കല്‍പ്പറ്റയില്‍ നാളെ ജലസമ്മേളനം

Posted on: November 15, 2017 6:56 am | Last updated: November 14, 2017 at 11:08 pm
SHARE

കല്‍പ്പറ്റ: ജലസുരക്ഷക്കായി ജില്ല മണ്ണ് സംരക്ഷണവിഭാഗം വയനാട് പ്രസ് ക്ലബുമായി ചേര്‍ന്ന് ഹരിതകേരളം മിഷനില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ജലസമ്മേളനം വ്യാഴാഴ്ച നടക്കും. കല്‍പ്പറ്റ ജിനചന്ദ്ര ഓഡിറ്റോറിയത്തില്‍ കാലത്ത് പത്ത് മണിക്ക് ആരംഭിക്കുന്ന ജലസമ്മേളനം മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സി കെ ശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനാകും.എംപിമാരായ എം ഐ ഷാനവാസ് , എം പി വീരേന്ദ്രകുമാര്‍, ഒ ആര്‍ കേളു എംഎല്‍എ, ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ടി ഉഷാകുമാരി, ജില്ല കലക്ടര്‍ എസ് സുഹാസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സാരഥികള്‍, വിവിധ വകുപ്പ് മേധാവികള്‍, തുടങ്ങിയവര്‍ സംബന്ധിക്കും. വയനാടിന്റെ പാരിസ്ഥിതിക ആവാസ വ്യവസ്ഥ രൂപപ്പെടുത്തുന്നതിലും നിലനിര്‍ത്തുന്നതിലും കബനി നദിയാണ് ഏറ്റവും കൂടുതല്‍സ്വാധീനം ചെലുത്തുന്നത്. ജില്ലയിലെ 76 ശതമാനം പ്രദേശത്തും നീരൊഴുക്കുള്ള കബനിയുടേയും പോഷകനദികളുടേയും കൈവഴികളുടേയും നീര്‍ച്ചാല്‍ ശൃംഖലയിലുണ്ടായ ശോഷണമാണ് വയനാടിന്റെ വരള്‍ച്ചക്ക് നിദാനം.ഭൂ വിനിയോഗത്തില്‍ വന്ന മാറ്റവും മാലിന്യ പ്രശ്‌നങ്ങളും ഭാവി ആശങ്കാകുലമാക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന ജില്ലയില്‍ വര്‍ഷം തോറും മഴ കുറഞ്ഞുവരുന്നു.കഴിഞ്ഞ വര്‍ഷം 59 ശതമാനവും ഇത്തവണ 37 ശതമാനവും മഴ കുറവാണുണ്ടായത്. ലഭിക്കുന്ന വെള്ളംതന്നെ സംഭരിക്കാനോ സംരക്ഷിക്കാനോ മതിയായ പദ്ധതികളില്ല.കാവേരി നദിജല തര്‍ക്ക ട്രിബ്യൂണല്‍ സംസ്ഥാനത്തിന് അനുവദിച്ച 30 ടിഎംസിയില്‍ 21 ടിഎംസിയും വയനാട്ടിലെ കബനി നദീതടത്തിലാണ്. രണ്ട് വന്‍കിട പദ്ധതികളും നിരവധി ചെറുകിട പദ്ധതികളും ഉണ്ടെങ്കിലും ആറ് ടിഎംസിയില്‍ കുറവ് വെള്ളം മാത്രമാണ് നാം ഉപയോഗപ്പെടുത്തുന്നത്്. ഈ സാഹചര്യത്തിലാണ് കബനിനദീതട പരിസ്ഥിതി പു:നസ്ഥാപന ജല സംരക്ഷണ പദ്ധതിയുടെ ഭാഗമായി ‘നീരറിവ് നേരറിവ്’ എന്ന സമഗ്ര ജലസംരക്ഷണ പദ്ധതിക്ക് രൂപം നല്‍കിയത്.

ജലസമ്മേളനത്തില്‍ കബനി നദിജലത്തെക്കുറിച്ചുള്ള സമഗ്ര പഠനം ജില്ലാ മണ്ണുസംരക്ഷണ ഓഫിസര്‍ പി യു ദാസ് അവതരിപ്പിക്കും.തുടര്‍ന്ന് റിപോര്‍ട്ടിനെ കുറിച്ച് ചര്‍ച്ച നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ‘ജല ആശയ കൂട്ടായ്മ’ എന്ന സംവാദത്തില്‍ജല ലഭ്യത, വിനിയോഗം, സാധ്യത, സംരക്ഷണപദ്ധതികള്‍ എന്നിവ ചര്‍ച്ച ചെയ്യും. കബനി പദ്ധതി അസി. ഡയരക്ടര്‍ എസ് അരുണ്‍കുമാര്‍ മോഡറ്റേറാകും. കബനിനദി സംരക്ഷണത്തിനായി വിവിധ പഞ്ചായത്തുകള്‍ അവരുടെ പദ്ധതി വിഹിതം ചടങ്ങില്‍ പ്രഖ്യാപിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here