന്നത്.ഇത്തരത്തില്‍ യാതൊരു നിയന്ത്രണങ്ങുമില്ലാതെ ബാണാസുരയെ തുരന്നു കൊണ്ട് ഖനനം തുടര്‍ന്നാല്‍ വന്‍ദുരന്തമാകും സംഭവിക്കുകയെന്നാണ് നാട്ടുകാരുടെ ആശങ്ക.

 

 

LEAVE A REPLY

Please enter your comment!
Please enter your name here