യു എ ഇ നാല്‍പത്തിയാറിന്റെ നിറവിലേക്ക്; അല്‍ ഐന്‍ അണിഞ്ഞൊരുങ്ങുന്നു

Posted on: November 14, 2017 8:27 pm | Last updated: November 14, 2017 at 8:27 pm

അല്‍ ഐന്‍: ഐക്യ അറബ് എമിറേറ്റിന്റെ നാല്‍പ്പത്തിയാറാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഗ്രാമ നഗര പ്രദേശങ്ങള്‍ ഉത്സവഛായയിലേക്ക്. പ്രധാന പാതയോരങ്ങളെല്ലാം വര്‍ണ വിളക്കുകള്‍ കൊണ്ടും തോരണങ്ങള്‍ കൊണ്ടും വ്യത്യസ്തമായ രൂപങ്ങള്‍ കൊണ്ടും വൈവിധ്യമാര്‍ന്ന രീതിയില്‍ അലങ്കരിക്കുന്നുണ്ട്.
പ്രധാന പാതയോരങ്ങളുടെ ഇരുവശങ്ങളിലും മിന്നിത്തിളങ്ങുന്ന വെളിച്ചത്തില്‍ തീര്‍ത്ത കമാനങ്ങളും അര്‍ധ കമാനങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ദൃശ്യചാരുത നിറഞ്ഞ ചെറിയ വെളിച്ചങ്ങളില്‍ തീര്‍ത്ത തോരണങ്ങളും രാജ്യത്തിന്റെ ചതുര്‍വര്‍ണ പതാകയുടെ നിറങ്ങളില്‍ തീര്‍ത്ത കാഴ്ചകളും, വിളിപ്പാടകലെ എത്തി നില്‍ക്കുന്ന ദേശീയ ദിനാഘോഷത്തെ പ്രൗഢമാക്കും.

രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായ സൈനികരെ അനുസ്മരിക്കുന്ന കട്ടൗട്ടുകളും പോര്‍വിമാനങ്ങളുടെ രൂപങ്ങളും ‘യൗമു ശഹീദ്’ എന്ന ആലേഖനങ്ങളും രാജ്യത്തിന്റെ ദേശീയദിനാഘോഷത്തെയും വരാനിരിക്കുന്ന രക്തസാക്ഷി ദിനത്തെയും ധീര രക്തസാക്ഷികളുടെ ഓര്‍മകളെയും അരക്കിട്ടുറപ്പിക്കുന്ന വിധത്തിലാണ്. ഒരോ റൗണ്ട് എബൗട്ടുകളും വ്യത്യസ്തമായ ആശയങ്ങളെ ജനിപ്പിക്കുന്ന രൂപകല്‍പനകളും ആകൃതികളുമായിട്ടാണ് അലങ്കരിച്ചിരിക്കുന്നത്.

‘സ്പിരിറ്റ് ഓഫ് യൂണിയന്‍’ എന്ന ആശയത്തില്‍ വൈവിധ്യവും വ്യത്യസ്തവും ആകര്‍ഷണീയവുമായ രീതിയില്‍ നാല്‍പ്പത്തിയാറാം ദേശീയദിനം സമുചിതമായി തന്നെ കൊണ്ടാടാനുള്ള യു എ ഇയുടെ ശ്രമങ്ങളാണ് അല്‍ ഐന്‍ നഗര സഭയുടെ ഒരോ ഇടങ്ങളിലും പ്രകടമാവുന്നത്. ദേശീയ ദിനത്തിന്റെ ഭാഗമായുള്ള പതാക ദിനത്തില്‍ ഉയര്‍ത്തിയ ചതുര്‍വര്‍ണ പതാക എങ്ങും പാറിപ്പറക്കുന്ന കാഴ്ചയും പ്രകടമാണ്. കട കമ്പോളത്തില്‍ ചതുര്‍വര്‍ണ വസ്ത്രങ്ങളും തൊപ്പികളും ഷാളുകളും മറ്റും വില്‍പ്പനക്കെത്തിക്കഴിഞ്ഞു.
രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ ജന്മ നഗരവും യു എ ഇ യുടെ കാര്‍ഷിക നഗരിയും സ്വദേശി ജനസംഖ്യയില്‍ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് മുന്നില്‍ നില്‍ക്കുന്നതുമായ അല്‍ ഐന്‍ ദേശീയ ദിനാഘോഷത്തെ വരവേല്‍ക്കാനും വ്യത്യസ്ഥമാക്കാനുമുള്ള തീവ്രമായ ശ്രമങ്ങളാണ് എങ്ങും.

വരുംനാളുകളില്‍ ദേശീയ ദിനാഘോഷത്തിന്റെ മാറ്റൊലികള്‍ തീര്‍ക്കുന്ന വര്‍ണക്കാഴ്ചകളും വൈവിധ്യങ്ങളും സ്വദേശികള്‍ക്കൊപ്പം വിദേശികളും വരവേല്‍ക്കുവാനും ആഘോഷപൂര്‍ണമാക്കാനുള്ള തിരക്കിലാണ്.